'ബ്ലസിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ബ്ലസ്സിം​ഗ്, പെരിയോനേ ഗാനം കേട്ട് കണ്ണ് നിറഞ്ഞു'; ഏആർ റഹ്മാനെ അഭിമുഖം നടത്തി പൃഥ്വിരാജ്

'ബ്ലസിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ബ്ലസ്സിം​ഗ്, പെരിയോനേ ഗാനം കേട്ട് കണ്ണ് നിറഞ്ഞു'; ഏആർ റഹ്മാനെ അഭിമുഖം നടത്തി പൃഥ്വിരാജ്

ബ്ലസിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാ​ഗ്യമാണെന്ന് സം​ഗീത സംവിധായകൻ എആർ റഹ്മാൻ. ആടുജീവിതവുമായി ബന്ധപ്പെട്ട് അദ്ദേഹം ആദ്യമായി എന്നെ കാണാൻ എത്തുമ്പോൾ ജീവിതത്തിലെ ഏറ്റവും തിരക്ക് പിടിച്ച് സമയത്തായിരുന്നു താൻ എന്ന് റഹ്മാൻ പറയുന്നു. അദ്ദേഹം സംസാരിച്ച് തുടങ്ങിയ ഉടനെ ഇത് ചെയ്യാം എന്ന് താൻ സമ്മതിക്കുകയായിരുന്നു. അദ്ദേഹം വളരെ പതിയെ സംസാരിക്കുന്ന ആളാണ്. എന്റെ തലയിൽ ആയിരം കാര്യങ്ങൾ ഓടുകയാണ്. അദ്ദേഹം പതിയെ സംസാരിക്കുന്നത് കണ്ട് പെട്ടെന്ന് തന്നെ ഞാൻ പറഞ്ഞു ഇത് ഞാൻ ചെയ്യാമെന്ന്. പക്ഷേ ഇതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി അദ്ദേഹം വളരെ സീരിയസ്സായ മനുഷ്യനാണെന്ന്. അദ്ദേഹത്തിന്റ പതിനാല് വർഷത്തെ കാത്തിരിപ്പാണ് ഈ സിനിമ എന്ന പറഞ്ഞല്ലോ? അദ്ദേഹത്തെപ്പോലെയുള്ളവരാണ് നമ്മളെ കമ്മിറ്റമെന്റ് എന്താണെന്നത് വീണ്ടും ഓർമ്മിപ്പിക്കുന്നത് എന്ന് റഹ്മാൻ പറയുന്നു. ആടുജീവിതത്തിന്റെ ചിത്രീകരണ സമയത്ത് ജോര്‍ദാനില്‍ നേരിട്ട് എത്തിയ റഹ്‌മാന്‍ സിനിമ സെറ്റിൽ നിന്നും പൃഥ്വിരാജുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. പെരിയോനേ എന്ന ​ഗാനം ഷൂട്ടിം​ഗിനിടെ പ്ലേ ചെയ്ത സമയത്ത് അണിയറ പ്രവർത്തകരുടെയെല്ലാം കണ്ണ് ഒരുപോലെ നിറഞ്ഞെന്നും സം​ഗീതം കഥയെയും കലാകരന്റെ പ്രകടനത്തെയും എങ്ങനെയാണ് ബാധിക്കുന്നത് എന്ന വസ്തുത മാറ്റി നിർത്താൻ കഴിയില്ലെന്നും അഭിമുഖത്തിൽ നടൻ പൃഥ്വിരാജും പറഞ്ഞു

എആർ റഹ്മാൻ പറഞ്ഞത്:

