'സൗബിന്റേത് സജിക്കൊപ്പം നില്‍ക്കുന്ന പെര്‍ഫോര്‍മന്‍സ്' ; ജിന്നിനെക്കുറിച്ച് തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥന്‍

'സൗബിന്റേത് സജിക്കൊപ്പം നില്‍ക്കുന്ന പെര്‍ഫോര്‍മന്‍സ്' ; ജിന്നിനെക്കുറിച്ച് തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥന്‍

രാജേഷ് ഗോപിനാഥന്‍ തിരക്കഥ എഴുതി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ജിന്ന്'. സൗബിന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബുമോന്‍, ലിയോണ, കെ പി എ സി ലളിത, ഷറഫുദീന്‍, ജാഫര്‍ ഇടുക്കി എന്നിങ്ങനെ നീണ്ട താരനിരയുണ്ട്. 2020 ല്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമ 2022 ഡിസംബര്‍ 30 ന് റിലീസ് ചെയ്യാനൊരുങ്ങുകയായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസിംഗ് ഡേറ്റ് മാറ്റി വയ്‌ക്കേണ്ടി വന്നു. 2023 തുടക്കത്തില്‍ തന്നെ സിനിമയുടെ റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിലേത് സൗബിന്റെ മികച്ച പെര്‍ഫോര്‍മന്‍സുകളിലൊന്നായിരിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ രാജേഷ് ഗോപിനാഥന്‍ പറയുന്നു. കുമ്പളങ്ങിയിലെ സജിയെ പ്രേക്ഷകര്‍ സ്വീകരിച്ചതുപോലെ ജിന്നിലെ ലാലപ്പനെയും സ്വീകരിക്കും എന്നാണ് വിശ്വാസമെന്ന് ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥന്‍ ദ ക്യുവിനോട് സംസാരിക്കുന്നു.

Q

'ജിന്ന്' എന്ന സിനിമയുടെ ട്രെയ്‌ലറുകളും സ്‌നീക്ക് പീക്കും റിലീസ് ആയിരുന്നു. ഇവയൊക്കെ തന്നെ കാണിക്കുന്നത് സിനിമ സൗബിന്‍ അവതരിപ്പിക്കുന്ന ലാലപ്പന്‍ എന്ന കഥാപാത്രത്തിന്റെ മനസിന്റെ സഞ്ചാരമാണെന്ന്. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സ്റ്റോറി ലൈനിലോട്ട് എത്തുന്നത് ?

