സിനിമ തിയേറ്ററില്‍ പോയി കാണണം എന്ന തോന്നല്‍ ഉണ്ടാക്കേണ്ടത് പ്രേക്ഷകരുടെ ഉത്തരവാദിത്വമല്ല: പൃഥ്വിരാജ്

സിനിമ തിയേറ്ററില്‍ പോയി കാണണം എന്ന തോന്നല്‍ ഉണ്ടാക്കേണ്ടത് പ്രേക്ഷകരുടെ ഉത്തരവാദിത്വമല്ല: പൃഥ്വിരാജ്

സിനിമ തിയേറ്ററില്‍ പോയി കാണണം എന്ന തോന്നല്‍ ഉണ്ടാക്കേണ്ടത് സിനിമ കാണുന്ന പ്രേക്ഷകരുടെ ഉത്തരവാദിത്വമല്ലെന്ന് നടന്‍ പൃഥ്വിരാജ്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഈ സിനിമ എനിക്ക് തിയേറ്ററില്‍ പോയി കാണണം എന്ന് തോന്നിപ്പിക്കണം. അത് ബജറ്റ് കൊണ്ടോ സിനിമയുടെ വലിപ്പം കൊണ്ടോ തന്നെ തോന്നിപ്പിക്കണം എന്നില്ല. അത് സംവിധായകരുടെ ഉത്തരവാദിത്വമാണെന്നും പൃഥ്വിരാജ് ദ ക്യുവിനോട് പറഞ്ഞു.

കുറച്ച് ദിവസമായി മലയാള സിനിമ കാണാന്‍ തിയേറ്ററില്‍ ആളുകള്‍ എത്തുന്നില്ലെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതേ കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോളാണ് പൃഥ്വിരാജ് ഇത് പറഞ്ഞത്.

പൃഥ്വിരാജ് പറഞ്ഞത്:

ജനഗണമനയ്ക്ക് നല്ല കളക്ഷന്‍ വന്നിരുന്നു. അത് എങ്ങനെയാണ് വന്നത്. അതുകൊണ്ട് മലയാള സിനിമയ്ക്ക് തിയേറ്ററില്‍ ആളുകള്‍ കുറയുന്നു എന്നത് ജെനറലൈസ് ചെയ്ത് പറയുന്നത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ തരുണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ചിട്ടില്ല. പക്ഷെ തരുണ്‍ പറഞ്ഞതില്‍ ഒരു കാര്യമുണ്ട്. ഇന്നത്തെ കാലത്ത് പ്രേക്ഷകരുടെ ആസ്വാദന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. ഒരു സിനിമ ഇറങ്ങുന്നതിന് മുമ്പ് ഈ സിനിമ എനിക്ക് തിയേറ്ററില്‍ പോയി കാണണം എന്ന് പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിക്കേണ്ട ഉത്തരവാദിത്വം സംവിധായകനുണ്ട്. പണ്ടത്തെ പോലെ റിലീസിന് ശേഷം പ്രേക്ഷകര്‍ ആ സിനിമയെ കുറിച്ച് അറിഞ്ഞ് വരട്ടെ എന്ന് പറയാന്‍ കഴിയില്ല. കാരണം 4-3 ആഴ്ച്ചക്കുള്ളില്‍ സിനിമ ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമില്‍ വരും.

ഇപ്പോള്‍ ഒരു സിനിമ റിലീസ് ചെയ്ത് കുഴപ്പമില്ലാത്ത കളക്ഷനില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പത്ത് ദിവസം കഴിഞ്ഞാല്‍ ആ സിനിമയെ കുറിച്ച് ഒരു നല്ല അഭിപ്രായം എല്ലാ സ്ഥലത്തും എത്തിച്ച്, ഒരാള്‍ ആ സിനിമയെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ 'ഇത് എന്നാണ് ഇറങ്ങിയത്?', 'ഇത് ഒന്നാന്തി', 'അപ്പോള്‍ അടുത്തേന്റെ അടുത്ത ആഴ്ച്ച ഒടിടിയില്‍ കാണാം', എന്ന് വിചാരിക്കുന്ന ഒരു പ്രേക്ഷകനെ നമുക്ക് കുറ്റപ്പെടുത്താന്‍ കഴിയില്ല. അപ്പോള്‍ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഈ സിനിമ എനിക്ക് തിയേറ്ററില്‍ പോയി കാണണം എന്ന് തോന്നിപ്പിക്കണം. അത് ബജറ്റ് കൊണ്ടോ സിനിമയുടെ വലിപ്പം കൊണ്ടോ തന്നെ തോന്നിപ്പിക്കണം എന്നില്ല.

ഇപ്പോള്‍ എന്റെ തന്നെ മാനേജര്‍ ആയി ഹാരിസ് ദേശം നിര്‍മിച്ച ചിത്രമാണ് ജോ ആന്‍ഡ് ജോ. അത് തിയേറ്ററില്‍ സക്‌സസ്ഫുള്‍ ആയ ഒരു സിനിമയാണ്. ഇതില്‍ കണ്ടന്റും അത് എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അത് തീര്‍ച്ചയായും സംവിധായകരുടെ ഉത്തരവാദിത്വമാണ്. സിനിമ തിയേറ്ററില്‍ പോയി കാണണം എന്ന തോന്നല്‍ ഉണ്ടാക്കേണ്ടത് സിനിമ കാണുന്ന േ്രപക്ഷകരുടെ തന്നെ ഉത്തരവാദിത്വമാണെന്ന് നമ്മള്‍ ഇനി വിചാരിക്കാന്‍ പാടില്ല. അത് നമ്മുടെ ഉത്തരവാദിത്വമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in