അവാര്‍ഡ് നിര്‍ണ്ണയത്തില്‍ രഞ്ജിത് നിയമവിരുദ്ധമായി ഇടപെട്ടു; വിധി നിര്‍ണയത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

അവാര്‍ഡ് നിര്‍ണ്ണയത്തില്‍ രഞ്ജിത് നിയമവിരുദ്ധമായി ഇടപെട്ടു; വിധി നിര്‍ണയത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

2022 ലെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. 'ആകാശത്തിന് താഴെ' എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ബാലകൃഷ്ണന്‍, നേമം പുഷ്പരാജ് എന്നിവരെ എതിര്‍ സാക്ഷികളാക്കിയാണ് ഹര്‍ജി. പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹര്‍ജിയിലെ ആരോപണം.

സംവിധായകന്‍ വിനയന്‍ പുറത്ത് വിട്ട നേമം പുഷ്പരാജിന്റെ ഓഡിയോ സംഭാഷണം സ്വജനപക്ഷപാതം നടത്തിയെന്നതിന്റെ തെളിവായി ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നുണ്ട്. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. സംവിധായകന്‍ വിനയനാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ രഞ്ജിത്തിന്റെ ഇടപെടലുകളുണ്ടായി എന്ന ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. തന്റെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിനെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിന്നും ഒഴിവാക്കന്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഇടപെട്ടു എന്നതായിരുന്നു വിനയന്റെ ആരോപണം. ഇതിനെ തുടര്‍ന്ന് ജൂറിയെ സ്വാധീനിക്കാന്‍ രഞ്ജിത്ത് ശ്രമിച്ചു എന്ന് തെളിയിക്കുന്ന തരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദ രേഖയും വിനയന്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു.

എന്നാല്‍ വിനയന്റെ ആരോപണത്തിന് പിന്നാലെ രഞ്ജിതിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. മുഴുവന്‍ അര്‍ഹതപ്പെട്ടവര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നതെന്നും ഇതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഒരു റോളുമില്ലെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇങ്ങനെയുള്ള പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും വളരെ മാന്യനായ കേരളം കണ്ട ഏറ്റവും വലിയ ചലച്ചിത്ര രംഗത്തെ ഇതിഹാസമാണ് രഞ്ജിത്ത് എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in