'ഇതാണ് യങ്സ്റ്റേഴ്സിന്റെ സിനിമ, നസ്ലനെ നേരിട്ട് കണ്ട് അഭിനന്ദിക്കണം'; പ്രേമലു ഒരു മനോഹര ചിത്രമെന്ന് പ്രിയദർശൻ

'ഇതാണ് യങ്സ്റ്റേഴ്സിന്റെ സിനിമ, നസ്ലനെ നേരിട്ട് കണ്ട് അഭിനന്ദിക്കണം'; പ്രേമലു ഒരു മനോഹര ചിത്രമെന്ന് പ്രിയദർശൻ

തിയറ്ററുകളിൽ നിറഞ്ഞോടുന്ന ​ഗിരീഷ് എഡി ചിത്രം പ്രേമലുവിനെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. പുതിയ തലമുറയുടെ സിനിമ എന്ന് പറഞ്ഞാൽ അത് ഇതാണെന്നും സിനിമ തീർന്ന് പോയത് അറിഞ്ഞില്ല എന്നും പ്രിയദർശൻ പറയുന്നു. പ്രേമലു എന്ന ചിത്രം വളരെ ഫ്രഷായി തോന്നി, നസ്ലന്റെ പെർഫോമൻസ് വളരെ മികച്ചതായിരുന്നു, നസ്ലനെ നേരിട്ട് കണ്ട് അഭിനന്ദിക്കണം എന്നും പ്രിയദർശൻ പറ‍‍ഞ്ഞു. തിയറ്റർ റെസ്പോൺസ് എടുക്കാനെത്തിയ മാധ്യമങ്ങളോടായിരുന്നു പ്രിയദർശന്റെ പ്രതികരണം.

പ്രിയദർശൻ പറഞ്ഞത്:

സൂപ്പർ ഫിലിം. എന്റർടെയ്ൻമെന്റ് എന്ന് പറ‍ഞ്ഞാൽ ഇതാണ്. പിന്നെ രസമുള്ള ഒരു കാര്യം എന്താന്ന് വച്ചാൽ എല്ലാം ഫ്രഷായിട്ട് എത്തി. ഇതാണ് യങ്സ്റ്റേഴ്സിന്റെ സിനിമ എന്ന് പറയുന്നത്. നല്ല എന്റർടെയ്നർ, ആ പയ്യനെ എനിക്ക് വളരെ ഇഷ്ടമായി, മികച്ച പ്രകടനമായിരുന്നു അവന്റേത്. വ്യത്യസ്തമായ റിയലസ്റ്റിക്കായ തമാശകളാണ് ഇതിൽ. സിനിമ തീർന്നത് അറിഞ്ഞില്ല. ഭയങ്കര ഫ്രഷായിട്ട് തോന്നി ഈ സിനിമ എന്നതാണ് സത്യം. നസ്ലന്റെ പെർഫോമൻസ് സൂപ്പർ. അവനെ ഒന്ന് കാണണം. കണ്ടിട്ട് ഒന്ന് കൺ​ഗ്രാജുലേറ്റ് ചെയ്യണം. ‍‍ഞങ്ങളുടെ കാലം ഒക്കെ കഴിഞ്ഞില്ലേ? ഇനി പുതിയ ആളുകൾ ഇതുപോലെയുള്ള നല്ല നല്ല സിനിമകൾ ഒക്കെ എടുക്കട്ടെ, ഇനി സിനിമ എടുക്കലല്ല ഞങ്ങളുടെ ജോലി, ഇനി ഞങ്ങളൊക്കെ ഇരുന്ന് കാണും. മനോഹരമായ ചിത്രം. വണ്ടർഫുൾ.

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നി ചിത്രങ്ങൾക്ക് ശേഷം ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. മമിത ബെെജു, നസ്ലൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക്ക് കോമഡി ഴോണറിലെത്തിയ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് പ്രേമലുവിന് ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in