'ഞാന്‍ ഒരു പിഴയും അടച്ചിട്ടില്ല' ; വ്യാജവാര്‍ത്തയില്‍ 'മറുനാടന്‍ മലയാളി'ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ്

'ഞാന്‍ ഒരു പിഴയും അടച്ചിട്ടില്ല' ; വ്യാജവാര്‍ത്തയില്‍ 'മറുനാടന്‍ മലയാളി'ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ്

എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടിക്ക് പിഴയായി 25 കോടിരൂപ അടച്ചുവെന്ന് കള്ളം പ്രചരിപ്പിച്ച മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍ പൃഥ്വിരാജ്. പിഴയടച്ചെന്നും പ്രൊപഗാന്റ സിനിമകള്‍ നിര്‍മിക്കുന്നുവെന്നും ആരോപിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അസത്യവും അധിക്ഷേപകരവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിനെതിരെ ശക്തമായ നിയമനടപടികള്‍ ആരംഭിക്കുകയാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

പൃഥ്വിരാജിന്റെ കുറിപ്പ്

വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു 'കള്ളം', വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

PS: ഇനിയും വ്യക്തത വേണ്ടവര്‍ക്ക്: ഞാന്‍ ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.

മലയാള സിനിമയില്‍ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വീട്ടിലെ റെയ്ഡിന് പിന്നാലെ ഒരു നിര്‍മാതാവിനെ കേന്ദ്ര ഏജന്‍സി കസ്റ്റഡിയിലെടുത്തതായും നടന്‍ പൃഥ്വിരാജ് പിഴയൊടുക്കി നടപടി ഒഴിവാക്കിയെന്നും കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ മലയാള സിനിമാ മേഖലയില്‍ വിദേശത്ത് നിന്ന് കള്ളപ്പണ നിക്ഷേപം വരുന്നതായുള്ള ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടപടികള്‍ ശക്തിയാക്കിയെന്നും നടന്‍ കൂടിയായ നിര്‍മാതാവ് 25 കോടി പിഴ അടച്ചുവെന്നുമുള്ള മലയാളമനോരമയിലെ റിപ്പോര്‍ട്ട് പൃഥ്വിരാജിനെക്കുറിച്ചാണെന്നും മറുനാടന്‍ വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പൃഥ്വിരാജ് നിയനടപടി സ്വീകരിക്കുന്നത്‌

Related Stories

No stories found.
logo
The Cue
www.thecue.in