'ഗ്യാങ്സ്റ്ററിന് നല്ലൊരു സ്ക്രിപ്റ്റ് ഇല്ലായിരുന്നു' ; ഓരോ തവണ കേൾക്കുമ്പോൾ ഓരോ കഥകൾ ആയിരുന്നെന്ന് സന്തോഷ് ടി കുരുവിള

'ഗ്യാങ്സ്റ്ററിന് നല്ലൊരു സ്ക്രിപ്റ്റ് ഇല്ലായിരുന്നു' ; ഓരോ തവണ കേൾക്കുമ്പോൾ ഓരോ കഥകൾ ആയിരുന്നെന്ന് സന്തോഷ് ടി കുരുവിള

ഗ്യാങ്സ്റ്റർ എന്ന സിനിമ പരാജയപ്പെടാൻ കാരണം ചിത്രത്തിന് നല്ലൊരു സ്ക്രിപ്റ്റില്ലായിരുന്നത് കൊണ്ടാണെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള. സിനിമയുടെ ഷൂട്ടിം​ഗ് സെറ്റിൽ ഒരോരുത്തരും ഇന്ന് ആരെയാണ് കൊല്ലുന്നത്, ആര് ആരെയാണ് വെടിവയ്ക്കുന്നത് എന്നും ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്ന് സന്തോഷ് ടി കുരുവിള പറയുന്നു. സിനിമയുടെ ആദ്യ ദിവസ കളക്ഷൻ മലയാള സിനിമയിലെ ആ സമയം വരെയുള്ള ഏറ്റവും വലിയ കളക്ഷനായിരുന്നു എന്നും ചിത്രത്തിലെ ആനിമേഷൻ ​രം​ഗങ്ങൾ നടൻ ശേഖറിന് പലതും ചെയ്യാൻ കഴിയാതെയും, പൊടി പിടിച്ച സ്ഥലത്ത് മമ്മൂക്കയ്ക്ക് പല പ്രാവശ്യം ടേക്ക് എടുക്കാൻ ബുദ്ധിമുട്ടുകൾ വരികയും ചെയ്ത അവസ്ഥയിൽ ചെയ്യേണ്ടി വന്നതാണെന്നും സന്തോഷ് ടി കുരുവിള പറയുന്നു. ​ഗ്യാങ്സ്റ്ററിനെ വലിയ ഒരു പരാജയമായി കാണുന്നില്ലെന്നു പലതും പഠിക്കാൻ അതിലൂടെ സാധിച്ചെന്നും ​ഗ്യാങ്സ്റ്ററിന് ശേഷം സ്ക്രിപ്റ്റ് പൂർത്തിയാവാതെ ഒരു സിനിമയും ചെയ്തിട്ടില്ലെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സന്തോഷ് ടി കുരുവിള പറഞ്ഞു.

സന്തോഷ് ടി കുരുവിള പറഞ്ഞത്:

