

ഷാഫിയുടെ ഓർമ്മയിൽ സഹോദരനും സംവിധായകനുമായ റാഫി. തന്നെ സിനിമയിൽ എത്തിക്കാൻ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുത്ത് ആളാണ് ഷാഫിയെന്നും അങ്ങനെ ഏഴ് വർഷം കാത്തിരുന്ന ശേഷമാണ് ഷാഫി സിനിമയിലേക്കെത്തിയതെന്നും റാഫി പറഞ്ഞു. ഷാഫിയുടെ സ്മരണാർത്ഥം ഷാഫി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഷാഫി മെമ്മോറിയൽ അവാർഡ് പുരസ്‌കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു റാഫി.
'ഒരു കൊല്ലം ആയെങ്കിലും ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ഒരു വർഷം കഴിഞ്ഞതായിട്ടല്ല ഓരോ ദിവസവും വീണ്ടും വീണ്ടും ആവർത്തിക്കുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. ഷാഫിയെ കുറിച്ച് പറയുമ്പോൾ പൊതുവേ, റാഫിയുടെ സഹോദരനായതുകൊണ്ട് സിനിമയിലേക്ക് വന്നു, അങ്ങനെ സംവിധായകനായി എന്നാണ് അറിയപ്പെടുന്നത്. പക്ഷേ സത്യത്തിൽ എന്നെ സിനിമയിൽ എത്തിച്ചത് ഷാഫിയാണ്', റാഫി പറഞ്ഞു.
'വളരെ ചെറിയ പ്രായത്തിൽ സിനിമയിലേക്ക് വരണമെന്ന് ഞാൻ ആഗ്രഹിച്ച സമയത്ത് എന്റെയും ഷാഫിയുടെയും ചുമലിൽ കുടുംബത്തിന്റെ ഉത്തരവാദിത്വമുണ്ടായിരുന്നു. സിദ്ധിക്കയുടേയും ലാലേട്ടന്റെയും കൂടെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കാൻ ഒരു സാധ്യത ഉണ്ടായപ്പോൾ പോലും ഈ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞ് അതിലേക്ക് പോകുവാൻ സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് ആ ചെറിയ പ്രായത്തിൽ ഞങ്ങൾ രണ്ടുപേരും ചേർന്ന് ഒരു ചെറിയ സംരംഭം തുടങ്ങിയത്. അതിൽനിന്ന് സ്ഥിരമായ വരുമാനം ഉണ്ടായാൽ എനിക്ക് സിനിമയിലേക്ക് വരാൻ സാധിക്കും. അങ്ങനെ സ്വന്തം കുടുംബം പണയപ്പെടുത്തി ഒരു ചെറിയ ബാഗ് നിർമാണ കമ്പനി തുടങ്ങാൻ തീരുമാനിച്ചു. പക്ഷേ കുടുംബത്തിലെ വേറെ ആരും അതിന് സമ്മതിക്കില്ല. പക്ഷേ, അന്ന് വളരെ ശക്തമായിട്ട് എന്നോടൊപ്പം ഉറച്ചുനിന്ന്, അത് ചെയ്യണം എനിക്ക് അങ്ങനെ പോകണമെന്നുണ്ടെങ്കിൽ അതിനൊരു സാഹചര്യം ഉണ്ടാക്കണമെന്ന് പറഞ്ഞത് ഷാഫിയാണ്. അങ്ങനെ കുടുംബത്തിന്റേയും കമ്പനി നടത്തുന്ന ഉത്തരവാദിത്വങ്ങളും ഒക്കെ ആയി കുറച്ചുകാലം പോയി,' അദ്ദേഹം ഓർത്തു.
'1988-ലാണ് ഞങ്ങൾ ആ കമ്പനി തുടങ്ങുന്നത്. 91 ആയപ്പോഴേക്കും സിദ്ധിഖ് ലാലിന്റെ സിനിമയിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യാൻ എനിക്ക് അവസരം കിട്ടി. ഞാൻ അങ്ങനെ സിനിമയിലേക്ക് വന്നു. എനിക്കൊരു ബ്രേക്ക് കിട്ടുന്നത് 95-ലാണ്. ആ വർഷം മൂന്ന് തിരക്കഥകൾ എഴുതി. എനിക്കും മെക്കാർട്ടിനും ബ്രേക്ക് കിട്ടി. അതിനുശേഷമാണ് ഷാഫിയും സിനിമയിലേക്ക് വരുന്നത്. പക്ഷേ എന്നെ സിനിമയിൽ എത്തിക്കുവാൻ വേണ്ടി ഏഴു വർഷം കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തം എടുക്കുകയും എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുകയും അവൻ ചെയ്തതുകൊണ്ടാണ് എനിക്ക് സിനിമയിൽ വരാൻ കഴിഞ്ഞത്', റാഫി പറഞ്ഞു.
'സിനിമയിൽ വന്നതിനുശേഷവും അവന് എപ്പോഴും ചിരിക്കാനും ചിരിപ്പിക്കാനുമാണ് ഇഷ്ടം. അവന്റെ സിനിമയിൽ കോമഡികൾ ആളെങ്കിൽപ്പോലും അലങ്കോല സീനുകൾ ഉണ്ടാവാറില്ല. എപ്പോഴും വൃത്തിയും വെടിപ്പുമുള്ള സിനിമയാണ് അവൻ ചെയ്തിരുന്നത്. അതവന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. ആ വൃത്തിയും വെടിപ്പും കലർപ്പില്ലാത്ത സ്‌നേഹവും എപ്പോഴും അവന്റെ കൂടെ ഉണ്ടായിരുന്നു', റാഫി പറഞ്ഞു.
'ഷാഫി എനിക്കെന്നും ധൈര്യമായിരുന്നു. 100% വിശ്വസിക്കാവുന്ന ആളാണ്. എന്തു കാര്യത്തിലും പാറ പോലെ ഉറച്ചു എന്റെ കൂടെനിൽക്കും. ഞാൻ എന്റെ കുട്ടികളോട് പറയുമായിരുന്നു, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് ചാച്ചന്റെ അടുത്ത് പോകാമെന്ന്. ഇപ്പോ അവൻ പോയി കഴിഞ്ഞു അവന്റെ മക്കൾ എന്നോട് പറയുകയാണ്, അവന് എന്തെങ്കിലും സംഭവിച്ചാൽ ഇക്ക പറയുന്നതുകേട്ടുവേണം മുന്നോട്ടു പോകാൻ എന്ന് പറഞ്ഞിരിന്നുവെന്ന്. ആ ധൈര്യവും അവൻ ബാക്കി വെച്ച കലപ്പില്ലാത്ത സ്‌നേഹവും വിശ്വാസവും അടുത്ത തലമുറയിലേക്ക് കൂടി എത്തിച്ചിട്ടാണ് അവൻ മടങ്ങിയത്. വിശ്വാസങ്ങളും സ്നേഹവും എല്ലാം കാത്തുസൂക്ഷിക്കാൻ അവന്റെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും എന്നും കഴിയട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു', റാഫി കൂട്ടിച്ചേർത്തു.