ഞാൻ വളരെ ബിസിയായിരുന്നു. എന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ്, ഡയറക്ടിം​ഗ് തുടങ്ങി ഞാൻ കുറേ കാര്യങ്ങൾ ചെയ്യുകയായിരുന്നു. അതിനിടെയിലാണ് അദ്ദേഹം വരുന്നത്. അദ്ദേഹം വളരെ പതിയെ സംസാരിക്കുന്ന ആളാണ്. എന്റെ തലയിൽ ആയിരം കാര്യങ്ങൾ ഓടുകയാണ്. അദ്ദേഹം പതിയെ സംസാരിക്കുന്നത് കണ്ട് പെട്ടെന്ന് തന്നെ ഞാൻ പറഞ്ഞു ഇത് ഞാൻ ചെയ്യാം എന്ന്. പക്ഷേ ഇതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി അദ്ദേഹം വളരെ സീരിയസ്സായ മനുഷ്യനാണ് എന്ന്. അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതം കലയ്ക്ക് വേണ്ടി സമർപ്പിച്ചിരിക്കുകയാണെന്ന്. ബ്ലസിയെ പോലെ ഒരാൾക്കൊപ്പം വർക്ക് ചെയ്യുക എന്നത് വളരെ ബ്ലെസ്സിം​ഗ് ആണ്. എന്താണ് കമ്മിന്റ്മെന്റ് എന്നത് അദ്ദേഹത്തെപ്പോലെയുള്ളവരാണ് നമ്മളെ വീണ്ടും ഓർമ്മിപ്പിക്കുന്നത്. നിങ്ങൾ പറഞ്ഞല്ലോ ഒരു മനുഷ്യന്റെ പതിനാല് വർഷത്തെ സ്വപ്നമാണ് ഈ സിനിമ എന്ന്. എന്റെ ജീവിതത്തിന്റെ ഇത്ര ഭാ​ഗത്തോളം ഞാൻ ഈ ഒരൊറ്റ കാര്യത്തിന് വേണ്ടി നൽകാം എന്ന അദ്ദേഹത്തിന്റെ ബോധ്യവും തയ്യാറെടുപ്പുകളും ഒരു അത്ഭുതകരമായ ക്രൂവിനെ മുന്നോട്ട് കൊണ്ടു പോകാനുള്ള അദ്ദേഹത്തിന്റെ കഴിവും കഥയ്ക്ക് മേലുള്ള അദ്ദേഹത്തിന്റെ വിശ്വാസവുമെല്ലാമാണ് ഈ പ്രൊജക്ടിനെ വിശ്വസിക്കാൻ ‍നമ്മളെ പ്രേരിപ്പിക്കുന്നത്.

പൃഥ്വിരാജ് പറഞ്ഞത്:

ഷൂട്ട് നടക്കുമ്പോൾ എല്ലാവരും ആ മൂഡിലേക്ക് വരാൻ വേണ്ടി ‍ഞങ്ങൾ 'പെരിയോനെ' എന്ന ​ഗാനത്തിന്റെ റഫ് ട്രാക്ക് ഇവിടെ പ്ലേ ചെയ്തു. എനിക്ക് തോന്നുന്നു ഷുട്ടിം​ഗ് സെറ്റിലുണ്ടായിരുന്ന ഏകദേശം എല്ലാവരുടെയും കണ്ണ് നിറഞ്ഞു. എനിക്കും കരച്ചിൽ വന്നു. ബ്ലസി വന്ന് എന്നോട് പറഞ്ഞു നീ കരയാൻ പാടില്ല എന്ന്, ഞാൻ ചോദിച്ചു നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന്. നിങ്ങൾ കരയാൻ പോലും പറ്റാത്തത്ര ഡിഹെെഡ്രേറ്റഡാണ് എന്ന് അദ്ദേഹം പറഞ്ഞു. മ്യൂസിക്ക് എന്താണ് ഒരു കഥയിൽ ചെയ്യുന്നത് എന്ന് അല്ലെങ്കിൽ ഒരു മ്യൂസിക് എങ്ങനെയാണ് ഒരാളുടെ പെർഫോമൻസിന്റെ ഏതെങ്കിലും ഒരു പോയിന്റിനെ സ്വാധീനിക്കുന്നത് എന്നത് മാറ്റിനിർത്താൻ കഴിയാത്ത കാര്യമാണ്.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 14 വർഷവും കോവിഡ് എന്ന പ്രതിസന്ധിയും താണ്ടിയാണ് ചിത്രം മാർച്ച് 28 ന് തിയറ്ററുകളിലെത്താൻ പോകുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in