എന്റെ ആദ്യത്തെ മൂന്ന് പടവും ആഷിഖ് അബുവുമായി ചേർന്ന് ചെയ്ത സിനിമകളായിരുന്നു. ആഷിഖ് പറയും ചേട്ടാ നമുക്ക് ഒരു പടമെടുക്കാം, നല്ല കഥയാണ് എന്ന്. അങ്ങനെ കഥ കേ‍ൾക്കും, അങ്ങനെ ആദ്യത്തെ പടം വന്നു, രണ്ടാമത്തെ പടം ​ഗ്യാങ്സ്റ്ററാണ്. എന്റെ കാക്കനാട്ടെ ഫ്ലാറ്റിൽ അത് എഴുതിയ ആൾക്കാർ ഏറ്റവും കൂടുതൽ കാലം ഇരുന്ന് എഴുതിയതാണ്. പക്ഷേ ആ സിനിമ പരാജയപ്പെടാൻ കാരണം അതിന് നല്ലൊരു സ്ക്രിപ്പ്റ്റ് ഇല്ലാതിരുന്നു എന്നതുകൊണ്ടാണ്. അഹമ്മദ് സിദ്ധീഖും അഭിലാഷുമായിരുന്നു അതിന്റെ റെെറ്റേഴ്സായിരുന്നത്. ഇപ്പോ എന്റെ സിനിമയുടെ എഴുത്തുകാരനായിട്ട് വരാൻ പോകുന്ന രവിയായിരുന്നു അന്ന് അത് എഴുതിക്കൊണ്ടിരുന്നത്. പക്ഷേ ഞാൻ ഓരോ പ്രാവശ്യവും ​ഗൾഫിൽ നിന്നും വരുമ്പോൾ കേൾക്കുന്ന കഥയല്ല പിന്നെ വരുമ്പോൾ കേൾക്കുന്നത്. ആ സിനിമയുടെ ഷൂട്ടിം​ഗ് ഇന്നും ഞാൻ ഓർക്കുന്നുണ്ട്. സിനിമയുടെ ഷൂട്ടിം​ഗ് സെറ്റിൽ ഒരോരുത്തരും അവിടെ ഇരുന്ന് ചോദിക്കും, ഇന്ന് എന്നെ ആണോ കൊല്ലാൻ പോകുന്നത് എന്ന്. ഇന്ന് ആരാണ് ആരെ വെടിവയ്ക്കാൻ പോകുന്നത്, ആരാണ് ചാകാൻ പോകുന്നത് എന്ന്, എന്നു വച്ചാൽ സ്ക്രിപ്റ്റ് വളരെ മോശമായിരുന്നു. പക്ഷേ ആ സിനിമ മൊത്തത്തിൽ മോശമാണെന്ന് ഞാൻ വിചാരിക്കുന്നില്ല. കാരണം അന്ന് ആ സിനിമ ഇറങ്ങിയ സമയത്ത് ഒരു ​ഗ്യങ്സ്റ്റർ സിനിമ എന്ന് പറഞ്ഞാൽ വളരെ ഫാസ്റ്റ് മൂവിയാണ്. ഇത് ഭയങ്കര സ്ലോയും, പിന്നെ ആനിമേഷനും, അതിനും കാരണങ്ങളുണ്ടായിരുന്നു. ശേഖറിന് പലതും ചെയ്യാനൊക്കുന്നില്ല, പിന്നെ പൊടി പിടിച്ച സ്ഥലത്ത് മമ്മൂക്കയ്ക്ക് പല പ്രാവശ്യം ടേക്ക് എടുക്കാൻ ബുദ്ധിമുട്ടുകൾ വന്നു. അതുകൊണ്ട് നമ്മൾ അത് ചെയ്യേണ്ടി വന്നു. അങ്ങനെ ആ സിനിമ പരാജയപ്പെട്ടു എന്റെ വീട്ടുകാർ പോലും ആ സിനിമ കണ്ടിട്ടില്ല, പക്ഷേ ഇപ്പോ പലരും ആ സിനിമ കുഴപ്പമില്ല എന്ന് പറയുന്നുണ്ട്, കാരണം അതുപോലെ കുറേ പടങ്ങൾ വന്ന് ആൾക്കാർ പല പടങ്ങൾ ഏറ്റെടുക്കാൻ തുടങ്ങിയപ്പോൾ കുഴപ്പമില്ല എന്ന് പറയുന്നു. ആ സിനിമയുടെ ആദ്യ ദിവസ കളക്ഷൻ മലയാള സിനിമയിലെ ആ സമയം വരെയുള്ള ഏറ്റവും വലിയ കളക്ഷനായിരുന്നു. പിന്നെ രണ്ടാമത്തെ ദിവസം അത് പകുതിയായി മൂന്നാം ദിവസം അത് കാൽ ഭാ​ഗമായി നാലാം ദിവസം അപ്രത്യക്ഷമായി. ഞാൻ സിനിമയിൽ വലിയ അറിവുള്ള ആളൊന്നുമല്ല, ആഷിഖ് സിനിമ എടുക്കാമെന്ന് പറഞ്ഞു, സിനിമ എടുത്തു, എനിക്കതൊരു പരാജയമായിട്ട് ഇപ്പോഴും കാണുന്നില്ല, നമുക്ക് അടുത്ത വിജയങ്ങളിലേക്കുള്ള ഒത്തിരിക്കാര്യങ്ങൾ പടിക്കാനൊത്തിട്ടുണ്ട് അതിലൂടെ. പിന്നീട് സ്ക്രിപ്റ്റ് കംപ്ലീറ്റ് ആവതെ ഒരു സിനിമയും തുടങ്ങിയിട്ടില്ല, അന്ന് സ്ക്രിപ്റ്റ് പൂർത്തിയായെന്നാണ്, എഴുതിക്കൊണ്ടിരുന്നവർ പറഞ്ഞത്. ഞാൻ താമസിച്ച ഫ്ലാറ്റിന്റെ തൊട്ടടുത്താണ് അവർ താമസിച്ചിരുന്നത്, ഇവർ തീർന്നു എന്ന് പറ‍ഞ്ഞു, നമ്മൾ അത് വിശ്വസിച്ചിട്ട് പോയി. പറയുന്ന പോലെ വല്യ നഷ്ടം ഒന്നുമുണ്ടായിട്ടില്ല, പത്ത് അറുപത് ലക്ഷം രൂപ പോയി, അതുകൊണ്ട് ഒത്തിരി കാര്യങ്ങൾ പഠിക്കാനൊത്തു.

മമ്മൂട്ടിയെ നായകനാക്കി 2014 ൽ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ​ഗ്യാങ്സ്റ്റർ. മമ്മൂട്ടിയെക്കൂടാതെ, ശേഖർ മേനോൻ, ജോൺ പോൾ, ടിജി രവി, നെെല ഉഷ, അപർണ്ണ ​ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിൽ അഭിനേതാക്കളായിരുന്നു. ടാ തടിയ എന്ന ചിത്രമായിരുന്നു സന്തോഷ് ടി കുരുവിള സഹ നിർമാതാവായെത്തിയ ആദ്യ ചിത്രം. പിന്നീട് ​ഗ്യാങ്സ്റ്റർ, മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിർമിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in