'ഐഎഫ്എഫ്‌കെയില്‍ 'പത്തൊന്‍പതാം നൂറ്റാണ്ട്' പ്രദര്‍ശിപ്പിക്കാത്തതിന് പിന്നില്‍ രഞ്ജിത്തിന്റെ കുബുദ്ധി'; ആരോപണവുമായി വിനയന്‍

'ഐഎഫ്എഫ്‌കെയില്‍ 'പത്തൊന്‍പതാം നൂറ്റാണ്ട്' പ്രദര്‍ശിപ്പിക്കാത്തതിന് പിന്നില്‍ രഞ്ജിത്തിന്റെ കുബുദ്ധി'; ആരോപണവുമായി വിനയന്‍

27-ാമത് രാജ്യാന്ത്ര ചലചിത്ര മേളയില്‍ നിന്ന് 'പത്തൊന്‍പതാം നൂറ്റാണ്ടി'ന്റെ പ്രത്യേക പ്രദര്‍ശനം ഒഴിവാക്കിയതിന് പിന്നില്‍ ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ കുബുദ്ധിയെന്ന് സംവിധായകന്‍ വിനയന്‍. അനൗദ്യോഗിക ഷോ അനുവദിക്കാമെന്ന് സാസ്‌കാരിക മന്ത്രി നേരിട്ട് നിര്‍ദേശിച്ചിട്ടുപോലും പ്രദര്‍ശനം അനുവദിക്കാത്തത് രഞ്ജിത്തിന്റെ വാശിയായിരുന്നു. പഴയ ദേഷ്യമായിരിക്കാം ഈ നിലപാടിന് പിന്നിലെന്നും വലിയ സ്ഥാനത്തിരിക്കുന്നവര്‍ കൊച്ചുമനസോടെ പ്രവര്‍ത്തിക്കരുതെന്നും വിനയന്‍ വിമര്‍ശിച്ചു.

സിനിമയെ അഭിനന്ദിച്ചുകൊണ്ട് എഐവൈഎഫ് സംസ്ഥാന അധ്യക്ഷന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം. അതേസമയം, ജൂറി നിര്‍ദേശിക്കാത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാകില്ലെന്ന് ബയലോ ചൂണ്ടിക്കാട്ടി വിശദീകരിച്ച ചെയര്‍മാന്‍, സ്വന്തം ചിത്രമായ 'പലേരിമാണിക്യം' അന്തരിച്ച ടി പി രാജീവന്‍ എന്ന പ്രമുഖ സാഹിത്യകാരന്റെ ട്രിബ്യുട്ടായി കാണിച്ചതു പ്രശംസനീയമാണെന്നും വിനയന്‍ പരിഹസിച്ചു.

വിനയന്റെ വാക്കുകള്‍:

ആലപ്പുഴയിലെ ഒരു യോഗത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയെ മുക്തകണ്ഡം പ്രശംസിച്ച മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്, 'ഔദ്യോഗിക വിഭാഗത്തില്‍ ഇല്ലെങ്കില്‍ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും, മണ്‍ മറഞ്ഞ നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്നതുമായ ചരിത്ര സിനിമ എന്ന നിലയിലും, കലാമൂല്യത്തിലും ടെക്‌നിക്കലായും മികച്ച രീതിയില്‍ എടുത്ത സിനിമ എന്ന നിലയിലും ഐഎഫ്എഫ്‌കെയില്‍ ഒരു പ്രത്യേക പ്രദര്‍ശനം നടത്താന്‍ വേണ്ടത് ചെയ്യും' എന്നാണ്.

എന്നാല്‍ സാംസ്‌കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും ഐഎഫ്എഫ്‌കെയിലെ ഡെലിഗേറ്റ്‌സിനു വേണ്ടി 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന സിനിമയുടെ അനൗദ്യോഗിക ഷോ കളിക്കാന്‍ ബൈലോ അനുവദിക്കുന്നില്ല എന്നായിരുന്നു ചെയര്‍മാന്റെ വാശി. ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാന്‍ ചെയര്‍മാന്‍ കാണിച്ച കുബുദ്ധിയായിരുന്നു അത്. ഇത്തരം അനൗദ്യോഗിക പ്രദര്‍ശനങ്ങളൊക്കെ അക്കാദമിയുടെ കമ്മറ്റിക്ക് തീരുമാനിക്കാവുന്നതേയുള്ളു എന്നാണ് എന്റെ അറിവ്.

ജൂറി തെരഞ്ഞെടുക്കാത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാകില്ല എന്നാണ് രഞ്ജിത്ത് ഇതിന് വിശദീകരണമായി പറഞ്ഞത്. എന്നാല്‍ രഞ്ജിത്തിന്റെ 'പലേരിമാണിക്യം' എന്ന ചിത്രം ജൂറിയുടെ നിര്‍ദേശമില്ലാതെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചു. ഇതിന്റെ കാരണമന്വേഷിച്ചപ്പോള്‍ അന്തരിച്ച പ്രമുഖ സാഹിത്യകാരന്‍ ടി പി രാജീവന് ട്രിബ്യുട്ടായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത് എന്നാണ് മറുപടി ലഭിച്ചത്. അതു പോലെ തന്നെ ചരിത്രത്തിന്റെ ഏടുകള്‍ തമസ്‌കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കര്‍ക്ക് ട്രിബ്യൂട്ടായി 'പത്തൊന്‍പതാം നൂറ്റാണ്ട്' പ്രദര്‍ശിപ്പിക്കാമായിരുന്നു. പ്രത്യേകിച്ച് ഇത്തരം നവോത്ഥാന കഥകള്‍ പാടിപുകഴ്തുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത്..

വിനയനെ തമസ്‌കരിക്കാനും, സിനിമ ചെയ്യിക്കാതിരിക്കാനും ഒക്കെ മുന്‍കൈ എടുത്ത മനസ്സുകള്‍ക്ക് മാറ്റമുണ്ടായി എന്ന ചിന്തകള്‍ വൃഥാവിലാവുകയാണോ എന്നു ഞാന്‍ ഭയക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in