'തിഹാർ ജയിൽ രഹസ്യങ്ങൾ പറയുന്ന 'ബ്ലാക്ക് വാറണ്ട്' എത്തുന്നു, പ്രിസൺ ഡ്രാമ സീരീസുമായി വിക്രമാദിത്യ മോട്‌വാനി

'തിഹാർ ജയിൽ രഹസ്യങ്ങൾ പറയുന്ന 'ബ്ലാക്ക് വാറണ്ട്' എത്തുന്നു, പ്രിസൺ ഡ്രാമ സീരീസുമായി വിക്രമാദിത്യ മോട്‌വാനി
Published on

തിഹാർ ജയിലിലെ സംഭവകഥകൾ പ്രമേയമാക്കി വിക്രമാദിത്യ മോട്‌വാനി സംവിധാനം ചെയ്യുന്ന 'ബ്ലാക്ക് വാറണ്ട്' നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ ആയ തിഹാർ ജയിലിൽ നടന്ന യഥാർത്ഥ സംഭവങ്ങളാണ് വെബ് സീരീസിലൂടെ പ്രേക്ഷകരിലെത്തുന്നത്. ജനുവരി 10 നാണ് വെബ് സീരീസിന്റെ നെറ്റ്ഫ്ലിക്സ് റിലീസ്. സേക്രഡ് ​ഗെയിംസ്, CTRL എന്നിവയുടെ വൻ വിജയത്തിന് പിന്നാലെ മോട് വാനിയുടെ സംവിധാനത്തിൽ പ്രേക്ഷകരിലെത്തുന്ന സീരീസ് കൂടിയാണ് ബ്ലാക്ക് വാറണ്ട്.

മലയാളി മാധ്യമ പ്രവർത്തകൻ ജോസി ജോസഫാണ് സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കോൺഫ്ളുവൻസ് മീഡിയയും വിക്രമാദിത്യ മോട്വാനിയുടെ ആന്ദോളൻ പ്രൊഡക്ഷൻസും ചേർന്നാണ് ബ്ലാക്ക് വാറണ്ട് നിർമ്മിച്ചിരിക്കുന്നത്. അപ്ലോസ് എന്റർടെയിൻമെന്റാണ് അവതരിപ്പിക്കുന്നത്. സുനിൽ ​ഗുപ്തയും സുനേത്ര ചൗധരിയും രചിച്ച ബ്ലാക്ക് വാറണ്ട് - കൺഫെഷൻസ് ഓഫ് തിഹാർ ജയിലർ എന്ന പുസ്തകത്തിന്റെ ദൃശ്യാഖ്യാനമാണ് ബ്ലാക്ക് വാറണ്ട്. 1980കളുടെ പശ്ചാത്തലത്തിൽ തിഹാറിലെ ജയിലർ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും യഥാർത്ഥ സംഭവങ്ങളുമാണ് ബ്ലാക്ക് വാറണ്ടിന് ആധാരം.

ഇതിഹാസ നടൻ ശശി കപൂറിന്റെ കൊച്ചുമകൻ സഹാൻ കപൂറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിഹാർ ജയിലിൽ ജോലി ചെയ്യാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സീരീസിന്റെ പശ്ച്ചാത്തലം. പുതിയതായി ജോലി ചെയ്യാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് സഹാൻ കപൂർ സീരീസിലുള്ളത്. ദുരൂഹത നിറഞ്ഞ സീരീസിന്റെ ട്രെയ്‌ലർ കൗതുകം ജനിപ്പിക്കുന്നുണ്ട്.

"ജീവസ്സുറ്റ രചനകളിലൊന്നാണ് ബ്ലാക്ക് വാറണ്ട് എന്ന പുസ്തകം, തീവ്രമായ യാഥാർത്ഥ്യങ്ങളാണ് സീരീസിലുള്ളത്. കോൺഫ്ളുവൻസ് മീഡിയ, അപ്ലോസ്, നെറ്റ്ഫ്ളിക്സ് എന്നിവരുമായി ചേർന്നുള്ള ഈ സീരീസ് അവിശ്വസനീയ അനുഭവങ്ങളിലൊന്നായിരുന്നു"- എന്നാണ് വിക്രമാദിത്യ മോട്‌വാനി നേരത്തെ സീരീസിനെക്കുറിച്ച് പറഞ്ഞത്. നെറ്റ്ഫ്ളിക്സിലെ ഇന്ത്യയിലെ ആദ്യ സീരീസും ഏറ്റവും വിജയകരമായ സീരീസുകളിലൊന്നുമായ സേക്രഡ് ​ഗെയിംസ് ഒരുക്കിയതും വിക്രമാദിത്യ മോട്‌വാനി ആയിരുന്നു. ജയിലനുഭവങ്ങൾ പ്രമേയമാകുന്ന ഇന്ത്യയിലെ ആദ്യത്തെ വെബ് സീരീസ് കൂടിയാണ് ബ്ലാക്ക് വാറണ്ട്. കൊടും കുറ്റവാളികളെ കൊണ്ട് നിറഞ്ഞ ജയിൽ എന്ന പേര് പണ്ടുമുതൽക്കേ ലഭിച്ചിട്ടുള്ള തിഹാർ ജയിലിലെ കഥകൾ സ്‌ക്രീനിലെത്തുന്നു എന്നതും ബ്ലാക്ക് വാറണ്ട് സീരീസിന് കൗതുകം കൂട്ടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in