A

2018 ല്‍ ഞാന്‍ ഒരു പടം എഴുതികൊണ്ടിരിക്കുന്ന സമയത്ത് സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നെ വിളിച്ചിട്ട് ഒരു കഥ പറഞ്ഞ് തരികയാണ് ചെയ്തത്. കൂട്ടുകാര്‍ വിളിച്ച് അവര്‍ ചെയ്യാന്‍ പോകുന്ന പടത്തെ കുറിച്ചുള്ള കഥകള്‍ പറയാറുണ്ട്. അതുപോലെ കേട്ട ഒരു കഥയാണ് ഇതും. കഥ പറഞ്ഞ് കഴിഞ്ഞ്‌ സിദ്ധു ചോദിച്ചു, തിരക്കഥ എഴുതാന്‍ കോ റൈറ്ററായി കൂടെ കൂടിക്കൂടെന്ന്. അന്ന് രാത്രി ഇങ്ങനെ ഒക്കെ യെസ് എന്നെല്ലാം പറഞ്ഞ് പോയി, പക്ഷെ, സിദ്ധാര്‍ത്ഥ് അത് സീരിയസ് ആയിട്ട് പറഞ്ഞതായിരുന്നു. പിറ്റേന്ന് സിദ്ധു എഴുതിയ ഒരു കഥ എനിക്ക് അയച്ച് തരികയാണ് ചെയ്തത്. മുന്‍പേ എഴുതിയിട്ടുള്ള ഒരു സ്റ്റോറി ആയിരുന്നു അത്. കോ റൈറ്റര്‍ എന്നുള്ള രീതിയിലാണ് തുടങ്ങിയത്, ഞാനത് വായിച്ചതിന് ശേഷം എനിക്ക് എന്റേതായ രീതിയില്‍ ആ കഥ ഒന്ന് മാറ്റി എഴുതണം എന്ന് തോന്നി. ഞാനത് മാറ്റി എഴുതി നോക്കുകയായിരുന്നു. സിനിമയിലെ ലാലപ്പന്‍ എന്ന കാരക്ടര്‍ ഒന്നും അന്ന് ആ കഥയില്‍ ഉണ്ടായിരുന്നില്ല. എക്‌സൈറ്റിംഗ് ആയിട്ട് എന്തെങ്കിലും പുതിയൊരു കാര്യം കഥയില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആലോചിച്ചിരുന്നു. കാരക്ടേഴ്‌സിനെ കൂടുതലായി വര്‍ക്ക് ചെയ്യാന്‍ താത്പര്യം ഉള്ള ആളാണ് ഞാന്‍. ആ സമയത്താണ് ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു കാരക്ടറിന്റെ എലമെന്റ് റഫറന്‍സ് കിട്ടിയത്. അതൊരു റിയല്‍ ലൈഫ് റഫറന്‍സായിരുന്നു. അത് കിട്ടിയപ്പോള്‍ പണ്ട് കേട്ടതും അറിഞ്ഞതും വായിച്ചതുമായുള്ള കുറേ കാര്യങ്ങള്‍ ഓര്‍മ വന്നു. ആ കാരക്ടറിനെ വച്ച് ഞങ്ങള്‍ ഒരു ഫിക്ഷന്‍ ക്രിയേറ്റ് ചെയ്യുകയാണ് ചെയ്തത്. അതായത്, സിദ്ധു ആദ്യം എഴുതിയ കഥയിലേക്ക്‌ ഈ ലാലപ്പന്‍ എന്ന കാരക്ടറിനെ പ്ലെയ്‌സ് ചെയ്തു. അങ്ങനെയാണ് അത് വര്‍ക്ക് ചെയ്ത് എടുത്തത്.

Q

ഏത് കാരക്ടറുകളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ആളാണ് സൗബിന്‍. സൗബിന്‍ ഇതുവരെ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് സിനിമയില്‍ എന്ന് സൂചനയുണ്ട്. എന്താണ് സിനിമ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത് ?

A

'കുമ്പളങ്ങി നൈറ്റ്‌സി'ലെ സജിയെ നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ 'സുഡാനി'യിലെ മജി, അതും രസമുള്ള കാരക്ടര്‍ ആയിരുന്നു. അതുപോലെ ഞാന്‍ എഴുതിയ 'കലി'യില്‍ പ്രകാശന്‍ എന്ന കാരക്ടര്‍, എനിക്ക് വളരെ ഇഷ്ടമുള്ള കാരക്ടറാണത്. അതുപോലെ പല സിനിമകളിലും സൗബിന്‍ വളരെ രസകരമായി ചെയ്തിട്ടുണ്ട്. കുമ്പളങ്ങിയിലെ സജിയെ പ്രേക്ഷകര്‍ സ്വീകരിച്ചതുപോലെ ജിന്നിലെ ലാലപ്പനെയും സ്വീകരിക്കും എന്നാണ് എന്റെ വിശ്വാസം. അത്തരത്തിലുള്ള പെര്‍ഫോര്‍മന്‍സ് ഈ സിനിമയില്‍ സൗബിന്റെ ഭാഗത്ത് നിന്നുണ്ട്. ഈ സിനിമയിലെ സൗബിന്‍ ഷാഹിര്‍ എന്ന് പറയുന്ന ആക്ടറിന്റെ പെര്‍ഫോര്‍മന്‍സ് ആളുകള്‍ക്ക് വളരെ എന്റര്‍ടെയ്‌നിംഗ് ആയിരിക്കും. അതേ സമയം ഇതിനകത്ത് ഡ്രാമയുണ്ട്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍ ആണ്. വളരെ രസകരമായിട്ട് ആ രീതിയിലാണ് പടം വന്നിട്ടുള്ളത്. വിഷ്വലി വളരെ ഇന്‍ട്രസ്റ്റിംഗ് ആണ്, അതുപോലെ മ്യൂസിക്കലുമാണ്. തിയ്യേറ്ററിക്കല്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കണം ഈ സിനിമയെന്നും ആ രീതിയില്‍ നമുക്ക് ഇതിനെ എഴുതണം എന്നുമാണ് കഥ പറഞ്ഞതിന് ശേഷം സിദ്ധു എന്നോട് പറഞ്ഞത്. സിദ്ധു ഇതുവരെ ചെയ്തിട്ടുള്ള സിനിമകളേക്കാളും കുറച്ചുകൂടി ബിഗ് സ്‌കെയിലിലേക്ക് പടം വരണമെന്ന് എന്നോട് പറഞ്ഞിരുന്നു. ഈ പറഞ്ഞ പോലെ സിനിമാറ്റോഗ്രാഫര്‍ ആണെങ്കിലും എഡിറ്റര്‍ ആണെങ്കിലും ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ എല്ലാവരും സുഹൃത്തുക്കളാണ്. ഞങ്ങള്‍ വളരെ ആസ്വദിച്ച് ചെയ്ത കാര്യമാണിത്.

