
ഒരു പ്രദേശത്തിന്റെ സംസ്കാരത്തെ ഭംഗിയായി അടയാളപ്പെടുത്തിയ ചിത്രമാണ് അങ്കമാലി ഡയറീസെന്ന് നടനും സംവിധായകനുമായ രാജ് ബി ഷെട്ടി. ചിത്രത്തിന്റെ ടൈറ്റിൽ സോങ് കാണുമ്പോൾ തന്നെ വിശക്കും. സംസ്കാരത്തെ അടയാളപ്പെടുത്തുക എന്നത് ഒരു മികച്ച സിനിമയുടെ ഗുണമാണ്. മാർട്ടിൻ സ്കോർസേസിയുടെ ടാക്സി ഡ്രൈവർ എന്ന സിനിമയാണ് അതിന് ഉദാഹരണം. കഥ നടക്കുന്ന സമയത്ത് അമേരിക്കയിലെ ആളുകളുടെ മാനസികാവസ്ഥ എന്നതാണെന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും. വിയറ്റ്നാം യുദ്ധത്തിന് ശേഷം ആളുകൾക്ക് മാനസികമായി എന്തെല്ലാം ബുദ്ധിമുട്ടുണ്ടായി എന്ന് സിനിമ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ഫോറസ്റ്റ് ഗമ്പ് എന്ന ചിത്രത്തിലും ചരിത്രം പറയുന്നുണ്ടെന്ന് രാജ് ബി ഷെട്ടി റേഡിയോ മാങ്കോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആന്റണി വർഗീസിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. 86 പുതുമുഖങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. ചെമ്പൻ വിനോദ് രചന നിർവഹിച്ച് 2017 ൽ റിലീസായ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്.
രാജ് ബി ഷെട്ടി പറഞ്ഞത്:
കേരളത്തിൽ നല്ല ഭക്ഷണം കിട്ടുമെന്ന് തോന്നിയിട്ടുണ്ട്. കേരളത്തിന്റെ മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളുടെയും ഒരു ഭംഗി എന്ന് പറയുന്നത് അവിടെയുള്ള ഭക്ഷണം നമുക്ക് വഴങ്ങും എന്നുള്ളതാണ്. മന്തിയും പോർക്കുമാണ് കേരളത്തിൽ നിന്ന് കഴിച്ചിട്ടുള്ള പ്രധാന ഭക്ഷണം. അങ്കമാലിയിൽ നിന്ന് പോർക്ക് കഴിച്ചിട്ടുണ്ട്. അങ്കമാലി ഡയറീസ് എന്ന സിനിമയുടെ പ്രധാന ആകർഷണം എന്നത് ആ സിനിമയിൽ കാണിച്ചിട്ടുള്ള ഭക്ഷണമാണ്. സിനിമയുടെ ടൈറ്റിൽ സോങ് കാണുമ്പോഴേ നമുക്ക് വിശപ്പുണ്ടാകും. കഴിക്കണമെന്ന് നമുക്ക് ഒരു കൊതി വരും. അത്രയും ഭംഗിയായി അങ്കമാലിയെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.
അവിടെ പോയിട്ടില്ലെങ്കിൽ പോലും സിനിമ കാരണം ആളുകൾക്ക് അങ്കമാലി അറിയും. നല്ല സിനിമയുടെ ക്വാളിറ്റിയാണ് സംസ്കാരത്തെ അടയാളപ്പെടുത്തുക എന്നത്. ഉദാഹരണത്തിന് മാർട്ടിൻ സ്കോർസേസിയുടെ ടാക്സി ഡ്രൈവർ എന്ന സിനിമ കണ്ടാൽ, ആ സമയത്ത് അമേരിക്കയിലെ ആളുകളുടെ മാനസികാവസ്ഥ മനസ്സിലാകും. വിയറ്റ്നാം യുദ്ധത്തിന് ശേഷം ആളുകൾക്ക് മാനസികമായി എന്തെല്ലാം ബുദ്ധിമുട്ടുണ്ടായി എന്ന് ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഫിക്ഷൻ തന്നെയാണ് സിനിമ. ഫോറസ്റ്റ് ഗമ്പ് എന്ന സിനിമയിൽ ഒരു പ്രദേശത്തിന്റെ ചരിത്രം കൂടെ പറഞ്ഞുപോകുന്നുണ്ട്.