തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് മുദ്രാവാക്യം വിളിച്ചവരെ, ഈ ഓട കുത്തിത്തുറന്ന് ഞങ്ങളെ രക്ഷിക്കൂ; തലസ്ഥാനത്തെ ദുരവസ്ഥയിൽ സന്ദീപ് സേനൻ

തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് മുദ്രാവാക്യം വിളിച്ചവരെ, ഈ ഓട കുത്തിത്തുറന്ന് ഞങ്ങളെ രക്ഷിക്കൂ; തലസ്ഥാനത്തെ ദുരവസ്ഥയിൽ സന്ദീപ് സേനൻ

മഴക്കാലം ആരംഭിച്ചതിന് പിന്നാലെ റോഡും പുഴയും തിരിച്ചറിയാനാവാത്ത വിധം വെള്ളക്കെട്ടായി മാറിയ തിരുവന്തപുരത്തിന്റെ ദുരവസ്ഥയ്ക്കെതിരെ ​രം​ഗത്തെത്തി നിർമാതാവ് സന്ദീപ് സേനൻ. റോഡുകളും ഓടകളും വൃത്തിയാക്കിയിട്ടില്ലെന്നും അതിന് കാരണമായി പറയുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പണി തുടങ്ങാൻ സാധിച്ചില്ല എന്നതുമാണെന്ന് സന്ദീപ് സേനൻ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. തീക്കൊള്ളി കൊണ്ട് തല ചൊരിയരുത് എന്ന് മുദ്രാവാക്ക്യം വിളിച്ചവരെ, ഏതെങ്കിലും കൊള്ളിവെച്ച് ഈ ഓടയൊന്നു കുത്തിത്തുറന്ന് ഞങ്ങളെ രക്ഷിക്കാമോ എന്ന് ചോദിക്കാനേ തത്കാലം നിർവാഹമുള്ളൂ എന്നും ഈ ന​ഗരത്തിൽ ജനിച്ചു വളർന്നവന്റെ വേദനയാണ് ഇതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ‌ സന്ദീപ് സേനൻ പറയുന്നു.

സന്ദീപ് സേനന്റെ പോസ്റ്റ്:

ഈ മഴക്കാലത്ത് തിരുവനന്തപുരം നഗരത്തിലൂടെ യാത്ര ചെയ്യുന്നവരെ സമ്മതിക്കണം.. റോഡേതാ പുഴയേതാ കുഴിയേതാ എന്ന് തിരിച്ചറിയാതെ വേണം പോവാൻ. സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയുടെ അവസ്ഥയാണ് ഇത്. മഴക്കാലം തുടങ്ങിയില്ല. ടീസർ ഇറങ്ങിയതേയുള്ളൂ.. അപ്പോഴേ ഇതാണ് അവസ്ഥയെങ്കിൽ പെരുമഴക്കാലം എങ്ങനെ അതിജീവിക്കുമെന്നാണ് കരുതുന്നത്.

പൊതുമരാമത്ത് വകുപ്പിന് മറ്റ് ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള സമയമാണ്. റോഡും ഓടകളും വൃത്തിയാക്കിയിട്ടില്ല. കാരണമായി പറയുന്നതോ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പണി തുടങ്ങാൻ പറ്റിയില്ലെന്ന്.

എല്ലാ അഞ്ച് വർഷത്തിലും ഇവിടെ തെരഞ്ഞെടുപ്പുണ്ടാവാറുണ്ട്. അപ്പോഴൊക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവിൽ വരും. അന്നൊന്നും ഇല്ലാത്ത ന്യായീകരണമാണ് ഇത്തവണ വരുന്നത്.

തലസ്ഥാന നഗരത്തിന്റെ കാര്യങ്ങൾ നോക്കാൻ അവിടെ ഒരു മേയറുണ്ട്.. ബസ്സിന് പിന്നാലെ പാഞ്ഞ് പ്രശ്നങ്ങളുണ്ടാക്കിയതിന്റെ ക്ഷീണത്തിലായതുകൊണ്ടാവാം അവർ ഈ വിഷയത്തിൽ ഇതുവരെ വാ തുറന്നിട്ടില്ല.

ഇനി അറിയാതെങ്ങാൻ വിട്ടുപോയതാണോ എന്നറിയാൻ ഫേസ്ബുക്ക് വഴിയൊന്ന് കേറി നോക്കി.. അപ്പോഴാണ് വിഴിഞ്ഞത്തെ കണ്ടെയ്നർ ബർത്തിനെ കുറിച്ചുള്ള വിശദമായ പോസ്റ്റ് കണ്ടത്. തുറമുഖ മന്ത്രിയുടെ പോസ്റ്റിന്റെ റീ പോസ്റ്റ്

ഒരു പെയ്തിൽ മുങ്ങിയ നഗരത്തിന്റെ നടുവിലിരുന്ന് വിഴിഞ്ഞത്തെ പുകഴ്തി പോസ്റ്റിടാൻ ചെറിയ തൊലിക്കട്ടിയൊന്നും പോര.

വിഴിഞ്ഞം പോർട്ടിന്റെ കാര്യം നോക്കാൻ ഇവിടെ കേന്ദ്രസർക്കാറുണ്ട്.. സംസ്ഥാന അതോറിറ്റിയുണ്ട്, അദാനി ഗ്രൂപ്പുണ്ട്, പോർട്ട് ഡയറക്ടറേറ്റുണ്ട്..

പക്ഷേ ഈ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നോക്കാൻ ഒരു മേയറേയൂള്ളൂ. അതിന്റെ പാളിച്ചകളും പോരായ്മകളും മനസ്സിലാക്കാൻ മേയർ മാത്രമേയുള്ളൂ.

വഞ്ചിയൂർ- ജനറൽ ആശുപത്രി റോഡ് , വഴുതക്കാട് - പൊലീസ് ഹെഡ്ക്വാട്ടേഴ്സ് റോഡ്, സ്റ്റാച്യൂ- ജനറൽ ഹോസ്പിറ്റൽ റോഡ്,

ഇത് കൂടാതെ കിഴക്കേക്കോട്ട, ശ്രീ വരാഹം, തൈക്കാട് മേഖലകളിലെല്ലാം പ്രശ്നമാണ്.

വിഴിഞ്ഞത്തേക്ക് പോവുന്ന വഴിക്ക് ഈ റോഡു കൂടി ഒന്ന് നോക്കി പോയിരുന്നെങ്കിൽ നന്നായേനെ.. ജീവിക്കാനുള്ള കൊതികൊണ്ടാണ്.. ഈ നഗരത്തിൽ ജനിച്ചു വളർന്നവന്റെ വേദനകൊണ്ടാണ്..

തീക്കൊള്ളി കൊണ്ട് തല ചൊരിയരുത് എന്ന് മുദ്രാവാക്ക്യം വിളിച്ചവരെ ... ഏതെങ്കിലും കൊള്ളിവെച്ച് ഈ ഓടയൊന്നു കുത്തിത്തുറന്ന് ഞങ്ങളെ രക്ഷിക്കാമോ എന്ന് ചോദിക്കാനേ തത്കാലം നിർവാഹമുള്ളൂ..

ഇനി ഇത് കേവലം രാഷ്ട്രീയമാണെന്ന് വിമർശിക്കുന്നവരെ സവിനയം അനന്തപുരിയിലേക്ക് ക്ഷണിക്കുകയാണ് , ജീവൻ പണയം വെച്ചുള്ള ഒരു ജലയാത്രക്ക്.

Related Stories

No stories found.
logo
The Cue
www.thecue.in