Q

'ജിന്ന്' എന്ന പേര് തന്നെ ഒരു തരത്തിലുള്ള അഭൗമ ശക്തിയെ അടയാളപ്പെടുത്തുകയാണ്. നിരവധി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഇടയിലാണ് നാം ജീവിക്കുന്നത്. അതിനൊക്കെ നേരെയുള്ള അടയാളപ്പെടുത്തലായി കാണാനാകുമോ സിനിമ ?

A

വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന രീതിയില്‍ യാതൊരു തരത്തിലും സിനിമയ്ക്ക് കണക്ഷനില്ല. നമുക്ക് ഇപ്പോള്‍ ഒരു പ്രതിസന്ധി വന്ന് കഴിഞ്ഞാല്‍ നമ്മള്‍ അത് സ്വയം പരിഹരിക്കും. എന്നാല്‍ അങ്ങനെ പറ്റാത്ത ചില ആള്‍ക്കാരുണ്ടാകും. ഒരു സ്‌ട്രെസ് സിറ്റുവേഷനെ കൈകാര്യം ചെയ്യാന്‍ പറ്റാത്തവര്‍. അതിന് എല്ലാവര്‍ക്കും ഓരോ മെക്കാനിസം ഉണ്ടാകുമല്ലോ. അതുപോലെ ലാലപ്പനും ഉണ്ട് ഒരു പ്രത്യേക മെക്കാനിസം. അയാള്‍ ചെന്ന് പെടുന്ന പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആയിട്ട് ആള്‍ക്ക് ആളുടേതായിട്ട് ഒരു വഴിയുണ്ട്. ആ വഴിയാണ് ഈ സിനിമയിലെ വളരെ വെല്ലുവിളിയുള്ള ഫാക്ടര്‍. അതാണ് നമ്മളെ എക്‌സൈറ്റ് ചെയ്യിക്കുന്നത്. സൗബിനെ ആണെങ്കിലും എഴുത്തുകാരനായ എന്നെ ആണെങ്കിലും ഈ കാര്യമാണ് കൂടുതലായി എക്‌സൈറ്റ് ചെയ്യിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ അങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നുമില്ല. ഇത് വളരെ റിയല്‍ ലൈഫ് സ്റ്റോറിയാണ്. എന്നാല്‍ എഴുത്തില്‍ കുറച്ച് 'സര്‍-റിയല്‍' കാര്യങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ ജിന്ന് എന്നൊക്കെ പറഞ്ഞാല്‍ ഒരു 'സര്‍-റിയല്‍' എലമെന്റ് ഉള്ളതാണ്. കേള്‍ക്കുമ്പോള്‍ തന്നെ അതിലൊരു 'സര്‍-റിയല്‍' എലമെന്റ് ഉണ്ട്. അത് സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുമുണ്ട്.

