
ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി കുറുക്കന്‍മൂലയുടെ അതിരുകള്‍ കടന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ മിന്നല്‍ മുരളിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജഡേജ മിന്നല്‍ മുരളിയിലെ 'തീ മിന്നല്‍' എന്ന ഗാനത്തിനൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് വൈറലാവുന്നത്. 'ഗെറ്റിങ്ങ് ബാക്ക് മിന്നല്‍ വേഗത്തില്‍' എന്ന ക്യാപ്ക്ഷനോടെയാണ് ജഡേജ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഒറിജിനല്‍ മിന്നല്‍ മുരളിയായ ടൊവിനോ തോമസും പോസ്റ്റിന് താഴെ കമന്റ് ചെയ്തു. ഇതോടെ മിന്നല്‍ മുരളി ആരാധകര്‍ വീഡിയോ ആഘോഷമാക്കിയിരിക്കുകയാണ്. ആരാധകരും വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്. കൂടാതെ സംവിധായകന്‍ ബേസില്‍ ജോസഫും വീഡിയോക്ക് താഴെ മിന്നല്‍ ഇമോജി കമന്റ് ചെയ്തിട്ടുണ്ട്. ബേസില്‍ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു.
നെറ്റ്ഫ്ലിക്സ് റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന് ഒപ്പം തന്നെ ഗുരു സോമസുന്ദരം അഭിനയിച്ച വില്ലനായ ഷിബുവിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് റിലീസിന് മുന്‍പ് ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന് ശേഷം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.
വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്‌ലിക്‌സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്‌ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.