'പ്രതിഭ ഒരിക്കലും മങ്ങില്ല,മോഹൻലാലിന്റെ കഴിവിനെ നിങ്ങൾ ശരിയായി ഉപയോഗിച്ചു'; ജീത്തു ജോസഫിന് അഭിനന്ദനവുമായി പ്രിയദർശൻ

'പ്രതിഭ ഒരിക്കലും മങ്ങില്ല,മോഹൻലാലിന്റെ കഴിവിനെ നിങ്ങൾ ശരിയായി ഉപയോഗിച്ചു'; ജീത്തു ജോസഫിന് അഭിനന്ദനവുമായി പ്രിയദർശൻ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായ നേരിനെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ. മോഹൻലാൽ എന്ന നടന്റെ കഴിവിനെ നിങ്ങൾ ശരിയായി ഉപയോ​ഗിച്ചു എന്നും അദ്ദേ​ഹത്തിന്റെ കഴിവിനെ എക്സ്പ്ലോർ ചെയ്തു എന്നും പറഞ്ഞ പ്രിയദർശൻ ചിത്രത്തിന്റെ വിജയത്തിന് ജീത്തുവിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിക്കുകയും ചെയ്തു. ദൃശ്യം 2, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു നേര്. കഴിഞ്ഞ ദിവസം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. മോഹൻലാലിന്റെ തിരിച്ചു വരവും അനശ്വര രാജന്റെ മികച്ച പ്രകടനവും ചിത്രത്തിന്റെ മികവായി സോഷ്യൽ മീ‍ഡിയയും പ്രേക്ഷകരും എടുത്തു പറയുന്നുണ്ട്.

നേര് എന്ന ചിത്രത്തിന്റെ തിരക്കഥയുടെ ബ്രില്ലൻസ് തന്നെയാണ് നേരിലേക്ക് തന്നെ ആകർഷിച്ച ഘടകമെന്ന് മുമ്പ് മോഹൻലാൽ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു സത്യം തെളിയിക്കാൻ ഉള്ള ശ്രമമാണ് നേര്. എന്നാൽ അതത്ര എളുപ്പമല്ല കാരണം അത് കണ്ടുപിടിച്ചാൽ പോര തെളിയിക്കണം. അത് എങ്ങനെ തെളിയിക്കുന്നു എന്നത് സ്ക്രിപ്റ്റിന്റെ ബ്രില്ലൻസ് ആണെന്നും ചിത്രത്തിലെ തന്റെ കഥാപാത്രം ആത്മവിശ്വാസമില്ലാത്ത ഞാൻ ഈ കേസിൽ അപ്പിയർ ചെയ്യുന്നില്ല എന്ന് പറഞ്ഞു വരുന്ന ഒരാളാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

നേരിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചത്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രം കൂടിയാണിത്. നേര് ഒരു ത്രില്ലറല്ലെന്നും ഒരു സസ്‌പെൻസും ഇല്ലാത്ത ഒരു കോർട്ട് റൂം ഡ്രാമയാണെന്നും ജീത്തു ജോസഫ് മുമ്പേ പറഞ്ഞിരുന്നു. ചിത്രത്തിൽ അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. ​ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നേര്. സീക്കിങ് ജസ്റ്റിസ് എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ സംഗീതം വിഷ്ണു ശ്യാം ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in