'കാന്താര ആദ്യം ചെയ്യേണ്ടിയിരുന്നത് പുനീത് രാജ്കുമാര്‍';, സ്ലാങ്ങ് പഠിക്കാന്‍ വരെ തയ്യാറായിരുന്നുവെന്ന് ഋഷഭ് ഷെട്ടി

'കാന്താര ആദ്യം ചെയ്യേണ്ടിയിരുന്നത് പുനീത് രാജ്കുമാര്‍';, സ്ലാങ്ങ് പഠിക്കാന്‍ വരെ തയ്യാറായിരുന്നുവെന്ന് ഋഷഭ് ഷെട്ടി

അന്തരിച്ച നടന്‍ പുനീത് രാജ്കുമാറായിരുന്നു കാന്താരയില്‍ അഭിനയിക്കേണ്ടിയിരുന്നതെന്ന് സംവിധായകന്‍ ഋഷഭ് ഷെട്ടി. ചിത്രത്തിലെ ശിവ എന്ന കഥാപാത്രം സ്വയം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുനന്നെങ്കിലും ചിത്രീകരണത്തോടടുത്തപ്പോള്‍ സിനിമയുടെ വ്യാപ്തിയും പ്രതീക്ഷയും വര്‍ദ്ധിച്ചപ്പോള്‍ തന്നെപ്പോലെ തന്നെ പുനീത് രാജ് കുമാറും കഥാപാത്രത്തിന് അനുയോജ്യനാണെന്ന് തോന്നിയിരുന്നു. കഥാപാത്രത്തിന് വേണ്ടി കര്‍ണ്ണാടകത്തിലെ തീരദേശ സ്ലാങ്ങ് പഠിക്കണമെന്ന് തനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അതിന് പുനീത് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റെടുത്തിരുന്ന ചിത്രങ്ങള്‍ കാരണം കാന്താരയില്‍ നിന്നും അകന്നുനില്‍ക്കേണ്ടി വന്നതിനാല്‍ താന്‍ ഇല്ലാതെ സിനിമയുമായി മുന്നോട്ടുപോകണമെന്ന് പുനീത് രാജ്കുമാര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഋഷഭ് ഷെട്ടി പറഞ്ഞു. മസ്ത് സിനിമ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

കോളജില്‍ പഠിക്കുന്ന സമയത്ത് തന്നെ കാന്താരയുടെ ചില എലമന്റ്‌സ് സൃഷ്ടിച്ചിരുന്നുവെന്നും ഋഷഭ് പറഞ്ഞു. ഗ്രാമത്തിലെ പ്രശ്നങ്ങള്‍, വേട്ട എന്നിവയൊക്കെ അങ്ങനെയുള്ളവയാണ്. പിന്നീട് ലോക്ക്ഡൗണ്‍ സമയത്താണ് കഥ വികസിപ്പിക്കുന്നത്. സുഹൃത്തുകളുമായുള്ള ചര്‍ച്ചകളില്‍ കഥ പ്രതീക്ഷിച്ചതിലും വളര്‍ന്നിരുന്നുവെന്നും അതിന് ശേഷമാണ് പുനീത് രാജ്കുമാറിലേക്ക് എത്തുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും ഋഷഭ് പറയുന്നു.

സെപ്റ്റംബര്‍ 30നാണ് കന്നഡ ചിത്രമായ കാന്താര തിയേറ്ററില്‍ റിലീസ് ചെയ്തത്. ഭൂതക്കോലങ്ങളും തെയ്യവും ദൈവത്തിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാമാണ് ചിത്രം പറയുന്നത്. സംവിധായകനായ ഋഷഭ്‌ ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും കേന്ദ്ര കഥാപാത്രവും. ഹോംബാലെ ഫിലിംസാണ് നിര്‍മ്മാണം.

കന്നടയില്‍ റിലീസ് ചെയ്ത ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ മലയാളത്തിലും മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്തെത്തിയിരുന്നു. ചിത്രത്തില്‍ ഋഷഭ്‌ ഷെട്ടിക്ക് പുറമെ സപ്തമി ഗൗഡ, കിഷോര്‍, അച്യൂത് കുമാര്‍, പ്രമോദ് ഷെട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്

Related Stories

No stories found.
logo
The Cue
www.thecue.in