
തന്റെ ശരിക്കുമുള്ള സ്വഭാവത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് മേനേ പ്യാർ കിയാ എന്ന സിനിമയിൽ ചെയ്യുന്നതെന്ന് നടി പ്രീതി മുകുന്ദൻ. തെലുങ്കിലും തമിഴിലും ഉൾപ്പടെ താൻ ചെയ്തിട്ടുള്ളതിൽ വച്ച് വളരെ വ്യത്യസ്തമായ കഥാപാത്രമാണ് സിനിമയിലേത്. മലയാള സിനിമയിൽ ജോലി ചെയ്യണം എന്നുള്ളത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു എന്നും പ്രീതി മുകുന്ദൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
പ്രീതി മുകുന്ദന്റെ വാക്കുകൾ
മലയാളം സിനിമയുടെ ഭാഗമാകണം എന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. പിന്നെ, മേനേ പ്യാർ കിയായിൽ ഞാൻ ഒരു തമിഴ് പെൺകുട്ടിയായി തന്നെയാണ് വേഷമിട്ടിരിക്കുന്നത്. കഥ നരേറ്റ് ചെയ്യുമ്പോൾ തന്നെ എനിക്ക് മനസിലായി, ഇതുവരെ ചെയ്ത റോളുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചെയ്യാൻ പോകുന്നതെന്ന്. അങ്ങനെയാണ് ഞാൻ ഇതിലേക്ക് ഇൻ ആകുന്നത്. സത്യം പറഞ്ഞാൽ, എനിക്കും ഞാൻ സിനിമയിൽ ചെയ്യുന്ന കഥാപാത്രവും തമ്മിൽ യാതൊരു ബന്ധവുമില്ല. അതാണ് എന്നെ കൂടുതൽ എക്സൈറ്റ് ചെയ്യിപ്പിച്ചത്. എന്റെ സ്വഭാവത്തിന്റെ നേരെ ഓപ്പോസിറ്റാണ് സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ സ്വഭാവം. മറ്റുള്ള കഥാപാത്രങ്ങളുടെ പ്രവർത്തികൾ കാരണം ബുദ്ധിമുട്ടിലാകുന്ന, വളരെ കോൺട്രാസ്റ്റിങ്ങായ കഥാപാത്രം. അതുകൊണ്ടാണ് ഇതായിരിക്കട്ടെ മലയാളത്തിലെ എന്റെ ആദ്യത്തെ സിനിമ എന്ന് തീരുമാനിച്ചത്. പ്രീതി മുകുന്ദൻ പറഞ്ഞു.
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിച്ച റൊമാന്റിക് കോമഡി ചിത്രം മന്ദാകിനിയ്ക്ക് ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന സിനിമയാണ് മേനേ പ്യാർ കിയാ. നവാഗതനായ ഫൈസൽ ഫസലുദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ.