ജോണി ചേട്ടൻ പറഞ്ഞുതന്ന ആ കാര്യങ്ങൾ അഭിനയത്തിൽ ഒരുപാട് സഹായിച്ചു: രഞ്ജിത്ത് സജീവ്

ജോണി ചേട്ടൻ പറഞ്ഞുതന്ന ആ കാര്യങ്ങൾ അഭിനയത്തിൽ ഒരുപാട് സഹായിച്ചു: രഞ്ജിത്ത് സജീവ്
Published on

മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. സിനിമയുടെ ചിത്രീകരണ സമയത്ത് പല സന്ദര്‍ഭങ്ങളിലും ജോണി ആന്റണി തന്റെ അഭിനയത്തെ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടൻ രഞ്ജിത്ത് സജീവ്. പല സീനുകളിലും ഏത് മീറ്റർ പിടിക്കണമെന്ന് ജോണി ആന്റണി കൃത്യമായി പറഞ്ഞു തരുമായിരുന്നു എന്നും രഞ്ജിത്ത് പറയുന്നു.

രഞ്ജിത്ത് സജീവിന്റെ വാക്കുകൾ

ഷൂട്ട് ചെയ്യുമ്പോൾ ഞാൻ ചില കാര്യങ്ങൾ കയ്യിൽ നിന്നിടും. ചിലപ്പോൾ അരുൺ സാറ്റിസ്ഫൈഡ് ആയിരിക്കും. ഇനി അഥവാ അല്ലെങ്കിൽ, നമുക്ക് വേറൊരു രീതിയിൽ ഇതിനെ പിടിച്ചാലോ എന്ന് ചോദിക്കും. ആ സമയത്തൊക്കെ ജോണി ചേട്ടൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കാരണം, അദ്ദേഹവുമായിട്ടായിരുന്നു എനിക്ക് കോമ്പിനേഷൻ സീനുകൾ കൂടുതൽ. ഉദാഹരണത്തിന്, ഞാൻ വളരെ പതുക്കെ സംസാരിക്കുന്ന ഒരാളാണ്. ചില ഡയലോ​ഗുകൾ ഡെലിവർ ചെയ്യുമ്പോൾ പതിയെയാണ് ഞാനത് ചെയ്തുകൊണ്ടിരുന്നത്. അപ്പോഴാണ് ജോണി ചേട്ടൻ പറയുന്നത്, ഇങ്ങനെ പറഞ്ഞാൽ ടേക്കിൽ ഓക്കെ ആയിരിക്കും, പക്ഷെ, ഡബ്ബിൽ പണി കിട്ടും എന്ന്. അങ്ങനെയാണ് ഞാനത് ശ്രദ്ധിച്ച് തുടങ്ങിയത്.

ചില ഇമോഷണൽ സീനുകൾ ചെയ്യുമ്പോൾ എന്റെ വേർഷൻ എനിക്ക് ഓക്കെ ആയി തോന്നും. ചിലപ്പോൾ പെർഫോമൻസിൽ അതായിരിക്കും നല്ലത്. പക്ഷെ, സ്ക്രീനിൽ കാണുമ്പോൾ എത്തരത്തിൽ വരണം, അതെങ്ങനെ മികച്ചതാകും എന്ന ടെക്നിക്കൽ ആക്ടിങ് ജോണി ചേട്ടനാണ് പറഞ്ഞു തന്നത്.

ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UK.OK). ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് 'യുണൈറ്റഡ് കിങ്‌ടം ഓഫ് കേരള' നിർമ്മിക്കുന്നത്. രഞ്ജിത്ത് സജീവനെ കൂടാതെ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു,സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പം സംവിധായകൻ അൽഫോൻസ് പുത്രനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in