
സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിൻകൂട് ഷാപ്പ് നാളെ തിയേറ്ററുകളിൽ. ചിരിയും ത്രില്ലും നിറഞ്ഞ സിനിമയുടെ ട്രെയ്‌ലർ പ്രേക്ഷകർ ചർച്ച ചെയ്തിരുന്നു. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം. നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശ്രീരാജിന്റെ തൂമ്പ എന്ന ഷോർട്ട് ഫിലിം കണ്ടിട്ടാണ് സിനിമ ഉറപ്പിച്ചതെന്ന് നേരത്തെ ബേസിൽ ജോസഫ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'പ്രാവിൻകൂട് ഷാപ്പ്' ജനുവരി 16 നു തിയറ്ററുകളിലെത്തും.
യുവ സംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങളാണ് 'പ്രാവിൻകൂട് ഷാപ്പ്' സിനിമയിലുള്ളത്. താൻ അടുത്ത കാലത്ത് കേട്ട ഏറ്റവും മികച്ച ആൽബങ്ങളിൽ ഒന്നാണ് സിനിമയുടേതെന്ന് ബേസിൽ ജോസഫ് നേരത്ത പറഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയായ പ്രേമലുവിന്‍റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്‍റെ ഈ വർഷത്തെ ആദ്യ സിനിമയായാണ് ചിത്രമെത്തുന്നത്. ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചെത്ത് സോങ്ങ് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായം നേടുന്നുണ്ട്.
അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തരംഗമായി മാറിയ 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശ'ത്തിനു ശേഷം എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഗാനരചന: മുഹ്‍സിൻ പരാരി, പ്രൊഡക്ഷന്‍ ഡിസൈനർ: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, എആർഇ മാനേജർ: ബോണി ജോർജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പിആർഒ: ആതിര ദിൽജിത്ത്, എ.എസ് ദിനേശ്.