ബിഗ് ബജറ്റ് സിനിമകള്‍ രാജാക്കന്‍മാരെ കുറിച്ചും സ്വാതന്ത്ര്യ സമരത്തെ കുറിച്ചും മാത്രം: ഇന്ത്യ അത് മാത്രമല്ലെന്ന് മാധവന്‍

ബിഗ് ബജറ്റ് സിനിമകള്‍ രാജാക്കന്‍മാരെ കുറിച്ചും സ്വാതന്ത്ര്യ സമരത്തെ കുറിച്ചും മാത്രം: ഇന്ത്യ അത് മാത്രമല്ലെന്ന് മാധവന്‍

ബിഗ് ബജറ്റ് സിനിമകള്‍ രാജാക്കന്‍മാരുടെ കാലത്തെ യുദ്ധത്തെ കുറിച്ചും സ്വാതന്ത്ര്യ സമരത്തെ കുറിച്ചും മാത്രമാണെന്ന് നടന്‍ ആര്‍.മാധവന്‍. പക്ഷെ ഇന്ത്യയ്ക്ക് മറ്റൊരു തലം കൂടിയുണ്ട്. അവിടെ മലയാളികളും സൗത്ത് ഇന്ത്യക്കാരും ശാസ്ത്ര സാങ്കേതിക മേഖലയില്‍ നിരവധി സംഭാവനകള്‍ നടത്തിയിട്ടുണ്ട്. അതേ കുറിച്ച് സിനിമകള്‍ ഉണ്ടാകുന്നില്ലെന്നാണ് മാധവന്‍ പറഞ്ഞത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വ പരിപാടിയിലായിരുന്നു പ്രതികരണം.

മാധവന്‍ പറഞ്ഞത്:

റോക്ക്രട്രി സയന്റിസ്റ്റ് കമ്മ്യൂണിറ്റിക്ക് വേണ്ടി മാത്രമുള്ള ഒരു സിനിമയല്ല. ഈ രാജ്യത്തിന് മുഴുവന്‍ വേണ്ടിയാണ്. ഇന്ത്യയ്ക്ക് വേണ്ടി മാത്രവുമല്ല, ഈ ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും വേണ്ടിയാണ്. ഈ സിനിമ കൊണ്ട് ഞാന്‍ പ്രതീക്ഷിക്കുന്നത്, ഇനിയൊരു നമ്പി നാരായണന്‍ ഒരു രാജ്യത്തും ഉണ്ടാവരുത് എന്നാണ്.

സിനിമയില്‍, 'ഒരു രാജ്യത്തെ മികച്ചതാക്കുന്നവരെ ബഹുമാനിക്കാതിരുന്നാല്‍ ഒരു രാജ്യവും മികച്ചതായിരിക്കില്ല.' എന്നൊരു ഡയലോഗ് ഉണ്ട്. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ഈ സിനിമ ചെയ്തത്. ഒന്ന്്, നമ്പി നാരായണന് ഉണ്ടായ പോലൊരു അവസ്ഥ മറ്റൊരു രാജ്യസ്‌നേഹിക്കും ഉണ്ടാകരുത്. രണ്ട്, ഇന്ത്യ ഒരുപാട് കാര്യങ്ങളാല്‍ മികച്ച രാജ്യമാണ്. പക്ഷെ നമ്മള്‍ സിനിമ ചെയ്യുന്നത് സ്വാതന്ത്ര്യ സമരത്തെ കുറിച്ചും രാജാക്കന്‍മാരുടെ കാലത്തെ യുദ്ധത്തെ കുറിച്ചുമാണ്. അതേ കുറിച്ച് ബിഗ് ബജറ്റ് സിനിമകളാണ് ചെയ്യുന്നത്. പക്ഷെ ഇന്ത്യയുടെ മറ്റൊരു തലം തന്നെയുണ്ട്. അവിടെ മലയാളികളും സൗത്ത് ഇന്ത്യക്കാരും ടെക്‌നോളജി, ബഹിരാകാശം, ഐടി, എഞ്ചിനീയറിങ്ങ് എന്നീ മേഖലകളില്‍ ഒരുപാട് സംഭാവനകള്‍ ചെയ്യുന്നുണ്ട്. പക്ഷെ അതേ കുറിച്ചൊന്നും ഇവിടെ സിനിമ ചെയ്യുന്നില്ല.

റോക്കട്രി: ദ നമ്പി ഇഫക്റ്റ് ഐഎസ്ആര്‍ഓ മുന്‍ ശാസ്ത്രജ്ഞന്‍ പദ്മഭൂഷണ്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന സിനിമയാണ്. ആര്‍ മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനും കേന്ദ്ര കഥാപാത്രവും. ജൂലൈ ഒന്നിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ച്ചേഴ്സും, ആര്‍. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27th ഇന്‍വെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in