

'കലണ്ടർ' എന്ന സിനിമയിലെ 'പച്ചവെള്ളം തച്ചിന് സോജപ്പൻ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ 4K പതിപ്പ് ഏതാനും ദിവസങ്ങൾക്ക് മുൻപ് യൂട്യൂബിലൂടെ റിലീസ് ചെയ്തിരുന്നു. പിന്നാലെ കലണ്ടർ സിനിമയും നടന്റെ കഥാപാത്രവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. ഇപ്പോഴിതാ ഈ ട്രോളുകളിൽ പ്രതികരിക്കുകയാണ് പൃഥ്വിരാജ്.
താനും സോജപ്പൻ ഫാൻ ആണെന്നും തന്നെയും ആ അസോസിയേഷനിലേക്ക് ചേർക്കൂ എന്നാണ് പൃഥ്വി തമാശരൂപേണ പറഞ്ഞത്. ക്യൂ സ്റ്റുഡിയോ നടത്തിയ ഇൻസ്റ്റഗ്രാം ലൈവിൽ സോജപ്പൻ്റെ ട്രോളിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ. 2009 ലായിരുന്നു കലണ്ടർ റിലീസ് ചെയ്തത്. നവ്യ നായർ, സറീന വഹാബ്, മുകേഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമയിൽ ഒരു കാമിയോ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്.
അതേസമയം പൃഥ്വിരാജിന്റെ പുതിയ ചിത്രമായ 'വിലായത്ത് ബുദ്ധ' ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോകൾക്ക് പിന്നാലെ സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജി ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.