Q

2016 ല്‍ 'കലി' എന്ന സിനിമയ്ക്കാണ് ആദ്യമായി തിരക്കഥ എഴുതുന്നത്. 'കലി' വ്യത്യസ്തമായ ദുല്‍ഖര്‍ സല്‍മാന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയുണ്ടായി. അതുകഴിഞ്ഞ് ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് 'ജിന്നു'മായി എത്തുന്നത്. ആ ഇടവേള സിനിമയ്ക്ക് എത്രത്തോളം സഹായകമായിട്ടുണ്ടെന്ന് ...

A

'കലി' എന്റെ ആദ്യത്തെ സിനിമയാണ്. എനിക്ക് ഇതേ പറ്റി ഒരു ധാരണയുമില്ലായിരുന്നു. ഞാന്‍ ഐടിയിലൊക്കെ വര്‍ക്ക് ചെയ്ത് ജീവിച്ചിരുന്ന ആളാണ്. അന്ന് ആദ്യത്തെ സിനിമ കഴിഞ്ഞപ്പോള്‍ എനിക്ക് കുറച്ചൊരു ഗ്യാപ്പ് എടുക്കാം, പെട്ടന്ന് സിനിമ ചെയ്യേണ്ട എന്നുണ്ടായിരുന്നു. കുറച്ചുകൂടി കാര്യങ്ങള്‍ ഒന്ന് മനസിലാക്കാനുണ്ടെന്ന് തോന്നിയിരുന്നു. അതിന് ശേഷം ദുല്‍ഖറുമായി തന്നെ ഒരു പടം പ്ലാനുണ്ടായിരുന്നു. കുറച്ച് വലിയ പടം ആയിരുന്നു, അത് അങ്ങനെ നീണ്ടു പോയി. ആ സമയത്താണ് സിദ്ധു എന്നെ വിളിക്കുന്നത്. ആ സമയത്ത് ഞാന്‍ എഴുതികൊണ്ടിരുന്ന കഥകളുണ്ടായിരുന്നു, തിരക്കഥയിലേക്ക് എത്തിയിരുന്നില്ല. പക്ഷെ, ജിന്നിന്റെ ഷൂട്ട് കഴിഞ്ഞ ശേഷം എഴുതിയ രണ്ട് കഥകളുടെ തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതുപോലെ ജനുവരി 5 നോടടുത്ത് ഒരു പടം ഷൂട്ട് തുടങ്ങുന്നുണ്ട്. ബിജു മോനോന്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍ ഇവരൊക്കെയാണ് സിനിമയുടെ ലീഡ്. വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്. ഈ പറഞ്ഞ ഗ്യാപ്പില്‍ എഴുതിയ ഒരു കഥയാണത്.

Q

'ജിന്നി'ന് പിന്നില്‍ മൂന്ന് വര്‍ഷത്തെ കഥയുണ്ടെന്ന് സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ നിന്ന് വായിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഒരു ക്രിസ്മസ് കാലത്ത് ആരംഭിച്ച സിനിമ 2022 ക്രിസ്മസ് കാലത്ത് റിലീസിന് ഒരുങ്ങുകയാണ്. അതിന് ശേഷം ചിത്രീകരണം ആരംഭിച്ച സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമ 'ചതുരം' ഒക്കെ അതിന് മുന്‍പേ തന്നെ റിലീസ് ആയിരുന്നു. സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഇത്രയും വലിയൊരു കാലയളവ് വേണ്ടി വന്നതിന് പിന്നില്‍ ...

