​'ഗോട്ടിൽ വിജയ്ക്കൊപ്പം ക്യാപ്റ്റൻ വിജയകാന്തും'; എ.ഐ സഹായത്തോടെ ക്യാപ്റ്റനെ പുനഃസൃഷ്ടിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഭാര്യ പ്രേമലത

​'ഗോട്ടിൽ വിജയ്ക്കൊപ്പം ക്യാപ്റ്റൻ വിജയകാന്തും'; എ.ഐ സഹായത്തോടെ ക്യാപ്റ്റനെ പുനഃസൃഷ്ടിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഭാര്യ പ്രേമലത

വിജയ്യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'. ചിത്രത്തിൽ അന്തരിച്ച ക്യാപ്റ്റൻ വിജയകാന്തിനെ എഐയുടെ സഹായത്തോടെ വീണ്ടും വെള്ളിത്തിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വിജയകാന്തിന്റെ ഭാര്യയും ഡി.എം.ഡി.കെ നേതാവുമായ പ്രേമലത പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രേമലത ഇക്കാര്യം വെളിപ്പെടുത്തിയത്. എ.ഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് വിജയകാന്തിനെ പുനഃസൃഷ്ടിക്കുന്ന കാര്യത്തേക്കുറിച്ച് സംവിധായകൻ വെങ്കട്ട് പ്രഭുവുമായി കുറച്ച് നാളുകളായി ചർച്ച നടക്കുന്നുണ്ട് എന്ന് പ്രേമലത പറഞ്ഞു. വിജയ്യെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത് ക്യാപ്റ്റനാണ്. അദ്ദേഹത്തിന് വിജയ്യോടുള്ള സ്നേഹം വച്ച് നോക്കുമ്പോൾ ഒരിക്കലും അദ്ദേഹം ഇതിനോട് എതിർപ്പ് പ്രകടിപ്പിക്കാൻ സാധ്യതയില്ലെന്നാണ് താൻ കരുതുന്നതെന്നും അഭിമുഖത്തിൽ പ്രേമലത പറഞ്ഞു.

പ്രേമലത പറഞ്ഞത്:

'ഗോട്ട്' എന്ന സിനിമയുടെ സംവിധായകൻ വെങ്കട്ട് പ്രഭു നാലഞ്ച് തവണ വീട്ടിൽ വരികയും ഷണ്മുഖപാണ്ഡ്യനുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഞാൻ ഇലക്ഷൻ പ്രചാരണത്തിന് ഇറങ്ങുന്ന സമയമായിരുന്നു അത്. എന്നെ നേരിട്ട് കാണണമെന്ന് ഷണ്മുഖപാണ്ഡ്യനോട് അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ പ്രചാരണത്തിനായി ചെന്നെെയിലേക്ക് പോയ സമയത്ത് അദ്ദേഹം അവിടെ വന്നിരുന്നു എന്നെ കാണാനായി. ​ഗോട്ട് എന്ന ചിത്രത്തിൽ എ.ഐ സഹായത്തോടെ ക്യാപ്റ്റനെ വെള്ളിത്തിരയിലേക്ക് തിരിച്ചുകൊണ്ടുവരാൻ അവർ എന്നോട് അനുവാദം ചോദിച്ചിരിക്കുകയാണ്. എന്നെ നേരിൽക്കാണണമെന്ന് വിജയ്യും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ക്യാപ്റ്റൻ ഇല്ല എന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇരുന്നാണ് ഞാൻ ആലോചിക്കുന്നത്. ക്യാപ്റ്റൻ‌ ഉണ്ടായിരുന്നെങ്കിൽ എന്ത് പറയുമായിരുന്നു. ക്യാപ്റ്റനാണ് വിജയ്യെ സിന്ദൂരപാണ്ഡി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത് എന്ന് എല്ലാവർക്കും അറിയാം. വിജയോടും പിതാവ് എസ്. എ. ചന്ദ്രശേഖറിനോടും ക്യാപ്റ്റന് വളരെ ഇഷ്ടമുണ്ടായിരുന്നു. 17 ചിത്രങ്ങളിലാണ് ചന്ദ്രശേഖറും വിജയകാന്തും ഒരുമിച്ച് ചെയ്തത്. ക്യാപ്റ്റനുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും അതിനോട് നോ പറയില്ല. ഞാനും ഇതുതന്നെയാണ് അവരോടുപറഞ്ഞത്.

എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രമാണ് ​ഗോട്ട്. മങ്കാത്ത, ഗോവ , സരോജ, ചെന്നൈ 600028, മാനാട് എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി ബാബു, വിടിവ ​ഗണേഷ്, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. 2003-ലെ പുതിയ ഗീതൈ എന്ന ചിത്രത്തിന് ശേഷം യുവനും വിജയ്യും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയും ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈമിനുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in