
കഴിഞ്ഞ ഒരു മാസം പുറത്തുവന്ന സിനിമകളുടെ കളക്ഷൻ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന. വലിയ മുതൽ മുടക്കിലെത്തുന്ന ചിത്രങ്ങൾ തിയറ്ററിൽ ഷെയർ നേടാതെ പോകുമ്പോൾ പ്രതിസന്ധിയിലാകുന്നത് ചൂണ്ടിക്കാട്ടി ജൂൺ 1 മുതൽ സിനിമ നിർത്തിവയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് നിർമാതാക്കൾ. കഴിഞ്ഞ ഒരു മാസം റിലീസായത് 28 ചിത്രങ്ങളാണ്. ഇതിൽ ഒരു സിനിമയ്ക്ക് മാത്രമാണ് സാമ്പത്തിക ലാഭമുണ്ടാക്കാനായത്. മറ്റു സിനിമകൾ മുതൽ മുടക്ക് തിരിച്ചു പിടിക്കാതെ തകർന്നടിയുന്ന കണക്കുകളാണ് നിർമാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. താരങ്ങൾ പ്രതിഫലം ഉയർത്തുന്നതും സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അവജ്ഞയുമാണ് നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നങ്ങൾ. നിർമാതാക്കളുടെ സംഘടനയും ഫെഫ്കയും വിതരണക്കാരുടെ സംഘടനയും സംയുക്തമായി നടത്തിയ യോഗത്തിനൊടുവിലാണ് തീരുമാനം. ജൂൺ 1 നു മുൻപ് സൂചന പണിമുടക്ക് നടത്തുമെന്നും അതിന്റെ ദിവസങ്ങൾ പിന്നീട് അറിയിക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ വാർത്താ സംമ്മേളനത്തിൽ അറിയിച്ചു.
ജി സുരേഷ് കുമാർ പറഞ്ഞത്:
മലയാള സിനിമ വലിയ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവർഷം റിലീസായ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 200 സിനിമകൾ റിലീസായതിൽ 24 സിനിമകളാണ് വിജയമായത്. വിജയ ശതമാനം എന്ന് പറയുന്നത് 12% മാത്രമാണ്. കുറെ വർഷങ്ങൾക്ക് ശേഷമാണ് 10 ശതമാനത്തിൽ നിന്ന് 12 ശതമാനത്തിലേക്ക് വളർച്ചയുണ്ടായിട്ടുള്ളത്. 176 ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നടിയുകയായിരുന്നു. അന്നുണ്ടായ നഷ്ടത്തെക്കുറിച്ച് പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടിരുന്നു. 650 - 700 കോടി രൂപയാണ് ഇൻഡസ്ട്രിക്ക് നഷ്ടമുണ്ടായിരിക്കുന്നത്. പല നിർമാതാക്കളും ഇവിടെ നിന്ന് നാടുവിട്ട് പോകേണ്ട ഗതികേടിലാണ്.
ഈ വർഷം ഓരോ മാസത്തേയും കണക്കുകൾ എടുത്ത് പരിശോധിക്കാൻ ഞങ്ങൾ തുടങ്ങി. 28 സിനിമകൾ റിലീസായതിൽ ഒരു ചിത്രം മാത്രമാണ് വിജയമായത്. 'രേഖാചിത്ര'മാണ് ആ സിനിമ. രണ്ട് സിനിമകൾ തരക്കേടില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ കണക്കുകൾ വരും ദിവസങ്ങളിലെ പുറത്തുവരൂ. ഇൻഡസ്ട്രി തകർന്നടിഞ്ഞിരിക്കുകയാണ്. ഒരു രീതിയിലും നിർമാതാവിന് സിനിമയെടുക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പ്രൊഡക്ഷൻ കോസ്റ്റ് ക്രമാധീതമായി വർധിച്ചു. അഭിനേതാക്കളുടെ പ്രതിഫലം നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത നിലയിലേക്കാണ് പോകുന്നത്. ഏറ്റവും വലിയ പ്രശ്നവും അത് തന്നെയാണ്. ഇവർ വാങ്ങുന്ന പ്രതിഫലം ഒരു മലയാള സിനിമയ്ക്ക് ആലോചിക്കാൻ കഴിയുന്നതിലും പത്തിരട്ടിയാണ്. അവർക്കൊന്നും ഈ ഇൻഡസ്ട്രിയോട് ഒരു തരത്തിലുള്ള ഉത്തരവാദിത്തവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അമിതമായ പ്രതിഫലമാണ് ഇവർ വാങ്ങിക്കൊണ്ടിരിക്കുന്നത്. പ്രതിഫലം കുറയ്ക്കാതെ മുന്നോട്ട് പോകാനാവില്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ മലയാളം ഇൻഡസ്ട്രി തകർന്നു തരിപ്പണമായി കിടക്കുന്ന അവസ്ഥയാണുള്ളത്.