A

മൂന്നു വര്‍ഷം മുന്‍പ് ഒരു ക്രിസ്മസ് കാലത്ത് ഷൂട്ട് തുടങ്ങിയ ചിത്രമാണ് 'ജിന്ന്'. അതൊരു വലിയ ക്യാന്‍വാസിലുള്ള പടമാണ്. സൗബിന്‍ ലീഡ് ചെയ്തിട്ടുള്ള പടങ്ങളില്‍ ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഈ സിനിമ എന്നാണ് എന്റെ ഒരു ധാരണ. അത്തരത്തില്‍ വലിയൊരു പടം, ഷൂട്ട് കഴിഞ്ഞ് 2020 മെയ് 22 ന് റിലീസ് എന്നൊരു തിയതി ഒക്കെ പ്ലാന്‍ ചെയ്തിരുന്നതാണ്. പക്ഷെ, ആ സമയത്ത് കൊറോണ വന്നു, മൊത്തത്തില്‍ ഒരു അടച്ചിടല്‍ വന്നു. അത് കഴിഞ്ഞ് തിയ്യേറ്റര്‍ തുറന്നപ്പോള്‍ 50 % ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ എന്നുള്ള തീരുമാനം വന്നു. അത് ഈ സിനിമ പോലൊരു ബിഗ് ബജറ്റ് സിനിമയ്ക്ക് ബുദ്ധിമുട്ടാക്കും. അതുകൊണ്ട് തിയ്യേറ്ററില്‍ പൂര്‍ണമായി പ്രവേശനാനുമതിയ്ക്കായി കാത്തിരുന്നു. പിന്നെ ഞങ്ങളുടെ സിനിമയുടെ ടെയ്ല്‍ എന്റ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു സീനാണ്. അത് എടുക്കാനായി ഞങ്ങള്‍ കുറച്ച് കാത്തിരുന്നു. അപ്പോള്‍ കൊറോണ കാരണം പടം നിര്‍ത്തിവച്ചു. സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ പലരും പല പ്രൊജക്ടുകളിലേക്ക് പോയി. അതുകൊണ്ട് പ്രൊഡക്ഷനും കുറച്ച് പ്രതിസന്ധികള്‍ വന്നു. സിനിമ തിയ്യേറ്ററില്‍ തന്നെ വരണം എന്നുള്ളത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. ഈ പ്രതിസന്ധികള്‍ ഒക്കെ തരണം ചെയ്താണ് ഇപ്പോള്‍ സിനിമ റിലീസിന് ഒരുങ്ങുന്നത്. കഥയില്‍ പറയുന്നതുപോലെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടെയ്ല്‍ എന്റും റിയലായി ഷൂട്ട് ചെയ്യാനായി. ഈ പ്രതിസന്ധിയൊക്കെ ഒരു തരത്തില്‍ സിനിമയ്ക്ക് ഗുണം ചെയ്തു എന്ന് പറയാം. വീണ്ടും ആലോചിക്കാനും ഒരുപാട് അതില്‍ വര്‍ക്ക് ചെയ്യാനുമുള്ള സമയം ഞങ്ങള്‍ക്ക് കിട്ടി.

Q

സിനിമയില്‍ ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബുമോന്‍, ലിയോണ, കെ പി എ സി ലളിത, ഷറഫുദീന്‍, ജാഫര്‍ ഇടുക്കി എന്നിങ്ങനെ നീണ്ട താരനിരയുണ്ട്. ഇവരിലേക്ക് എത്തിയത് എങ്ങനെയായിരുന്നു ?

