
ലൂസിഫറിന് ബോളിവുഡിൽ ഒരു റീമേക്ക് സംഭവിച്ചാൽ ആരെയായിരിക്കും നായകനായി തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് മറുപടി നൽകി പൃഥ്വിരാജ് സുകുമാരൻ. ഹിന്ദി വേർഷനിൽ ഷാരൂഖ് ഖാനെയായിരിക്കും ലൂസിഫർ റീമേക്ക് ചെയ്‌താൽ തിരഞ്ഞെടുക്കുകയെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ബോളിവുഡ് നടൻ അമിതാഭ് ബച്ചനാണ് എന്നും നടൻ കൂട്ടിച്ചേർത്തു. ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. വിജയങ്ങളിൽ നിന്നും പരാജയങ്ങളിൽ നിന്നും അകലം പാലിക്കാനാണ് താൻ ശ്രമിക്കാറുള്ളതെന്നും വിജയമായാലും പരാജയമായാലും എമ്പുരാൻ റിലീസാകുന്ന മാർച്ച് 27 ന് ശേഷവും ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നും നടൻ കൂട്ടിച്ചേർത്തു.
പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത്:
വിജയങ്ങളെ സമീപിക്കുന്നത് പോലെ തന്നെയായിരിക്കും ഞാൻ പരാജയങ്ങളെയും എടുക്കുക. അവയിൽ നിന്ന് അകന്ന് നിൽക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. വിജയങ്ങളിൽ നിന്നും പരാജയങ്ങളിൽ നിന്നും തിരിഞ്ഞു നടക്കാനാണ് ഞാൻ താല്പര്യപെടുന്നത്. മാർച്ച് 27 ന് എന്ത് സംഭവിച്ചാലും മാർച്ച് 28 ൽ എനിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. നിങ്ങൾക്ക് വിജയങ്ങൾ കുറച്ചുകൂടെ ആഘോഷിച്ചു കൂടെ എന്ന് ഇടയ്ക്ക് എന്റെ ഭാര്യ എന്നോട് ചോദിക്കും. റിസൾട്ടിനേക്കാൾ ചെയ്തുകൊണ്ടിരിക്കുന്ന വർക്കിലാണ് ഞാൻ കൂടുതലും ആനന്ദം കണ്ടെത്തുന്നത്. ലൂസിഫറിന് ബോളിവുഡിൽ റീമേക്ക് സംഭവിച്ചാൽ നായകനായി തിരഞ്ഞെടുക്കുക ഷാരൂഖ് ഖാനെയായിരിക്കും. എന്നാൽ ഏറ്റവും ഇഷ്ടമുള്ള ബോളിവുഡ് നടൻ അമിതാഭ് ബച്ചനാണ്.
ജനുവരി 26 പുറത്തുവിട്ട എമ്പുരാന്റെ ടീസർ വലിയ രീതിയിലാണ് ശ്രദ്ധ നേടിയത്. കൊച്ചിയിൽ ആശിർവാദ് സിനിമാസിന്റെ 25ാം വാർഷിക ചടങ്ങിലാണ് എമ്പുരാൻ ടീസർ മമ്മൂട്ടി ലോഞ്ച് ചെയ്തത്. 2025 മാർച്ച് 27നാണ് എമ്പുരാൻ റിലീസ്. മോഹൻലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തിൽ ത്രൂ ഔട്ട് റോളിലുണ്ട്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കേരള രാഷ്ട്രീയത്തിലെ അതികായനായ ആൾ ഖുറേഷി അബ്രാം എന്ന അധോലോക നായകനായത് എങ്ങനെയെന്നതിലേക്ക് ചുരുൾ നിവർത്തുന്നതാണ് എമ്പുരാൻ. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തത്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ മൂന്നാം ഭാഗവും ഇതിന് പിന്നാലെയുണ്ടാകും. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.