അസോസിയേഷനിൽ ഒരു മാസം 25 ഉം 30 ഉം പ്രൊജക്റ്റ് വന്നുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ചും ആറും പ്രൊജക്റ്റ് ആണ് വന്നുകൊണ്ടിരുന്നത്. നമ്മളുടെ പല ടെക്‌നീഷ്യൻസും വീട്ടിൽ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന അവസ്ഥയാണ്. 60 % ടെക്‌നീഷ്യൻസിന് ജോലി ഇല്ലാത്ത അവസ്ഥ വന്നിരിക്കുകയാണ്. ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് യാതൊരു വിധ സഹകരണവും നമുക്ക് കിട്ടിയിട്ടില്ല. ടാക്സ് കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെയും കുറച്ചിട്ടില്ല. നാളത്തെ ബഡ്ജറ്റിലും ഞങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ല. എന്റർടൈൻമെന്റ് ടാക്‌സിനൊപ്പം ജിഎസ്ടിയും ചേർത്താണ് നികുതി വരുന്നത്. നൂറ് രൂപ കളക്ട് ചെയ്താൽ 30 രൂപ ഗവൺമെന്റിന് പോകും. ഇത്ര പൈസ കിട്ടിയിട്ടും ഇൻഡസ്ട്രിക്ക് വേണ്ടി യാതൊരു വിധ സഹായവും ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.
ഇങ്ങനെ പോയാൽ അധികം കാലം പിടിച്ച് നിൽക്കില്ല. ഓ ടി ടി പടങ്ങൾ വാങ്ങിക്കുന്നില്ല. തിയറ്ററിൽ വിജയകരമായി ഓടുന്ന സിനിമകൾ ഒടിടി പറയുന്ന വിലയ്ക്ക് കൊടുക്കാൻ നിർമാതാക്കൾ നിർബന്ധിതരാകുന്നു. ആ പൈസ 6 മാസം കൊണ്ടും 10 മാസം കൊണ്ടും ആയിരിക്കും ലഭിക്കുന്നത്. ഫൈനാൻസ് വാങ്ങിയ നിർമാതാക്കൾക്ക് ഒടിടിക്കാരുടെ പൈസ വാങ്ങി സെറ്റിൽ ചെയ്യാൻ സാധിക്കുന്നില്ല. തിയറ്റർ രംഗവും ആകെ തകർന്നിരിക്കുകയാണ്. ഇലക്ട്രിസിറ്റി ചാർജുകൾ കൂട്ടികൊണ്ട് ഇരിക്കുകയാണ്. ആകെ കൂടെ 750 സ്റ്റേഷനുകളാണ് കേരളത്തിൽ ഉള്ളത്. അവിടെ പ്രത്യേക താരിഫ് ഏർപ്പാടാക്കി കൊടുക്കാവുന്ന കാര്യമേ ഉള്ളൂ. പക്ഷെ അതൊന്നും സർക്കാർ ചെയ്യുന്നില്ല. അപ്പോൾ പിന്നെ ഞങ്ങൾ എന്ത് ചെയ്യാനാണ് ? ഒരു രീതിയിലും മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയായതുകൊണ്ട് ഞങ്ങൾ സംയുക്തമായി എടുത്ത തീരുമാനമാണ് ഇത്. ഇങ്ങനെ സിനിമ മുന്നോട്ട് പോകാൻ ആണെങ്കിൽ അധികം കാലം പിടിച്ച് നിൽക്കാൻ കഴിയില്ല. അതിനാൽ ജൂൺ 1 മുതൽ ഞങ്ങൾ സിനിമ നിർത്തി വയ്ക്കുന്നു. സിനിമ നിർമ്മാണം മുതൽ പ്രദർശനം വരെയുള്ള എല്ലാം നിർത്തിവെച്ചുകൊണ്ടാണ് ഈ സമരം.
