
ഗ്രേസ് ആന്റണിയെപ്പോലെ കോമഡി ചെയ്യുന്ന ഒരു നടിയെ കിട്ടിയാൽ കാര്യങ്ങൾ വളരെ എളുപ്പമാകുമെന്ന് സംവിധായകൻ റാം. ഹ്യൂമർ ചെയ്യുന്ന നടിമാർ ഇപ്പോൾ വളരെ വിരളമാണ്. തമാശ പറയുമ്പോൾ അതിന്റെ ടൈമിങ് കൃത്യമല്ലെങ്കിൽ എല്ലാം മാറിപ്പോകും. പക്ഷെ, ഗ്രേസ് വളരെ അനായാസം കോമഡി കൈകാര്യം ചെയ്യുന്ന അഭിനേത്രിയാണെന്ന് സംവിധായകൻ റാം.
സംവിധായകൻ റാമിന്റെ വാക്കുകൾ
മിർച്ചി ശിവ പറന്ത് പോ എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്നാൽ, ശിവ ഇപ്പോൾ കോമഡി ചെയ്യുകയാണോ അതോ സീരിയസായി സംസാരിക്കുകയാണോ എന്ന് ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കില്ല. മനസിൽ എന്താണ് ഉള്ളത് എന്ന് കണ്ടുപിടിക്കാൻ സാധിക്കാത്ത മുഖമുള്ള ഒരാളുടെ ഭാര്യ എന്നത് ചലഞ്ചിങ് ആയിരുന്നു. ഇന്റിപ്പെന്റൻഡായിരിക്കണം. ഓവർ ദി ടോപ് ആയിരിക്കണം, ആളുകളെ കൺവിൻസ് ചെയ്യാൻ സാധിക്കുന്ന ഒരാളായിരിക്കണം. പ്രശ്നങ്ങൾ ഉണ്ടെങ്കിലും എളുപ്പത്തിൽ തരണം ചെയ്യാൻ പറ്റുന്ന കഥാപാത്രം. അങ്ങനെയാണ് ഗ്രേസ് ആന്റണിയിലേക്ക് എത്തുന്നത്. ഹ്യൂമർ കൈകാര്യം ചെയ്യാൻ അറിയുന്ന നടിമാർ ഇപ്പോൾ വളരെ വിരളമാണ്. അതുകൊണ്ട് എനിക്ക് കാര്യങ്ങൾ വളരെ എളുപ്പമായി.
വ്യത്യസ്ത ജോണറുകളിലുള്ള സിനിമകൾ ചെയ്യാൻ വളരെ താൽപര്യപ്പെടുന്ന ഒരാളാണ് ഞാൻ. ഏഴ് കടൽ ഏഴ് മലൈ വരുമ്പോൾ അത് വീണ്ടും എവിഡന്റാകും. പറന്ത് പോ പോലെയേ അല്ല നിവിൻ പോളി ചിത്രം ഏഴ് കടൽ ഏഴ് മലൈ. ഡ്രമാറ്റിക്കായ, ഫാസ്റ്റ് ഡയലോഗുകളും എഡിറ്റ് പാറ്റേണുമുള്ള, എന്നാൽ കുറച്ച് സൈലന്റായ സിനിമ. അതാണ് ഏഴ് കടൽ ഏഴ് മലൈ. സെറ്റ് ഇട്ട് ഷൂട്ട് ചെയ്ത, സി.ജി ഒരുപാട് ചെയ്ത സിനിമയാണ് അത്.