ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് നീക്കി, ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലെന്ന് നിര്‍മ്മാതാക്കള്‍

ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് നീക്കി, ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലെന്ന് നിര്‍മ്മാതാക്കള്‍

നടന്‍ ശ്രീനാഥ് ഭാസിക്കെത്തിരെയുള്ള വിലക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിഷന്‍ പിന്‍വലിച്ചു. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷണല്‍ ഇന്റര്‍വ്യൂ വിവാദത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് രണ്ടുമാസത്തിന് ശേഷമാണ് പിന്‍വലിക്കുന്നത്. പൂര്‍ത്തിയാക്കാനുള്ള സിനിമകള്‍ പൂര്‍ത്തിയാക്കുകയും, ഡബ്ബിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തില്‍ തുടര്‍ നടപടിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേസ് അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നിര്‍മ്മാതാവും അസോസിയേഷന്‍ മെമ്പറുമായ സിയാദ് കോക്കര്‍ ദ ക്യു'വിനോട് പ്രതികരിച്ചു.

രണ്ടു മാസം മുന്‍പ് അഭിമുഖം നടത്താനെത്തിയ അവതാരകയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് ശ്രീനാഥ് ഭാസിയെ വിലക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. വിലക്ക് മറികടന്ന് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച സിനിമയുടെ പ്രവര്‍ത്തനവും ഇതിനിടെ സംഘടന നിര്‍ത്തിവെപ്പിച്ചിരുന്നു. ശ്രീനാഥ് ഭാസിയുടെ വിലക്കിനെ എതിര്‍ത്ത് മമ്മൂട്ടിയുള്‍പ്പെടെയുള്ള ആളുകള്‍ മുന്‍പോട്ടുവന്നിരുന്നെങ്കിലും നടപടിയില്‍ പുനഃപരിശോധനയുണ്ടാകില്ല എന്നായിരിക്കുന്നു അസോസിയേഷന്‍ നിലപാട്. ശ്രീനാഥ് ഭാസിക്ക് മുന്നില്‍ വെച്ച വ്യവസ്ഥകള്‍ പാലിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വിലക്ക് ഒഴിവാക്കിയിരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വാദം. ബിജിത് ബാല സംവിധാനം ചെയ്ത പടച്ചോനെ നിങ്ങള് കാത്തോളി ആണ് ശ്രീനാഥ് ഭാസിയുടെ ഒടുവില്‍ റിലീസായ സിനിമ. ഈ സിനിമയുടെ ദുബായ് പ്രചരണത്തില്‍ ശ്രീനാഥ് ഭാസി പങ്കെടുക്കുന്നുണ്ട്.

സെപ്റ്റംബറില്‍ ചട്ടമ്പി എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ വച്ച് നടന്ന ഒരു അഭിമുഖത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകയോട് ശ്രീനാഥ് ഭാസി അസഭ്യവര്‍ഷം നടത്തിയെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന് മരട് പോലീസിലും പ്രൊഡ്യൂസേഴ്‌സ് അസോസിഷനിലും ഓണ്‍ലൈന്‍ ചാനല്‍ അവതാരക പരാതി നല്‍കിയിരുന്നു. പോലീസ് വിഷയത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന് അവതാരക അറിയിച്ചതിന് പിന്നാലെ കേസ് ഒത്തുതീര്‍പ്പായിരുന്നു. കേസ് പിന്‍വലിക്കപ്പെട്ടെങ്കിലും പ്രൊഡ്യൂസേഴ്‌സ് അസോസിഷന്‍ നടപടിയുമായി മുന്‍പോട്ടു പോവുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in