ഇത് ചെയ്യാതെ വേറെ നിവർത്തിയില്ല, കാരണം ഒരു സിനിമ നിർമ്മിക്കുമ്പോൾ നഷ്ടം മുഴുവൻ പ്രൊഡ്യൂസർക്കാണ്. വേറെ ആർക്കും ഇവിടെ നഷ്ടമില്ല. ഇവിടെ ചില അഭിനേതാക്കൾ വാങ്ങുന്നത് കോടിക്കണക്കിന് രൂപയുടെ പ്രതിഫലമാണ്. മുന്തിയ ടെക്‌നീഷ്യൻസ് വാങ്ങുന്നതും കോടിക്കണക്കിന് രൂപയാണ്. പുതിയതായി വന്ന സംവിധായകരും ടെക്‌നീഷ്യൻസുമുണ്ട്. അവരെല്ലാം വാങ്ങുന്നത് ഒരു കോടിയും രണ്ട് കോടിയുമൊക്കെയാണ്. കാലാകാലങ്ങളായി മലയാള സിനിമയിൽ കത്തി ജ്വലിച്ചു നിൽക്കുന്ന സംവിധായകരും അഭിനേതാക്കളും പോലും വാങ്ങാത്ത പ്രതിഫലമാണ് രണ്ട് സിനിമ ചെയ്തവർ വാങ്ങുന്നത്. ഇതൊന്നും സഹിക്കാൻ വയ്യാത്ത കാര്യമായി മാറിയിരിക്കുകയാണ്. സിനിമ എടുക്കാൻ നിവർത്തിയില്ലാത്ത അവസ്ഥയാണ്. സഹായം ചോദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഒരു നിർമാതാവിന്റെ കത്ത് ലഭിക്കുകയുണ്ടായി. വീടും കാറും വിറ്റ് സിനിമയെടുത്ത നിർമാതാവ് ഇപ്പോൾ വിറകുപുരയിലാണ് താമസിക്കുന്നത്. ആ ഗതിയിലേക്കാണ് സിനിമ ഇൻഡസ്ട്രിയെ കൊണ്ടെത്തിച്ചിരിക്കുന്നത്. അതുകൊണ്ടൊക്കെ ഞങ്ങൾ നിർത്തുകയാണ്. അതിന് മുൻപായി ഒരു സൂചന പണിമുടക്ക് നടത്തും. അതിന്റെ ദിവസം ഞങ്ങൾ തീരുമാനിച്ചിട്ടില്ല. സെക്രട്ടറിയേറ്റിന് മുൻപിൽ ഒരു പ്രതിഷേധ പ്രകടനവും നടത്തുന്നുണ്ട്. എല്ലാ നിർമാതാക്കളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സർക്കാർ ഈ വിഷയം പരിഗണനയിൽ കൊണ്ടുവരണം.
താരസംഘടനയുമായി ഇതുവരെ ആശയവിനിമയം നടത്തിയിട്ടില്ല. കാരണം താര സംഘടനയിൽ ഇപ്പോൾ ഭാരവാഹികൾ ഒന്നുമില്ലല്ലോ. ഇതിന് മുൻപ് സംസാരിക്കുമ്പോഴും എല്ലാം ശരിയാക്കാം എന്ന് പറയുന്നതല്ലാതെ പിന്നീട് കാണേണ്ടി വരുന്നത് അവരുടെ തോന്ന്യാസമാണ്. നടൻമാർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ പ്രൊഡക്ഷനും നിർത്തിവെയ്‌ക്കേണ്ടി വരും. അല്ലെങ്കിൽ തിയറ്റർ ഉടമകൾ അത് പ്രദർശിപ്പിക്കില്ല. നിർമ്മാതാക്കളുടെ സംഘടനയിൽ അംഗത്വമുള്ള നടനായാലും ഇത് ബാധകമായിരിക്കും.
