

ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ബോളിവുഡില്‍ ഒട്ടനവധി ബയോപ്പിക്കുകള്‍ നിര്‍മിക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യം കണ്ട് റിലീസ് ചെയ്ത മോദി ബയോപ്പിക്ക് 'പിഎം നരേന്ദ്ര മോദി', യഥാര്‍ത്ഥ വിഷയങ്ങള്‍ വളച്ചൊടിക്കുകയാണെന്ന വാദം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത 'കശ്മീര്‍ ഫയല്‍സ്' രാജ്യത്തെ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നു എന്ന വാദം ശക്തമായിരിക്കെയാണ് ബോളിവുഡില്‍ നിന്ന് മറ്റൊരു ബയോപ്പിക്കിന് കൂടിയുള്ള പ്രഖ്യാപനം. ആര്‍എസ്എസ് നേതാവ് സവര്‍ക്കറെയാണ് ഇത്തവണ ബോളിവുഡ് ഹീറോയാക്കാന്‍ ശ്രമിക്കുന്നത്. നടന്‍ രണ്‍ദീപ് ഹൂഡയാണ് സവര്‍ക്കറാവുന്നത്. 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' എന്നാണ് ബയോപിക്കിന്റെ പേര്. ഈ വര്‍ഷം ജൂണില്‍ ചിത്രീകരണം ആരംഭിക്കും.
ലണ്ടണ്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡ് എന്നിവടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ മറ്റൊരു തലമാണ് സിനിമയില്‍ കാണിക്കാന്‍ പോകുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മഹേഷ് വി മന്‍ജേക്കറാണ് സംവിധായകന്‍.
സവര്‍ക്കറായി അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നാണ് രണ്‍ദീപ് ഹൂഡ പറഞ്ഞത്. 'ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനായി പൊരുതിയ നിരവധി വീരപുരുഷന്‍മാരുണ്ട്. പക്ഷെ എല്ലാവര്‍ക്കും അതിന്റെ പ്രശംസ ലഭിച്ചിട്ടില്ല. വിനായക് ദാമോദര്‍ സവര്‍ക്കര്‍ അത്തരത്തില്‍ ഒരു വീര പുരുഷനാണ്. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടുകയും തര്‍ക്കം ഉണ്ടാവുകയും ചെയ്യുന്ന ഒരു മഹാനാണ് സവര്‍ക്കര്‍. അത്തരം വീരപുരുഷരുടെയും കഥകള്‍ പറയേണ്ടത് പ്രധാനമാണ്', എന്നാണ് രണ്‍ദീപ് പറഞ്ഞത്.
'അവഗണിക്കപ്പെട്ട കഥകള്‍ പറയാന്‍ കഴിയുന്ന ശരിയായ സമയമാണിത്. നമ്മുടെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം തന്നെയായിരിക്കും സ്വതന്ത്ര വീര്‍ സവര്‍ക്കര്‍.' എന്നാണ് സംവിധായകന്‍ അഭിപ്രായപ്പെട്ടത്. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്ങ്, സാം ഖാന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.