നിർമാതാക്കളാണ് തിയറ്റർ റിവ്യു ചെയ്യുന്നവർക്ക് ടിക്കറ്റെടുത്ത് നൽകുന്നത്; വടികൊടുത്ത് അടിമേടിക്കുന്നത് അവർ തന്നെയെന്ന് കെ വിജയകുമാർ

നിർമാതാക്കളാണ് തിയറ്റർ റിവ്യു ചെയ്യുന്നവർക്ക് ടിക്കറ്റെടുത്ത് നൽകുന്നത്; വടികൊടുത്ത് അടിമേടിക്കുന്നത് അവർ തന്നെയെന്ന് കെ വിജയകുമാർ

മോഹൻലാൽ നായകനായ 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്ന സിനിമയുടെ തിയറ്റർ റെസ്പോൺസിലൂടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ സന്തോഷ് വർക്കിക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ കെെയ്യേറ്റ ശ്രമത്തിൽ നടപടിയെടുക്കുമെന്ന് ഫിയോക്ക് പ്രസിഡന്റ് കെ.വിജയകുമാർ. കൂടാതെ തിയറ്റർ റിവ്യൂസ് നിരോധികണമെന്ന തീരുമാനത്തിൽ തന്നെ ഫിയോക് മുന്നോട്ട് പോകും. റിവ്യു ചെയ്യുന്നവരെ തിയറ്ററുകളിലേക്ക് പറഞ്ഞയാക്കുന്നത് നിർമ്മാതാക്കൾ തന്നെയാണെന്നും, അത് നിർത്തലാക്കാൻ അവർ തന്നെ സ്വയം തീരുമാനിക്കണമെന്നും വിജയകുമാർ പറഞ്ഞു.

വടി കൊടുത്ത് അടി മേടിക്കുക എന്ന പരിപാടിയാണ് ഇപ്പോഴത്തെ പല നിർമാതാക്കളും ചെയ്യുന്നത്. അവർ തന്നെയാണ് ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതെന്നും വിജയകുമാർ ദ ക്യുവിനോട് പറഞ്ഞു.

നിർമാതാക്കളുടെ ഭാഗത്തും ഇതിൽ തെറ്റുണ്ട് കാരണം അവരാണ് ടിക്കറ്റെല്ലാം ആദ്യം ബുക്ക് ചെയ്തു അവരെ തിയറ്ററിനുള്ളിൽ കയറ്റുന്നത്. ടിക്കറ്റോടെ പടം കാണാൻ വരുന്നവരെ പടം കാണാൻ പറ്റില്ലെന്ന് തിയറ്ററുകാർക്ക് പറയാൻ പറ്റില്ലല്ലോ. അവർ തിയറ്ററിൽ കേറി പടവും കണ്ട് സിനിമ കണ്ടിറങ്ങുന്ന മറ്റു പ്രേക്ഷകരുടെ അഭിപ്രായവും ചോദിച്ചിറങ്ങുമ്പോൾ എങ്ങനെയാണ് തിയറ്റർ ഉടമകൾക്ക് തടയാൻ പറ്റുന്നതെന്നും വിജയകുമാർ ചോദിക്കുന്നു. സിനിമ മുഴുവൻ കാണുന്നതിന് മുൻപ് അഭിപ്രായം പറഞ്ഞ സന്തോഷിന്റെ ഭാഗത്തും തെറ്റുണ്ട്. സിനിമ കണ്ടു കഴിഞ്ഞ ഉടനെ റിവ്യൂ ഇടേണ്ട കാര്യമൊന്നുമില്ല. ആൾക്കാരിൽ നിന്നുള്ള അഭിപ്രായം അറിഞ്ഞാണ് ജനം ഇപ്പോൾ തിയറ്ററിൽ പോകുന്നത് അല്ലാതെ ഈ റിവ്യൂ കണ്ടിട്ടല്ലെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.

ഫിയോക്കിന്റെ കീഴിലുള്ള തിയറ്ററുകളില്ലെലാം ഇപ്പോൾ കർശനമായി ഇത്തരം റിവ്യൂസ് ഒഴിവാക്കുന്നുണ്ട്. ഇപ്പോൾ വരുന്ന 75 ശതമാനം തിയറ്റർ റിവ്യൂസും ഏതെങ്കിലും മൾട്ടിപ്‌ളെക്‌സിൽ നിന്നും വരുന്നവയായിരിക്കും. അതിനെ തടയാൻ നമുക്ക് പറ്റില്ല. അത് അവരാണ് തീരുമാനിക്കേണ്ടതെന്നും വിജയകുമാർ പറഞ്ഞു. ഇതിന് മുമ്പ് പരാതി ലഭിച്ചതിനെത്തുടർന്നാണ് തിയറ്റർ റിവ്യൂസ് നിർത്തലാക്കിയത് അതിനെതിരെ പല സംഘടനകളും മുന്നോട്ട് വന്നിരുന്നു. തങ്ങളുടെ പടത്തിന്റെ ഭാഗമായി സിനിമ കണ്ടു നല്ല അഭിപ്രായം പറയുന്നതിന് നിങ്ങൾക്ക് എന്താ നഷ്ടം എന്നാണ് നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടന തങ്ങളോട് ചോദിച്ചതെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.

'വിത്തിൻ സെക്കന്റ്‌സ്' എന്ന ചിത്രത്തിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലായിരുന്നു തർക്കം ആരംഭിച്ചത്. സിനിമ മുഴുവൻ കാണാതെ സന്തോഷ് വർക്കി സിനിമയ്ക്ക് നെഗറ്റീവ് റിവ്യു പറഞ്ഞു എന്നതിന്റെ പേരിലായിരുന്നു തർക്കം. കയ്യേറ്റ ശ്രമത്തിന്റെ ഭാഗമായി ആൾക്കൂട്ടം സന്തോഷിനെ ചോദ്യം ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

എറണാകുളം വനിത വിനീത തിയറ്ററിലായിരുന്നു സംഭവം നടന്നത്. താൻ 'വിത്തിൻ സെക്കന്റസ്' എന്ന സിനിമ അര മണിക്കൂർ കണ്ടെന്നും, ഇഷ്ടപ്പെടാത്തതിനാൽ അരമണിക്കൂറിന് ശേഷം ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാൽ അപ്പോഴാണ് 'ഫിലിമി ഗുഡ്' എന്ന യൂട്യൂബ് ചാനലിൽ നിന്നും തന്നെ വിളിക്കുകയും റിവ്യു പറയാൻ ആവശ്യപ്പെടുകയും ചെയ്തത്. റിവ്യു താൻ ചെയ്യില്ലെന്ന് പറഞ്ഞിട്ടും തന്നെ നിർബന്ധിക്കുകയായിരുന്നെന്നും അതിനാലാണ് താൻ സിനിമയുടെ റിവ്യു പറയുകയും ചെയ്തതെന്ന് സന്തോഷ് വർക്കി വീഡിയോയിൽ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in