പ്രൊഡക്ഷൻ കോസ്റ്റ് എന്നത് റോക്കറ്റ് പോലെ കുതിക്കുകയാണ്. 50 ദിവസം കൊണ്ട് തീർക്കേണ്ട സിനിമ 150 ദിവസം വരെ ഷൂട്ടിംഗ് നീളുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. എല്ലാവർക്കും വലിയ ചിത്രങ്ങൾ മതി. എന്നിട്ട് അത് ഒരു പ്രൊഡ്യൂസറുടെ തലയിൽ വെയ്ക്കും. അങ്ങനെ ഒരവസ്ഥ ഇനി ഉണ്ടാകരുത്. ന്യായമായ ഒരു ഹൈക്ക് സമ്മതിച്ചു കൊടുക്കാൻ കഴിയും. കൊവിഡിന് മുൻപ് പ്രൊഡക്ഷൻ കോസ്റ്റ് തീരുമാനിക്കാൻ ഒരു രീതി ഉണ്ടായിരുന്നു. അതിലേക്ക് അവർ പോകട്ടെ. ഓരോരുത്തരും മേടിക്കുന്ന പ്രതിഫലം ഓരോന്നായി പറയേണ്ട കാര്യമില്ല. എല്ലാവരും വാങ്ങുന്നത് കൂടുതലാണ്. അവർ വാങ്ങുന്ന പൈസയെങ്കിലും തിയറ്ററിൽ നിന്ന് കളക്ട് ചെയ്യുന്നുണ്ടോ? അതിന്റെ പത്തിലൊന്ന് കളക്ട് ചെയ്യുന്നില്ലല്ലോ. 100% നേട്ടം താരങ്ങൾക്കും മുതിർന്ന ടെക്‌നീഷ്യൻസിനുമാണ്. പടം തുടങ്ങി വെച്ച നിർമാതാക്കൾക്ക് വേണ്ടിയാണ് 6 മാസം സമയം കൊടുക്കുന്നുന്നത്. അതിന് ശേഷവും താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമ നിർത്തും. ഇനി മുതൽ എല്ലാ മാസവും കളക്‌ഷൻ വെളിയിൽ വിടാൻ പോകുകയാണ്. 'വെള്ളിത്തിര' എന്നൊരു യു ട്യൂബ് ചാനലും വരുന്നുണ്ട്. അതിലൂടെ കളക്ഷൻ പുറത്തുവിടും. ഓരോ സിനിമയുടെ കളക്ഷനും പുറത്തുവിടും.
100 കോടി ഷെയർ വന്ന ഒരു സിനിമ കാണിച്ചുതരാൻ ഇവിടത്തെ ആർട്ടിസ്റ്റുകളെ ഞാൻ വെല്ലുവിളിക്കും. ഞങ്ങൾ ഷെയറാണ് പരിഗണിക്കുന്നത്. 100 കോടി കളക്ഷൻ വന്നുവെന്ന് നിർമാതാക്കളെ നിർബന്ധപൂർവം പറയിപ്പിക്കുന്നതാണ്. താരങ്ങൾ തന്നെയാണ് പറയിപ്പിക്കുന്നത്. അല്ലാതെ ഒരു നിർമാതാവും അത് അവകാശപ്പെടുന്നില്ല. ഗതികേട് അവർക്ക് മാത്രമേ അറിയൂ. താര സംഘടനയിൽ ഉള്ളവർ ചർച്ചയ്ക്ക് വന്നു പോകുന്നു എന്നുള്ളതല്ലാതെ ഒരു കാര്യവും അവർ ഇതിനായി ചെയ്യുന്നില്ല. താര സംഘടനയുമായുള്ള ഇനിയും സംസാരിക്കുന്നതിൽ ഞങ്ങൾക്ക് കുഴപ്പമില്ല. കോവിഡിന് ശേഷം ഒടിടി വന്നതോടുകൂടിയാണ് താരങ്ങൾ ഇത്രയധികം പ്രതിഫലം കൂട്ടിയത്. നിർമ്മാതാവിന് 100 കോടി കൊടുത്ത ഒരു മലയാള സിനിമ പോലും ഉണ്ടായിട്ടില്ല. താരങ്ങൾ പ്രതിഫലം കൂടാതെ ഓവർസീസ് റൈറ്റ് കൂടെ പിടിച്ചു വാങ്ങുന്നുണ്ട്.
