സൈബര്‍ സെക്യൂരിറ്റി എക്‌സ്‌പേര്‍ട്ടായി രജിഷ; 'കീടം' ത്രില്ലറെന്ന് രാഹുല്‍ റിജി

സൈബര്‍ സെക്യൂരിറ്റി എക്‌സ്‌പേര്‍ട്ടായി രജിഷ; 'കീടം' ത്രില്ലറെന്ന് രാഹുല്‍ റിജി

ഖോ ഖോ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ രാഹുല്‍ റിജിയും രജിഷ വിജയനും ഒരുമിക്കുന്ന പുതിയ ചിത്രമാണ് കീടം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നിലവില്‍ കീടം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

ചിത്രത്തില്‍ രജിഷ വിജയന് ഒപ്പം ശ്രീനിവാസനും വിജയ് ബാബും പ്രധാന വേഷത്തില്‍ എത്തുന്നു. റിവഞ്ച് ത്രില്ലറായ 'കീട'ത്തില്‍ സൈബര്‍ സെക്യൂരിറ്റി എക്‌സ്‌പേര്‍ട്ടായാണ് രജിഷ എത്തുന്നത്. സിനിമ ഇന്നത്തെ സമൂഹത്തില്‍ വളരെ പ്രസക്തിയുള്ള വിഷയമാണ് സംസാരിക്കുന്നതെന്ന് സംവിധായകന്‍ രാഹുല്‍ റിജി ഒടിടി പ്ലേയോട് പ്രതികരിച്ചു.

ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ മുഴുനീള കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണിത്. രജിഷയുടെ അച്ഛന്റെ വേഷമാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. വിജയ് ബാബു പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ എത്തുന്നത്.

കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. മൂന്ന് ആഴ്ച്ച രാത്രിയായിരുന്നു ചിത്രീകരണം. വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണിവരെയാണ് ചിത്രീകരണം നടന്നിരുന്നത്. നിലവില്‍ ചിത്രത്തിന്റെ ഡബ്ബിങ്ങ് പുരോഗമിക്കുകയാണ്. 2022 മെയ് മാസത്തില്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രാഹുല്‍ പറയുന്നു.

രാഹുല്‍ റിജി നായര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാകേഷ് ധരനാണ് ഛായഗ്രഹണം. എഡിറ്റര്‍ ക്രിസ്റ്റി സെബാസ്റ്റ്യന്‍. രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മധന്‍ , മഹേഷ് എം നായര്‍ എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in