എമ്പുരാനെ എന്ന ചിത്രത്തെ ആദ്യം അനുകൂലിച്ചവർ പിന്നീട് വിമർശിച്ചതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളായിരിക്കാം എന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ. അതിരുകൾ ഇല്ലാത്ത ആവിഷ്കര സ്വാതന്ത്ര്യമാണ് കലാകാരന്മാർക്ക് ആവശ്യമെന്നും അതിനുമേൽ കത്രിക വെക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ല എന്നും പ്രേംകുമാർ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
പ്രേംകുമാർ പറഞ്ഞത്:
കലാകാരന് കലാപ്രവർത്തകർക്ക് അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം വേണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അത് കലാകാരന്മാരുടെ അവകാശം തന്നെയാണ്. വ്യക്തിപരമായി സെൻസറിംഗ് സംവിധാനങ്ങളോട് അനുഭാവം ഉള്ള ആൾ അല്ല ഞാൻ. സെൻസർ ബോർഡിന്റെ രാഷ്ട്രീയം ഒക്കെ പൊതുസമൂഹത്തിന് അറിയാവുന്ന കാര്യം തന്നെയാണെല്ലോ? അവരുടെ നിർദ്ദേശങ്ങൾക്കെല്ലാം അനുസൃതമായിട്ട് ആണെല്ലോ എമ്പുരാൻ എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയത്. അങ്ങനെ അനുമതി കിട്ടി ഇവിടെ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമ ആ സിനിമയെ ഇന്ന് എതിർക്കുന്നവർ പോലും ആദ്യ കാലത്ത് ആ സിനിമ കണ്ട് അതിനെ അനുകൂലിച്ച് സംസാരിച്ചതാണ്. അത് നമ്മുടെ മുമ്പിൽ ഉണ്ടല്ലോ? പിന്നെ എന്താണ് പെട്ടെന്ന് ഒരു പ്രകോപനം അവർക്ക് ഉണ്ടായതെന്ന് അറിയില്ല. അതിനകത്ത് ചിലപ്പോൾ രാഷ്ട്രീയം ഉണ്ടാകും. അതിലേക്കൊന്നും ഞാൻ പോകുന്നില്ല. അസഹിഷ്ണുതയുള്ള സമൂഹമല്ല കേരളത്തിലുള്ളത്. ഈ പറയുന്ന സിനിമയുടെ തന്നെ സ്രാഷ്ടാവായ മുരളി ഗോപി അദ്ദേഹം മുമ്പ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ ചെയ്തിരുന്നു. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപരിഹസിച്ചു കൊണ്ടുള്ള സിനിമയായിരുന്നു. ആ സിനിമയെപ്പോലും സഹിഷ്ണുതയോടെ കണ്ട ഒരു സമൂഹമാണ് കേരളത്തിലുള്ളത്. അന്നാരും അത് റീസെൻസറിങ് ചെയ്യണമെന്നോ ചില വിവാദ ഭാഗങ്ങൾ ഒഴിവാക്കണമെന്നോ ആരും ആവശ്യപ്പെട്ടില്ല. പ്രസ്ഥാനങ്ങൾ പോലും ആ സിനിമയ്ക്ക് എതിരെ പ്രതികരിച്ചില്ല. അത് ആവിഷ്കാര സ്വാതന്ത്യമാണെന്ന രീതിയിൽ തന്നെയാണ് എല്ലാവരും സമീപിച്ചത്. മറ്റൊന്ന് എനിക്ക് പറയാനുള്ളത്, കല എന്നു പറയുന്നത് സമൂഹത്തിനെ മനുഷ്യരെ ഒരുമിപ്പിക്കുന്നതാകണം. ലോകത്തെ ഒരുമിപ്പിക്കുന്നതാവണം. അതൊരിക്കലും ഒരു ഭിന്നിപ്പിൻ്റെ തലത്തിലേക്ക് പോകരുത്. പകയുടെയും വെറുപ്പിന്റെയും പ്രചാരകരായി കലയും കലാ സൃഷ്ടികളും കലാപ്രവർത്തകരും മാറാൻ പാടില്ല എന്നു വിശ്വസിക്കുന്ന ആൾ കൂടിയാണ് ഞാൻ. ഔചിത്യം എന്ന് പറയുന്നത് കലാപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.