ജനുവരിയിൽ റിലീസായ ചിത്രങ്ങളുടെ പേരും സിനിമയുടെ ബഡ്ജറ്റും തിയറ്ററുകളിളെ ഷെയറും ചുവടെ ചേർക്കുന്നു
1. കമ്യുണിസ്‌റ്റ് പച്ച, ബജറ്റ്: 2 കോടി, ഷെയർ: 1.25 ലക്ഷം
2. ഐഡി ദ് ഫേക്ക്, ബജറ്റ്: 2.47 കോടി, ഷെയർ: 1.5 ലക്ഷം
3. ഐഡന്റിറ്റി, ബജറ്റ്: 30 കോടി, ഷെയർ: 3.5 കോടി
4. ദ് മലബാർ ടെയ്ൽസ്, ബജറ്റ്: 50 ലക്ഷം, ഷെയർ: 2.5 ലക്ഷം
5. ഒരുമ്പെട്ടവൻ, ബജറ്റ്: 2.5 കോടി, ഷെയർ: 3 ലക്ഷം
6. രേഖാചിത്രം, ബജറ്റ്: 8.56 കോടി, ഷെയർ: 12.5 കോടി
7. എന്ന് സ്വന്തം പുണ്യാളൻ, ബജറ്റ്: 8.7 കോടി, ഷെയർ: 1.2 കോടി
8. പ്രാവിൻകൂട് ഷാപ്പ്, ബജറ്റ്: 18 കോടി, ഷെയർ: 4 കോടി
9. ആദച്ചായി, ബജറ്റ്: 50 ലക്ഷം, ഷെയർ: ലഭ്യമല്ല
10. ഓഫ് റോഡ്. ബജറ്റ്: 1 കോടി, ഷെയർ: 63,000
11. 1098, ബജറ്റ്: 40 ലക്ഷം, ഷെയർ: ലഭ്യമല്ല
12. ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്, ബജറ്റ്: 19 കോടി, ഷെയർ: 4.25 കോടി
13. അം അഃ, ബജറ്റ്: 3 കോടി 50 ലക്ഷം, ഷെയർ: 30 ലക്ഷം
14. അൻപോട് കൺമണി, ബജറ്റ്: 3 കോടി, ഷെയർ: 25 ലക്ഷം
15. അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി, ബജറ്റ്: 45 ലക്ഷം, ഷെയർ: 1.5 ലക്ഷം
16. ബെസ്റ്റി, ബജറ്റ്: 4.81 കോടി, ഷെയർ: 20 ലക്ഷം
17. പൊൻമാൻ, ബജറ്റ്: 8.9 കോടി, ഷെയർ: 2.5 കോടി
18. ഒരു ജാതി ജാതകം, ബജറ്റ്: 5 കോടി, ഷെയർ: 1.5 കോടി
19. എന്റെ പ്രിയതമന്, ബജറ്റ്: 2.5 കോടി, ഷെയർ: ലഭ്യമല്ല
20. സീക്രട്ട് ഓഫ് വുമൻ, ബജറ്റ്: 60 ലക്ഷം, ഷെയർ: 2 ലക്ഷം
21. 4 സീസൺസ്, ബജറ്റ്: 2.5 കോടി, ഷെയർ: പതിനായിരം രൂപ
22. ഒരു കഥ ഒരു നല്ല കഥ, ബജറ്റ്: ഒരു കോടി, ഷെയർ: ഒരു ലക്ഷം
23. പറന്നു പറന്നു പറന്നു ചെല്ലാൻ, ബജറ്റ്: 3 കോടി, ഷെയർ: 3.5 ലക്ഷം
24. ദേശക്കാരൻ, ബജറ്റ്: 90 ലക്ഷം ഷെയർ: 40,000
25. എമറാൾഡ്, ബജറ്റ്: 20 ലക്ഷം, ഷെയർ: 20,000
26. സൂപ്പർ ജിംനി, ബജറ്റ്: 2 കോടി, ഷെയർ: 15 ലക്ഷം
27. എൻ വഴി തനി വഴി, ബജറ്റ്: 1 ലക്ഷം, ഷെയർ: ലഭ്യമല്ല
28. മിസ്റ്റർ ബംഗാളി ദ് റിയൽ ഹീറോ, ബജറ്റും ഷെയർ വിവരങ്ങളും ലഭ്യമല്ല.