'സൗത്ത് ഇന്ത്യൻ സിനിമകൾ ഇപ്പോഴും പിന്തുടരുന്നത് പാട്ടിന്റെയും ആക്ഷന്റെയും പഴയ ഫോർമുല, സിനിമകൾക്ക് പുരോഗതിയില്ല': രാകേഷ് റോഷൻ

'സൗത്ത് ഇന്ത്യൻ സിനിമകൾ ഇപ്പോഴും പിന്തുടരുന്നത് പാട്ടിന്റെയും ആക്ഷന്റെയും പഴയ ഫോർമുല, സിനിമകൾക്ക് പുരോഗതിയില്ല': രാകേഷ് റോഷൻ
Published on

സൗത്ത് ഇന്ത്യൻ സിനിമകൾക്ക് പുരോഗമനം സംഭവിച്ചിട്ടില്ലെന്ന് ബോളിവുഡ് സംവിധായകൻ രാകേഷ് റോഷൻ. പാട്ടിന്റെയും ആക്ഷന്റെയും പഴയ ഫോർമുലയാണ് സൗത്ത് ഇന്ത്യൻ സിനിമകൾ ഇപ്പോഴും പിന്തുടരുന്നത്. വർക്കാകുന്ന ഒരേ ഫോർമുലയിലാണ് ഇപ്പോഴും അവർ സിനിമകൾ ചെയ്യുന്നത്. സിനിമകളുടെ ദിശ മാറാത്തതുകൊണ്ടാണ് ഇപ്പോഴും സിനിമകൾ വിജയമാകുന്നത്. എന്നാൽ തങ്ങളുടെ സിനിമകളായ കഹോ നാ പ്യാർ ഹേ, കോയി മിൽഗയ, കൃഷ് എന്നിവ വ്യത്യസ്തമായ സിനിമകളാണ്. ഇങ്ങനെ വെല്ലുവിളികൾ നിറഞ്ഞ സിനിമകളാണ് തങ്ങൾ ചെയ്തിട്ടുള്ളത്. സൗത്ത് ഇന്ത്യൻ സിനിമകൾ ഇത്തരം വെല്ലുവിളികൾ നേരിട്ടിട്ടില്ലെന്നും വളരെ സേഫായിട്ടാണ് അവർ തുടരുന്നതെന്നും സൂമിന് നൽകിയ അഭിമുഖത്തിൽ രാകേഷ് റോഷൻ പറഞ്ഞു.

രാകേഷ് റോഷൻ പറഞ്ഞത്:

സൗത്ത് ഇന്ത്യൻ സിനിമകൾ ഇപ്പോഴും പ്രസക്തമായി നിലനിൽക്കുന്നത് പാട്ടിന്റെയും ആക്ഷനിന്റെയും ഡയലോഗിന്റെയും ഓൾഡ് സ്‌കൂൾ ഫോർമാറ്റ് പിന്തുടരുന്നത് കൊണ്ടാണ്. സൗത്ത് ഇന്ത്യൻ സിനിമകൾക്ക് പുരോഗമനം വന്നിട്ടില്ല. വിവേകമുള്ള ഒരു കഥ പറച്ചിലാണ് അവരുടേത്. വർക്കാകുന്ന ഒരേ ഫോർമുലയിൽ തന്നെയാണ് അവർ സിനിമകൾ ചെയ്യുന്നത്. പാത മാറി സഞ്ചരിക്കാത്തതുകൊണ്ടാണ് സൗത്ത് ഇന്ത്യൻ സിനിമകൾ വിജയമാകുന്നത്.

എന്നാൽ ബോളിവുഡിൽ പുതിയ വഴിയിലുള്ള സിനിമകൾ ഉണ്ടാകുകയാണ്. കഹോ നാ പ്യാർ ഹേ സംവിധാനം ചെയ്തതിന് ശേഷം റൊമാന്റിക്ക് സിനിമ ചെയ്യണം എന്നെനിക്ക് തോന്നിയില്ല. പിന്നീട് കോയി മിൽഗയ സംവിധാനം ചെയ്തു. അതിന് ശേഷം കോയി മിൽഗയയിലെ രോഹിത്ത് എന്ന കഥാപാത്രത്തെ ഞാൻ സൂപ്പർ ഹീറോയാക്കി. ഇതുപോലെ വെല്ലുവിളികളുള്ള സിനിമകളാണ് ഞങ്ങൾ ചെയ്തത്. ഈ വെല്ലുവിളികൾ ഒന്നും സൗത്ത് സിനിമകൾ നേരിട്ടിട്ടില്ല. വളരെ സേഫായിട്ടാണ് അവർ തുടരുന്നത്.

'ദി റോഷൻസ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി റിലീസാകാനിരിക്കുന്ന അവസരത്തിലാണ് രാകേഷ് റോഷന്റെ പരാമർശം. ബോളിവുഡിലെ പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളാണ് രാകേഷ് റോഷൻ. നടൻ ഹൃത്വിക് റോഷന്റെ പിതാവ് കൂടിയാണ്. 1970 ൽ ഹർ ഘർ കി കഹാനി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് രാകേഷ് റോഷൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സംവിധായകനായും നിർമ്മാതാവായും നിർണ്ണായകമായ സംഭാവനയാണ് ബോളിവുഡിന് നൽകിയത്. ദി റോഷൻസ് ഡോക്യുമെന്ററി ജനുവരി 16ന് നെറ്റ്ഫ്ലിക്സിൽ സ്‌ട്രീമിംഗ്‌ ആരംഭിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in