
മലയാളം സിനിമ ശ്രേഷ്ഠമാണ് എന്ന് പറയുന്നതിലൊന്നും താൻ വിശ്വസിക്കുന്നില്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. മികച്ച രീതിയിലാണ് ഇൻഡസ്ട്രി മുന്നോട്ട് പോകുന്നത് എന്ന് പറയുന്നതിൽ എനിക്ക് വിയോജിപ്പില്ല. എങ്ങനെയാണ് ഹിന്ദിയിൽ ഇത്രയും നല്ല സിനിമകൾ ഉണ്ടാകുന്നത് എന്ന് മലയാളത്തിലുള്ളവർ ആലോചിച്ച ഒരു സമയമുണ്ടായിരുന്നു. ഒരുപാട് കാലം മുൻപായിരുന്നില്ല ആ അവസ്ഥ. അനുരാഗ് കശ്യപും വിക്രമാദിത്യ മോട്വാനെയുമെല്ലാം എങ്ങനെയാണ് എഴുതുന്നത് എന്ന് ആലോചിച്ചിട്ടുണ്ട്. അതുകൊണ്ടൊക്കെ മലയാള സിനിമ ശ്രേഷ്ഠമാണെന്ന് കരുതുന്നില്ലെന്ന് ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. മോഹൻലാൽ ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിന്റെ ഫ്രാൻഞ്ചൈസിയിൽ ഉൾപ്പെടുന്ന ചിത്രമാണ് എമ്പുരാൻ.
പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത്:
മലയാളം ഇൻഡസ്ട്രിയിലുള്ള ഇതിഹാസങ്ങളായ അഭിനേതാക്കളെല്ലാം നിരന്തരം പറഞ്ഞുകൊണ്ടിരുന്നത് അവിടെയുണ്ടാകുന്നത് തിരക്കഥകളെക്കുറിച്ചാണ്. എല്ലാ കാര്യങ്ങളും ആശ്രയിച്ചിരുന്നത് തിരക്കഥയെ മുൻനിർത്തിയാണ്. മുൻപ് മറ്റൊരു ചോദ്യത്തിന് എന്റെ ഒരു മാധ്യമ സുഹൃത്തിനോട് പറഞ്ഞ മറുപടിയാണ് ഓർമ്മ വരുന്നത്. മലയാളം സിനിമ ശ്രേഷ്ഠമാണ് എന്ന് പറയുന്നതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. തീർച്ചയായും മികച്ച രീതിയിലാണ് ഇപ്പോൾ മലയാളം സിനിമ ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതിൽ എനിക്ക് വിയോജിപ്പില്ല. പക്ഷെ നല്ല സിനിമകൾ എല്ലായിടത്തും ഉണ്ടാകുന്നുണ്ട്.
എങ്ങനെയാണ് ഹിന്ദിയിൽ ഇത്രയും മികച്ച ചിത്രങ്ങളുണ്ടാക്കുന്നത് എന്ന് ഞങ്ങളും ആലോചിച്ച ഒരു സമയമുണ്ടായിരുന്നു. ആ അവസ്ഥ ഉണ്ടായിരുന്നത് ഒരുപാട് കാലം മുൻപല്ല. അനുരാഗ് കശ്യപും വിക്രമാദിത്യയുമെല്ലാം സിനിമയിൽ തരംഗം സൃഷ്ടിക്കുന്ന സമയത്ത് എങ്ങനെയാണ് അവരെക്കൊണ്ട് ഇങ്ങനെ എഴുതാൻ കഴിയുന്നത് എന്ന് ആലോചിച്ചിട്ടുണ്ട്. അതുകൊണ്ട് മലയാളം സിനിമ ശ്രേഷ്ഠമാണ് എന്നൊന്നും കരുതുന്നില്ല. ഇപ്പോൾ നന്നായി മുന്നോട്ടു പോകുന്നുണ്ട് എന്ന് മാത്രം.
സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തിയ ലൂസിഫർ വലിയ വിജയമായിരുന്നു. ലൂസിഫറിന്റെ തിരക്കഥയൊരുക്കിയ മുരളി ഗോപി തന്നെയാണ് എമ്പുരാന്റെ രചന നിർവഹിക്കുന്നത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുറത്തുവിട്ട ടീസറിനും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. സ്റ്റീഫൻ നെടുമ്പള്ളിയായി വീണ്ടും മോഹൻലാൽ എത്തുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തെ ഉറ്റു നോക്കുന്നതും.