കാന്തയുടെ കഥ കേട്ടപ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് വന്നത് ദുൽഖർ സൽമാന്റെ മുഖമായിരുന്നുവെന്ന് നടൻ റാണ ദഗ്ഗുബാട്ടി. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കാന്ത. റാണ ദഗ്ഗുബാട്ടിയയുടെ സ്പിരിറ്റ് മീഡിയയും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് സിനിമാ നടൻ എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് കാന്ത. എന്തുകൊണ്ട് ചിത്രത്തിലേക്ക് ദുൽഖറിനെ കാസ്റ്റ് ചെയ്തു എന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവും നടനും കൂടിയായ റാണ ദഗ്ഗുബാട്ടി. ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
റാണ ദഗ്ഗുബാട്ടി പറഞ്ഞത്:
ഒരോ കഥയും അതിൽ അഭിനയിക്കേണ്ട അഭിനേതാവിനെ തീരുമാനിച്ചിട്ടുണ്ടാവും. ചില റോളുകള്‍ക്ക് ചില ആള്‍ക്കാരാണ് ഏറ്റവും ചേരുക. ഒരു നിർമാതാവ് എന്ന നിലയിൽ ഒരു കഥയ്ക്ക് ഏറ്റവും ചേരുന്ന അഭിനേതാവിനെ തിരഞ്ഞെടുക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. കഥ തന്നെയാണ് അതിന്റെ അഭിനേതാവിനെ തീരുമാനിക്കുന്നത്. കാന്തയുടെ കഥ കേൾക്കുമ്പോൾ എനിക്ക് അതിൽ ദുൽഖറിനെയല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അദ്ദേഹം ഇത് ചെയ്തില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഞങ്ങൾ ഈ സിനിമ തന്നെ ചെയ്യുമായിരുന്നില്ല.
ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ ചെയ്തതില്‍ വച്ച് വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. തമിഴ് ഭാഷയെ വളരെയധികം ആഘോഷിക്കുന്ന ചിത്രമാണ് കാന്ത എന്നും. ഒരു വ്യത്യസ്ത കാലഘട്ടത്തിലേക്ക് നിങ്ങളെ ചിത്രം കൊണ്ടു പോകും എന്നും മുമ്പ് ചിത്രത്തെക്കുറിച്ച് ദുൽഖർ പറഞ്ഞിരുന്നു. സിനിക്വസ്റ്റ് സാന്‍ ജോസ് ഫിലിം ഫെസ്റ്റിവലില്‍ ഓഡിയൻസ് അവാര്‍ഡ് നേടിയ ചിത്രം 'നിള' യുടെ സംവിധായകനാണ് സെല്‍വമണി സെല്‍വരാജ്. അടുത്തിടെ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ച 'ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന ഡോക്യുമെന്ററി സിരീസിന്റെ സംവിധായകനും ഇദ്ദേഹമാണ്. 2012 ല്‍ പുറത്തു വന്ന 'ലൈഫ് ഒഫ് പൈ' എന്ന സിനിമയുടെ ഇന്ത്യന്‍ ഭാഗങ്ങളില്‍ സഹസംവിധായകനായും സെല്‍വമണി സെല്‍വരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത 'ലക്കി ഭാസ്കർ' ആണ് ഒടുവിലായി തിയറ്ററുകളിലെത്തിയ ദുൽഖർ ചിത്രം. ചിത്രം ബോക്സ് ഓഫീസിലും ഒടിടിയിലും വൻ വിജയം നേടിയിരുന്നു.