
നാലാഴ്ച കൊണ്ട് ഒരു സിനിമ നേടുന്ന കളക്ഷൻ ആണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ഒരാഴ്ച കൊണ്ട് നേടിയതെന്ന് ഫിയോക് ഭാരവാഹിയും തിയറ്ററുടമയുമായ സുരേഷ് ഷേണോയ് ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ. എമ്പുരാന്റെ സമയത്ത് മറ്റു റിലീസുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നതും കേരളത്തിലെ 700 സ്‌ക്രീനുകളിൽ 600 ൽ അധികം സ്‌ക്രീനുകളും എമ്പുരാനാണ് പ്രദർശിപ്പിച്ചത് എന്നതും സിനിമക്ക് വലിയ രീതിയിൽ ഗുണം ചെയ്തെന്നും ഷേണോയ്.
സുരേഷ് ഷേണോയ് ക്യു സ്റ്റുഡിയോയോട്
'മലയാളം സിനിമയിൽ ഒരു റെക്കോർഡ് ഉണ്ടാക്കാൻ എമ്പുരാന് സാധിച്ചു. ആദ്യ ആഴ്ചയിൽ തന്നെ നല്ല കളക്ഷൻ നേടി. നാലാഴ്ച കൊണ്ട് ഒരു സിനിമ നേടുന്ന കളക്ഷൻ ആണ് എമ്പുരാൻ ഒരാഴ്ച കൊണ്ട് നേടിയത്. കാരണം എമ്പുരാന്റെ സമയത്ത് മറ്റു റിലീസുകൾ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ കേരളത്തിലെ 700 സ്‌ക്രീനുകളിൽ 600 ൽ അധികം സ്‌ക്രീനുകളും എമ്പുരാനാണ് പ്രദർശിപ്പിച്ചത്.
ഗംഭീര ബുക്കിംഗ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായത് കൊണ്ട് തന്നെ സിനിമയ്ക്ക് നല്ല ഹൈപ്പ് ഉണ്ടായിരുന്നു. എമ്പുരാൻ വന്നതോടെ തിയേറ്ററിലേക്ക് ആളുകൾ തിരിച്ചു വന്നു. ഫെബ്രുവരിയും മാർച്ചും മോശപ്പെട്ട മാസമായിരുന്നു മലയാള സിനിമയ്ക്ക്. അതുവെച്ച് നോക്കുമ്പോൾ ഓളം ഉണ്ടാക്കാൻ എമ്പുരാന് കഴിഞ്ഞിട്ടുണ്ട്'
വേൾഡ് വൈഡ് ബോക്‌സ് ഓഫീസിൽ 250 കോടി ഇൻഡസട്രി ഹിറ്റടിച്ചതിന് പിന്നാലെ പൃഥ്വിരാജ് സുകുമാരനോട് മാസ് ഡയലോഗടിച്ച് ആന്റണി പെരുമ്പാവൂർ. മാർച്ച് 27ന് റിലീസ് ചെയ്ത എമ്പുരാൻ 11 ദിവസം കൊണ്ടാണ് ഗ്ലോബൽ ഗ്രോസ് കളക്ഷനിൽ 250 കോടി നേടിയത്. എമ്പുരാൻ പോലൊരു ബിഗ് ബജറ്റ് ചിത്രം ചെയ്യുന്ന ഘട്ടത്തിൽ ഏത് പ്രതിസന്ധി വേളയിലും എല്ലാം ഓകെ അല്ലേ അണ്ണാ എന്ന് ആന്റണി പെരുമ്പാവൂർ ചോദിക്കുമായിരുന്നുവെന്ന് പൃഥ്വിരാജ് പലകുറി പറഞ്ഞിരുന്നു. എമ്പുരാൻ മുടക്കുമുതൽ എങ്ങനെ തിരിച്ചുപിടിക്കുമെന്ന് നിർമ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായ ജി.സുരേഷ് കുമാർ ചോദിച്ചതിന് രൂക്ഷവിമർശനമുയർത്തി ആന്റണി പെരുമ്പാവൂർ മറുപടി നൽകിയപ്പോഴും പൃഥ്വിരാജ് ഈ പോസ്റ്റ് പങ്കുവച്ചത് എല്ലാം ഓകെ അല്ലേ അണ്ണാ എന്ന കുറിപ്പിനൊപ്പമായിരുന്നു.
മാർച്ച് 26ന് കൊച്ചി ഹോളിഡേ ഇന്നിൽ നടന്ന എമ്പുരാന‍് പ്രസ് മീറ്റിനിടെ പൃഥ്വിരാജിന് ഉമ്മ നൽകുന്ന ചിത്രം പങ്കുവച്ചാണ്ആന്റണി പെരുമ്പാവൂർ 250 കോടി നേട്ടത്തിന്റെ ആഹ്ലാദം ഫേസ്ബുക്കിൽ കുറിച്ചത്.