രജിനികാന്ത് ഒരു സംഘിയല്ലെന്നും സോഷ്യൽ മീഡിയയിൽ അദ്ദേഹം സംഘിയാണെന്ന പോസ്റ്റുകൾ കാണുമ്പോൾ ഏറെ വിഷമമുണ്ടെന്നും ഐശ്വര്യ രജനികാന്ത്. ചിലതൊക്കെ കാണുമ്പോൾ എനിക്ക് വല്ലാതെ കോപം വാരാറുണ്ട് കാരണം നമ്മളെല്ലാവരും മനുഷ്യരാണ്. രജിനികാന്ത് ഒരു സംഘിയാണെങ്കിൽ ലാൽസലാം പോലെയൊരു സിനിമ അദ്ദേഹം ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള ആൾ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളുവെന്നും ലാൽ സലാം സിനിമയുടെ ഓഡിയോ ലോഞ്ചിൽ ഐശ്വര്യ രജിനികാന്ത് പറഞ്ഞു.
ഐശ്വര്യ രജിനികാന്ത് പറഞ്ഞത് :
ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്നയാളാണ്. എന്നാൽ എൻ്റെ ടീം എന്താണ് സോഷ്യൽ മീഡിയയിൽ പറയുന്നത് എന്ന് എന്നെ കാണിക്കും. ചിലതൊക്കെ കാണുമ്പോൾ എനിക്ക് വല്ലാതെ കോപം വാരാറുണ്ട് കാരണം നമ്മളെല്ലാവരും മനുഷ്യരാണ്. ഈയിടെയായി ആളുകൾ 'സംഘി' എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നത്. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാനൊന്ന് പറയട്ടെ, സൂപ്പർസ്റ്റാർ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കിൽ ലാൽസലാം ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യൻ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളു.
വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. ചിത്രത്തിൽ അതിഥി വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. മൊയ്തീൻ ഭായ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോർട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ കപിൽ ദേവും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ലെെക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. എട്ട് വർഷത്തിന് ശേഷം ഐശ്വര്യ ഫീച്ചർ ഫിലിം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ലാൽ സലാം.
ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. ചിത്രത്തിന് സംഗീതം നൽകുന്നത് എ ആർ റഹ്മാനാണ്. പ്രവീൺ ഭാസ്‌കർ എഡിറ്റിംഗ് നിർവഹിക്കുന്നു. വിഷ്ണു രംഗസാമിയാണ് ഛായാഗ്രഹണം. ഐശ്വര്യ രജിനികാന്തിന്റെ നാലാമത്തെ സിനിമയാണ് ലാൽ സലാം. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അന്തിക സനിൽ കുമാർ, വിവേക് പ്രസന്ന, തങ്കദുരെെ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.