'അര്‍ഹമായ വേതനമില്ലായ്മ നമ്മുടെ മൂല്യത്തെയാണ് ചോദ്യം ചെയ്യുന്നത്'; സ്ത്രീകളുടെ സിനിമകള്‍ മുന്‍വിധികളില്ലാതെ കാണൂവെന്ന് രമ്യ നമ്പീശന്‍

'അര്‍ഹമായ വേതനമില്ലായ്മ നമ്മുടെ മൂല്യത്തെയാണ് ചോദ്യം ചെയ്യുന്നത്'; സ്ത്രീകളുടെ സിനിമകള്‍ മുന്‍വിധികളില്ലാതെ കാണൂവെന്ന് രമ്യ നമ്പീശന്‍

ന്യായമായ വേതനം ലഭിക്കാതെയാകുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ഒരാളുടെ മൂല്യം കൂടെയാണെന്ന് നടി രമ്യ നമ്പീശന്‍. ഒരു അഭിനേതാവ് അര്‍ഹിക്കുന്ന വേതനവും അയാള്‍ അര്‍ഹിക്കുന്ന ബഹുമാനവും പരസ്പരം ചേര്‍ന്നു കിടക്കുന്ന കാര്യമാണ്. ഇന്നും പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ഒരു മേഖലയില്‍ ഇതൊരു വലിയ സമരമാണെന്നും, തുല്യ വേതനത്തെകുറിച്ചും ന്യായ വേതനത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുവെന്നത് തന്നെ സന്തോഷമുള്ള കാര്യമാണെന്നും രമ്യ നമ്പീശന്‍ പറഞ്ഞു. ബി 32 മുതല്‍ 44 വരെ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു രമ്യയുടെ പ്രതികരണം.

പെണ്ണുങ്ങളുടെ കഥകളൊന്നും പെണ്ണുങ്ങള്‍ പറഞ്ഞതല്ല, സ്ത്രീകളുടെ പ്രണയങ്ങളും, ചലനങ്ങളുമൊക്കെ പുരുഷന്മാരുടെ കണ്ണുകളില്‍ കൂടെയാണ് നാം കണ്ടിട്ടുള്ളത്. ഒരു സ്ത്രീ എങ്ങനെയാകണമെന്ന അവരുടെ സങ്കല്‍പ്പമാണത്. എല്ലാം നിങ്ങള്‍ക്ക് കിട്ടിയില്ലേ എന്നു ചോദിക്കുന്നവര്‍ ഞങ്ങള്‍ക്ക് പറയാനുള്ള കഥകള്‍ കൂടെ കേട്ടു തുടങ്ങിയാല്‍ മാത്രമേ ഇവിടെ മാറ്റം വരുകയുള്ളൂവെന്നും രമ്യ പറഞ്ഞു. അതിനൊരു അവസരം പോലും തരാതെ, നിങ്ങളൊരു സിനിമയെടുത്ത് വിജയിപ്പിക്ക് എന്നൊരു വെല്ലുവിളിയല്ല സ്ത്രീകളുടെ സിനിമകള്‍ക്ക് തരേണ്ടതെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

ഒരു പെണ്ണ് പറയുന്ന സിനിമ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു മുന്‍വിധിയോടെയാണ് പ്രേക്ഷകര്‍ സിനിമ കാണാന്‍ വരുന്നത്. അത് മാറുക തന്നെ വേണം. ഞങ്ങള്‍ക്ക് പറയാനുള്ളത് കണ്ടു നോക്കൂ, കേട്ടു നോക്കൂ

രമ്യ നമ്പീശന്‍

സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ബി മുപ്പത്തി രണ്ട് മുതല്‍ നാല്‍പ്പത്തിനാലു വരെ. രമ്യാ നമ്പീശന്‍, അനാര്‍ക്കലി മരയ്ക്കാര്‍, സെറിന്‍ ഷിഹാബ്, അശ്വതി ബി, നവാഗതയായ റെയ്‌ന രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രുതി ശരണ്യമാണ്.

തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെണ്‍കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചലച്ചിത്ര അക്കാദമി ആലപ്പുഴയില്‍ സംഘടിപ്പിച്ച വനിതാ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ഹരീഷ് ഉത്തമന്‍, രമ്യാ സുവി, സജിത മഠത്തില്‍, ജീബിന്‍ ഗോപിനാഥ്, നീന ചെറിയാന്‍, സിദ്ധാര്‍ത്ഥ് വര്‍മ്മ, അനന്ത് ജിജോ ആന്റണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

അഞ്ച് സംവിധാനസഹായികള്‍ ഉള്‍പ്പെടെ കാമറയ്ക്ക് മുന്നിലും പിന്നിലുമായി മുപ്പതോളം സ്ത്രീകളാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സുദീപ് ഇളമണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സുദീപ് പലനാട് സംഗീതവും നിര്‍വഹിക്കുന്നു. ദുന്ദു രഞ്ജീവ് കലാ സംവിധാനവും, രാഹുല്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു., മിട്ട എം.സി. മേക്കപ്പും, അര്‍ച്ചനാ വാസുദേവ് കാസ്റ്റിംഗും, രമ്യ സര്‍വ്വദാ ദാസ് മുഖ്യ സംവിധാന സഹായവും, അഞ്ജന ഗോപിനാഥ് നിശ്ചലഛായാഗ്രഹണവും നിര്‍വഹിച്ചു. സൗമ്യ വിദ്യാധര്‍ സബ്‌ടൈറ്റില്‍സും സ്റ്റോറിസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സംഗീതാ ജനചന്ദ്രനും നിര്‍വ്വഹിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in