ലാഭവിഹിതം നൽകി കലാനിധി മാരൻ; ജയിലറിന്റെ വിജയത്തിൽ രജിനികാന്തിന് ചെക്ക് കെെമാറി സൺ പിക്ചേഴ്സ്

ലാഭവിഹിതം നൽകി കലാനിധി മാരൻ; ജയിലറിന്റെ വിജയത്തിൽ രജിനികാന്തിന് ചെക്ക് കെെമാറി സൺ പിക്ചേഴ്സ്

ആ​ഗോള ബോക്സ് ഓഫീസിൽ അഞ്ഞൂറ് കോടിയും കടന്ന് മുന്നേറിക്കൊണ്ടിരിക്കുന്ന ജയിലറിന്റെ ലാഭ വിഹിതം ​രജിനികാന്തിന് സമ്മാനിച്ച് ചിത്രത്തിന്റെ നിർമാതാവ് കലാനിധി മാരൻ. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് ​രജിനികാന്ത് നായകനായെത്തിയ ചിത്രമാണ് ജയിലർ. രജിനികാന്തിനെ അദ്ദേഹത്തിന്റെ പോയിസ് ​ഗാർഡനിലുള്ള വസതിയിലെത്തി നേരിട്ട് കണ്ടാണ് കലാനിധി മാരൻ ചെക്ക് കെെമാറിയത്. ചെക്ക് കെെമാറുന്നതിന്റെ ചിത്രങ്ങൾ സണ്‍ പിക്ചേഴ്സ് തന്നെ തങ്ങളുടെ ട്വിറ്ററിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രം ഓഗസ്റ്റ് 10 നാണ് തിയറ്ററുകളിൽ എത്തിയത്.

'ശ്രീ കലാനിധി മാരൻ സൂപ്പർ സ്റ്റാർ രജിനികാന്തിനെ കണ്ടു, ഒപ്പം ജയിലറിന്റെ ചരിത്രവിജയം ആഘോഷിക്കുന്ന ചെക്ക് കൈമാറി' എന്ന തലക്കെട്ടോടു കൂടിയാണ് സൺ പിക്ച്ചേഴ്സ് ട്വിറ്ററിൽ ചിത്രം പങ്കു വച്ചിരിക്കുന്നത്. റിലീസ് ചെയ്തു ഏഴ് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ 375 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയ ജയിലർ, തമിഴ് സിനിമ ചരിത്രത്തിൽ ആദ്യത്തെ ആഴ്ചയിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രം എന്ന ഖ്യാതി കൂടി സ്വന്തമാക്കിയിട്ടുണ്ട്.

ചിത്രത്തിൽ മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. വര്‍മന്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രമായി വിനായകനും ചിത്രത്തില്‍ ഉണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആറ് കോടിക്കടുത്താണ് കേരളത്തില്‍ നിന്ന് റിലീസ് ദിവസത്തില്‍ ജയിലര്‍ നേടിയത്. റിലീസ് ഡേയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടവും ജയിലര്‍ സ്വന്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in