ലൈക്ക പ്രൊഡക്ഷൻസ് നിർമ്മാണ പങ്കാളിത്തം നിർവഹിക്കുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ടീസർ ലോഞ്ച് ഞായറാഴ്ചയാണ് എറണാകുളത്ത് നടന്നത്. എന്നാൽ ലൈക്ക പ്രൊഡക്ഷൻസ് തന്നെ ആദ്യമായി സമീപിക്കുന്നത് എമ്പുരാന് വേണ്ടിയായിരുന്നില്ലെന്നും രജിനികാന്തിനെ നായകനാക്കി ഒരു സനിമയെടുക്കാൻ വേണ്ടിയായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. സംവിധാനത്തിൽ ഒരു തുടക്കക്കാരനായിരിക്കേ തനിക്ക് ലഭിച്ച ഏറ്റവും വലിയ അവസരമായിരുന്നു അതെന്നും എന്നാൽ താൻ ഒരു പാർട് ടൈം സംവിധായയകനായത് കൊണ്ട് ആ പ്രൊജക്ട് നടന്നില്ലെന്നും എമ്പുരാന്റെ ടീസർ ലോഞ്ചിൽ പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് പറഞ്ഞത്:
ലൈക്ക പ്രൊഡക്ഷൻസ് എന്നെ ആദ്യം സമീപിച്ചത് രജിനികാന്ത് സാറിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ വേണ്ടിയാണ്. എന്നെപ്പോലെ ഒരു പുതിയ സംവിധായകനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു അവസരമായിരുന്നു. ഞാൻ അദ്ദേഹത്തിനായി ഒരു കഥയുണ്ടാക്കാൻ സാധിക്കുമോയെന്ന് പരമാവധി ശ്രമിച്ചു. എന്നാൽ ലൈക്ക പ്രൊഡക്ഷൻസിന് ഒരു ടൈം ലൈൻ ഉണ്ടായിരുന്നു. ഒരു നിശ്ചിത സമയത്തിനുള്ളിൽ ആ പ്രൊജക്റ്റ് തുടങ്ങണമെന്ന് അവർക്കുണ്ടായിരുന്നു. പക്ഷേ ഞാനൊരു പാർട് ടൈം ഡയറക്ടർ ആയതിനാൽ എനിക്ക് അത് ചെയ്യാൻ സാധിച്ചില്ല.
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. കഴിഞ്ഞ ദിവസം പുറത്തു വന്ന ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ടീസർ. ചിത്രം 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും. 100 കോടിക്ക് മുകളിൽ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപി തന്നെയാണ്. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും പങ്കാളിത്തത്തോട് കൂടി നിർമ്മിക്കുന്ന ചിത്രമാണ് എമ്പുരാൻ. . കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള സ്റ്റീഫൻ നെടുമ്പള്ളി അബ്രാം ഖുറേഷിയെന്ന ആയുധ വ്യാപാരി കൂടിയായ അധോലോക നായകനാണെന്ന് സൂചന നൽകിയാണ് ലൂസിഫർ അവസാനിച്ചത്. ഇതിന്റെ കഥാതുടർച്ചയാണ് എമ്പുരാൻ. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. 2019 മാര്‍ച്ച് 19നാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച 'ലൂസിഫര്‍' തിയറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന സിനിമയായി മാറി. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ മഞ്ജു വാരിയർ, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, സായ് കുമാർ, കലാഭവൻ ഷാജോൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.