കേരളത്തിലെ ഷൂട്ടിങ് സെറ്റിൽ നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി തമിഴ് നടി രാധിക ശരത്കുമാർ. കാരവാനിൽ ഒളിക്യാമറ വെച്ച്, നടിമാർ വസ്ത്രം മാറിയത് പകർത്തിയെന്നാണ് നടി പറഞ്ഞത്. താൻ സെറ്റിലൂടെ നടക്കുമ്പോൾ കുറച്ചു പുരുഷന്മാർ വീഡിയോ കണ്ട് ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പിന്നീട് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഒളിക്യാമറയെക്കുറിച്ച് അറിയുന്നത്. നടിമാരുടെ പേരുകൾ ടൈപ്പ് ചെയ്‌താൽ വീഡിയോ ലഭിക്കുന്ന ഒരു ഫോൾഡർ ഇവരുടെ കയ്യിലുണ്ട്. താൻ അന്ന് സെറ്റിൽ ബഹളമുണ്ടാക്കി എന്നും പിന്നീട് കാരവാനിലേക്ക് പോകാൻ ഭയപ്പെട്ടിരുന്നു എന്നും രാധിക ശരത്കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ധാരാളം സ്ത്രീകളാണ് വെളിപ്പെടുത്തലുമായി മുന്നോട്ടു വരുന്നത്.
രാധിക ശരത്കുമാർ പറഞ്ഞത്:
റിപ്പോർട്ട് പുറത്തുവിടാൻ ഇത്രയും സമയം എടുത്തത് എന്തിനാണെന്ന് ആലോചിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. ഒരുപാട് വർഷങ്ങളാണ് വേണ്ടി വന്നത്. 46 വർഷമായി ഞാൻ സിനിമയിലുണ്ട്. എന്നോട് മോശമായി പെരുമാറാൻ ശ്രമിച്ച ആളുകൾ തീർച്ചയായും ഉണ്ട്. അങ്ങനെ ചെയ്യുമ്പോൾ 'നോ' എന്ന വാക്ക് ശക്തമായി തന്നെ സ്ത്രീകൾ പറയണം. നോക്കൂ ഒരു പുരുഷനും ഇപ്പോൾ വാ തുറക്കുന്നില്ല. ഒരു പുരുഷനും എവിടെയും ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. സ്ത്രീകളുടെ അഭിമാനം ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. ഈ അഭിമാനത്തെ ഉത്തരവാദിത്തത്തോടെ കാണേണ്ടത് സ്ത്രീകൾ തന്നെയാണ്.
സ്ത്രീകൾക്ക് മോശം അനുഭവമുണ്ടാകുന്ന സംഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. എന്നെ വളരെ ബോൾഡായിട്ടാണ് പൊതുവെ ആളുകൾ കാണുന്നത്. അതുകൊണ്ട് കുറെ പെൺകുട്ടികൾ എന്റെ റൂമിലേക്ക് ബുദ്ധിമുട്ടുകൾ പറഞ്ഞു വരാറുണ്ടായിരുന്നു. എങ്ങനെയെങ്കിലും സഹായിക്കണമെന്ന് പറഞ്ഞാണ് മിക്ക പെൺകുട്ടികളും വരുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലുള്ള മറ്റ് പല ഭാഷകളിലും ഇതുപോലെ സ്ത്രീകൾക്ക് മോശം അനുഭവം ഉണ്ടാകുന്നുണ്ട്.
കേരളത്തിൽ ഞാൻ കണ്ട ഒരു സംഭവം പറയാം. ഒരു ദിവസം ചുമ്മാ സെറ്റിലൂടെ നടക്കുമ്പോൾ, കുറച്ചു പുരുഷന്മാർ ഒരിടത്ത് വട്ടം കൂടിയിരുന്ന് മൊബൈലിൽ ഒരു വീഡിയോ കാണുന്നത് ഞാൻ കണ്ടു. അവർ ചിരിക്കുന്നുണ്ടായിരുന്നു. എന്താണ് അങ്ങനെ ചിരിക്കുന്നതെന്ന് പരിചയമുള്ള ഒരാളോട് ചോദിച്ചു. മിക്ക കാരവാനുകളിലും ക്യാമറകൾ ഫിറ്റ് ചെയ്ത് സ്ത്രീകൾ വസ്ത്രം മാറുന്നത് വീഡിയോ എടുത്തിട്ടുണ്ടെന്നാണ് പറഞ്ഞത്. ആർട്ടിസ്റ്റിന്റെ പേര് ടൈപ്പ് ചെയ്തുകൊടുത്താൽ അവർ വസ്ത്രം മാറുന്ന വീഡിയോ ലഭിക്കും.
ആ സംഭവത്തിന് ശേഷം കാരവാനിൽ പോകാൻ തന്നെ പേടിയായിരുന്നു. സ്വകാര്യത വേണ്ട സ്ഥലമാണ് കാരവാൻ. പക്ഷെ സ്ത്രീകൾ കാരവാനിൽ വസ്ത്രം മാറുന്ന വീഡിയോ ഞാൻ കണ്ടു. പിന്നീട് അതിനെതിരെ സെറ്റിലുള്ളവരോട് ശക്തമായി തന്നെ ഞാൻ പ്രതികരിച്ചു. ഇത് ശരിയല്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഒരു ക്യാമറ ഇനി ഇവിടെ കണ്ടാൽ ചെരിപ്പൂരി അടിക്കുമെന്ന് കാരവാൻ സംബന്ധിച്ച ആളുകളോടും പറഞ്ഞു. എന്താണ് ഇങ്ങനെയൊക്കെ നടക്കുന്നത്. അന്നെനിക്ക് ഒരുപാട് ദേഷ്യം വന്നു. കാരവാൻ വേണ്ടെന്നും റൂം മതിയെന്നും പിന്നീട് ഞാൻ പറഞ്ഞു.