
രാജ് ബി ഷെട്ടി, അപർണ്ണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'രുധിരം' ഇന്ന് മുതൽ തിയറ്ററുകളിൽ. സർവൈവൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിഷോ ലോണ്‍ ആന്‍റണിയാണ്. ചിത്രത്തിന്റെ ദുരൂഹത നിറയ്ക്കുന്ന ട്രെയ്‌ലർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. തെന്നിന്ത്യൻ സംവിധായകനും നടനുമായ രാജ് ബി ഷെട്ടി ആദ്യമായി നായകനായി എത്തുന്ന മലയാള സിനിമ കൂടിയാണ് 'രുധിരം'. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്.
ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജോസഫ് കിരണ്‍ ജോര്‍ജാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 'The axe forgets but the tree remembers' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. രാജ് ബി ഷെട്ടിയുടേയും അപര്‍ണയുടെയും ഗംഭീര ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടാകും. രുധിരത്തിലേക്ക് സംവിധായകൻ ജിഷോ തന്നെ വിളിക്കുന്നത് ഗരുഡ ഗമന എന്ന തന്റെ സിനിമ കണ്ടിട്ടാണെന്ന് രാജ് ബി ഷെട്ടി നേരത്തെ പറഞ്ഞിരുന്നു.
"സംവിധായകൻ 'ഗരുഡ ഗമന'യുടെ വലിയ ഫാനാണ്. 'ഗരുഡ ഗമന' കാരണം ഒരുപാടു സിനിമകൾ തനിക്ക് വന്നു. രുധിരം നായകനായി എത്തുന്ന ആദ്യ മലയാള ചിത്രമാണ്. അതുകൊണ്ട് തന്നെ ചിത്രത്തിലൂടെ മലയാള സിനിമ എങ്ങനെ സംഭവിക്കുന്നു എന്ന് പഠിക്കാനായി. നല്ല എഴുത്തും കഥാപാത്രങ്ങളുമുള്ള സിനിമയാണ് രുധിരമെന്നും സിനിമയിൽ എല്ലാവരും നന്നായി പെർഫോമ ചെയ്തിട്ടുണ്ടെന്നും" ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ രാജ് ബി ഷെട്ടി പറഞ്ഞു.
'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും നടനായും ശ്രദ്ധ നേടിയ താരമാണ് രാജ് ബി ഷെട്ടി. മലയാളത്തിൽ 'ടർബോ'യിലും 'കൊണ്ടലി'ലും രാജ് ബി ഷെട്ടി മികച്ച വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് 'രുധിരം' നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. 123 മ്യൂസിക്സ് ആണ് സിനിമയുടെ മ്യൂസിക് പാർട്നർ.