A

എല്ലാവരേയും ആക്ടേഴ്‌സിന്റെ മെറിറ്റ് എന്ന രീതിയില്‍ തന്നെയാണ് സിനിമയിലേക്ക് കാസ്റ്റ് ചെയതത്. സിദ്ധു ഈ പടം ആലോചിച്ചപ്പോള്‍ സിദ്ധുവിന്റെ മനസില്‍ വേറെ ആക്ടര്‍ ഒക്കെ ഉണ്ടായിരുന്നു. ഞാന്‍ അത് മാറ്റി എഴുതിയതിന് ശേഷം സിദ്ധുവിനോട് സൗബിന്‍ ഈ കാരക്ടര്‍ ചെയ്താല്‍ നന്നാകും എന്ന് പറയുകയാണ് ചെയ്തത്. അത് പറഞ്ഞതോടെ സിദ്ധുവും ഓക്കെ ആയിരുന്നു. പിന്നീട് സൗബിനോട് അത് പറയുകയും സൗബിന്‍ വളരെ എക്‌സൈറ്റഡ് ആയിട്ട് ആദ്യ മീറ്റിംഗില്‍ തന്നെ ഇത് ചെയ്യുന്നു എന്ന് പറയുകയും ചെയ്തു. ശാന്തിയും കഥ കേട്ട് വളരെ എക്‌സൈറ്റഡായാണ് സിനിമയില്‍ ജോയിന്‍ ചെയ്തത്‌. ശാന്തി അടക്കം എല്ലാ ആക്ടേഴ്‌സും ഗംഭീര പെര്‍ഫോര്‍മന്‍സ് ആണ് ചിത്രത്തില്‍. അതുപോലെ ഏറ്റവും എടുത്ത് പറയേണ്ടത് നിഷാന്ത് സാഗറിന്റെ ഒരു തിരിച്ചുവരവ് ആയിരിക്കും ഈ സിനിമ എന്നാണ്. നിഷാന്ത് എന്ന് പറയുന്ന ആര്‍ട്ടിസ്റ്റിനെ ഇതുവരെ ഓണ്‍ സ്‌ക്രീനില്‍ കണ്ടിട്ടുള്ള പോലെ ആയിരിക്കില്ല ഈ സിനിമയില്‍ കാണുന്നത്. പടം കാണുമ്പോള്‍ അറിയാം കാരക്ടേഴ്‌സിന് പറ്റിയ ആളുകളെ തന്നെയാണ് നമ്മള്‍ ചൂസ് ചെയ്തിരിക്കുന്നത്. ലിയോണയെ ഒക്കെ നമ്മള്‍ കണ്ടിട്ടുള്ള ഒരു ഷെയ്ഡുണ്ട്. നമ്മള്‍ അതില്‍ നിന്നൊക്കെ മാറ്റി പ്ലെയ്‌സ് ചെയ്തിട്ടുണ്ട് സിനിമയില്‍.

Q

2020 മാര്‍ച്ചോടെ സിനിമയുടെ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞിരുന്നു. എങ്ങനെയായിരുന്നു ഷൂട്ടിംഗ് പ്രോസസ് ഒക്കെ ?

A

സിനിമയുടെ ആദ്യ ലൊക്കേഷന്‍ കാസര്‍ഗോഡ് ആയിരുന്നു. തിരക്കഥ എഴുതുമ്പോഴും എല്ലാം മനസില്‍ കാസര്‍ഗോഡ് ആയിരുന്നു. കാസര്‍ഗോഡിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് സിനിമ സഞ്ചരിക്കുന്നത്. ആ സ്ഥലത്താണ് ലാലപ്പന്‍ എന്ന കാരക്ടര്‍ താമസിക്കുന്നത്. ബീഡി കമ്പനി ഒക്കെ നടത്തി പൊളിഞ്ഞുപോയ, ഒരുപാട് ദുരന്തങ്ങളൊക്കെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള, ഭയങ്കര ഡിപ്രഷനൊക്കെ അടിച്ച് നടക്കുന്ന ഒരാളാണ് ലാലപ്പന്‍. അയാള്‍ അവിടുന്ന് വളരെ പ്രതീക്ഷയോടെ ജീവിതം കരയ്ക്കടുപ്പിക്കാന്‍ മംഗലാപുരത്തേക്ക് യാത്ര ചെയ്യുന്നതാണ് സിനിമയുടെ ഒരു രീതി. പിന്നീടുള്ള ലൊക്കേഷന്‍ മംഗലാപുരം ആയിരുന്നു. സിനിമയുടെ സീന്‍ ഓര്‍ഡറില്‍ തന്നെയായിരുന്നു ഷൂട്ട്. അധികം എക്‌സ്‌പ്ലോര്‍ ചെയ്തിട്ടില്ലാത്ത ഏരിയയാണ് കാസര്‍ഗോഡ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഗ്രാമത്തില്‍ നിന്ന് ടൗണിലേക്ക് പറിച്ചു മാറ്റപ്പെട്ട ഒരാളുടെ യാത്രയാണ് സിനിമ.

