'എന്റെ നന്ദി അറിയിക്കാൻ എനിക്ക് വാക്കുകളില്ല'; ഗരുഡന്റെ സംവിധായകന് കാർ സമ്മാനിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

'എന്റെ നന്ദി അറിയിക്കാൻ എനിക്ക് വാക്കുകളില്ല'; ഗരുഡന്റെ സംവിധായകന് കാർ സമ്മാനിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

'ഗരുഡൻ' എന്ന ചിത്രത്തിന്റെ വിജയത്തെ തുടർന്ന് സംവിധായകൻ അരുൺ വർമ്മയ്ക്ക് കാർ സമ്മാനമായി നൽകി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് ​ഗരുഡൻ. ഇരുപത് ലക്ഷം വില വരുന്ന കിയാ സെൽട്ടോസാണ് ലിസ്റ്റിൻ അരുണിന് സമ്മാനിച്ചിരിക്കുന്നത്. സംവിധായകൻ അരുൺ വർമ്മ തന്നെയാണ് കാറ് സമ്മാനമായി ലഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. നവംബർ മൂന്നിന് തിയറ്ററുകളിലെത്തിയ ​ഗരുഡൻ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രം നിർമിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ്.

എന്റെ പ്രിയ സുഹൃത്തും മികച്ച നിർമ്മാതാവുമായ ലിസ്റ്റിൻ സ്റ്റീഫന് ഒരുപാട് നന്ദി. എനിക്ക് എന്റെ നന്ദി പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഒരു കാറിനപ്പുറം, ഇത് നിങ്ങളിൽ നിന്ന് വളരെക്കാലത്തേക്ക് എനിക്ക് വിലമതിക്കാനാവുന്ന ഒരു അംഗീകാരമാണെന്നും എന്റെ സിനിമ കാണുകയും ഇതൊരു ബ്ലോക്ക്ബസ്റ്റർ ആക്കുകയും ചെയ്ത എല്ലാ പ്രേക്ഷകർക്കും, ​ഗരുഡൻ എന്ന ചിത്രത്തിന്റെ മുഴുവൻ ടീംമിനും താൻ നന്ദി പറയുന്നെന്നും അരുൺ വർമ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കാറിന്റെ ചിത്രത്തിനൊപ്പം കുറിച്ചു. 11 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തിയ ചിത്രമാണ് ​ഗരുഡൻ. ബിജു മേനോൻ അവതരിപ്പിക്കുന്ന നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെയും സുരേഷ് ഗോപിയുടെ ഹരീഷ് മാധവനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം അരങ്ങേറുന്നത്.

ചിത്രത്തിൽ സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്,മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയ്.

Related Stories

No stories found.
logo
The Cue
www.thecue.in