Q

സിനിമയ്ക്ക് 'ജിന്ന്' എന്ന് പേര് നല്‍കുന്നതിന് പലരും എതിരഭിപ്രായം പറഞ്ഞിരുന്നു എന്ന് കേട്ടിരുന്നു. സിനിമ വൈകുന്നതിന് പിന്നില്‍ ഇതടക്കം പല കാരണങ്ങളും ആളുകള്‍ പറയുകയുണ്ടായി. എന്താണ് അതിനെ കുറിച്ചുള്ള പ്രതികരണം...

A

ആദ്യം സിദ്ധാര്‍ത്ഥ് എഴുതിയ കഥയ്ക്ക് വേറെ ഒരു പേരുണ്ടായിരുന്നു. കഥ മാറ്റി എഴുതിയപ്പോള്‍ ആ പേര് വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു. ആ സമയത്ത് 'ജിന്ന്' എന്നുള്ള പേരാണ് ഞങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റിയത്. ഇപ്പോഴുള്ള സിനിമയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന പേര് 'ജിന്ന്' ആയിരുന്നു. ആ പേര് പറഞ്ഞപ്പോള്‍ തന്നെ അത് വേണോ എന്നൊക്കെ പറഞ്ഞവരുണ്ട്. ഇത്രയും വലിയൊരു ബിഗ് ബജറ്റ് ചിത്രം ചെയ്യുന്നതിന് വളരെ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. കൊറോണ വന്നപ്പോള്‍ കുറേ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. അവിടെ നിന്ന്, നമ്മള്‍ വീക്ക് ആകുന്നതനുസരിച്ച് ഈ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഒക്കെ ബാധിക്കുമല്ലോ. എന്റെ അഭിപ്രായത്തില്‍ ശരിക്കും ഇതിനെയൊക്കെ പേടിക്കേണ്ടതില്ല, ഇതൊക്കെ വിശ്വസിക്കുന്നവരെയാണ് പേടിക്കേണ്ടത്. കാരണം, അവര്‍ നമ്മളെ ചുറ്റിക്കും. വണ്ടിയിലൊക്കെ യാത്ര ചെയ്യുന്ന സമയത്ത് സ്‌ക്രിപ്റ്റ് വണ്ടിയില്‍ ഉള്ളതുകൊണ്ട് സൂക്ഷിച്ച് പോകണം എന്ന് പറഞ്ഞവരുണ്ട്. 'ജിന്ന്' വന്നത് തൊട്ട് എന്തോ ഒരു കാര്യം ചിലര്‍ക്ക് അടിച്ചിട്ടുണ്ട്. ഞങ്ങള്‍ അതൊക്കെ കോമഡി ആയിട്ടാണ് എടുത്തത്.

Q

നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമ റിലീസിന് ഒരുങ്ങുകയാണ്. പ്രേക്ഷകര്‍ക്ക് എത്തരത്തിലുള്ള ദൃശ്യാനുഭവമാകും സിനിമ എന്നാണ് പ്രതീക്ഷിക്കുന്നത്...

A

സിനിമ തിയ്യേറ്ററില്‍ പോയി കാണാനുള്ളതുണ്ട്. 2018 ല്‍ എഴുതി 2020 ല്‍ പൂര്‍ത്തിയായ ഒരു സിനിമയാണിത്‌. അതിന് ശേഷം, കൊറോണ കാലം കൊണ്ട് പ്രേക്ഷകര്‍ ഒരുപാട് സിനിമകള്‍ കാണുന്നുണ്ട്. അതിപ്പോള്‍ ഒടിടി വഴി ആണെങ്കിലും അല്ലാതെ ആണെങ്കിലും. കൊവിഡിന് ശേഷം ഉണ്ടായിട്ടുള്ള വലിയൊരു മാറ്റമാണത്. അത്തരം വലിയ പടങ്ങളൊക്കെ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് ഈ ചിത്രം കൊടുക്കുന്നത്. എന്റെ അഭിപ്രായത്തില്‍ സിനിമ ഉറപ്പായും നിരാശപ്പെടുത്തില്ല. ഇമോഷണലി പടം കണക്ട് ആകും എന്നാണ് എന്റെ വിശ്വാസം.

Related Stories

No stories found.
logo
The Cue
www.thecue.in