സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം
ഷറഫുദ്ദീൻ നായാകാനായ പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രം തിയറ്ററുകളിൽ കൂട്ടചിരി നിറച്ച് പ്രദർശനം തുടരുകയാണ്. അതീവ രസകരമായ ഇൻവെസ്റ്റിഗേഷൻ രംഗങ്ങളുമായി ചിത്രം ആഘോഷിക്കപ്പെടുമ്പോൾ, ഈ അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയ്നറിന്റെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുകയാണ് സിനിമയുടെ സംവിധായകൻ പ്രനീഷ് വിജയൻ.
വിജയത്തിന്റെ സന്തോഷം
ഈ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തു എന്ന് കാണുമ്പോൾ സന്തോഷം. ഞങ്ങൾ ഏറെ കഷ്ടപ്പെട്ട് ഒരുക്കിയ സിനിമ പ്രേക്ഷകർക്ക് വർക്ക് ആകുന്നു, കുട്ടികളും കുടുംബങ്ങളും തിയറ്ററുകളിൽ വന്നിരുന്ന് ചിരിക്കുന്നു, അതെല്ലാം കാണുമ്പോൾ സന്തോഷം.
'അന്വേഷണം' ആരംഭിച്ചത്...
നാല് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ഈ കഥയുടെ വർക്കുകൾ ആരംഭിച്ചത്. ഒരു പെറ്റിനെ കളഞ്ഞുപോകുന്നു എന്നതായിരുന്നു ഈ സിനിമയുടെ ഇനീഷ്യൽ ഐഡിയ. PET DETECTIVE എന്ന വാക്കിൽ നിന്നാണ് ഈ സിനിമയുടെ വൺലൈൻ ആരംഭിച്ചത്. പിന്നീട് അതിലേക്ക് കഥാപാത്രങ്ങളൊക്കെ വന്നു. കോമഡിയിലൂടെ ഈ കഥ എങ്ങനെ പറയാം എന്നുള്ള ആലോചനകൾ തുടങ്ങി. ഇതിനിടയിൽ ജയ് വിഷ്ണു എന്റെ കോ റൈറ്ററായി വന്നു. ഇനങ്ങനെയാണ് പ്രൈവറ്റ് ഡിറ്റക്ടീവിന്റെ യാത്ര ആരംഭിച്ചത്.
ഷറഫുദ്ദീൻ എന്ന നടനും നിർമ്മാതാവും
ഞാൻ ഷറഫുദ്ദീനും ഇതിന് മുൻപ് മറ്റൊരു പ്രൊജക്റ്റ് ആലോചിച്ചിരുന്നു. ആ സമയത്താണ് കോവിഡ് വരുന്നത്. അങ്ങനെ ആ പ്രൊജക്റ്റ് സ്റ്റക്കായി പോയി. അങ്ങനെ നിൽക്കുന്ന സമയത്ത് ഷറഫാണ് പെറ്റ് ഡിറ്റക്ടീവ് എന്ന വാക്ക് പറയുന്നത്. അദ്ദേഹത്തിന്റെയും എന്റെയും സുഹൃത്തായ ഒരു വ്യക്തിയുടെ പെറ്റിനെ കളഞ്ഞുപോവുകയും പിന്നീട് ആ പെറ്റിനെ തിരികെ ലഭിക്കുകയുമുണ്ടായി. വളർത്തുമൃഗങ്ങളെ നഷ്ടമായാൽ എന്ത് ചെയ്യും എന്ന ആലോചനയിൽ നിന്നാണ് ഈ ഐഡിയ വരുന്നത്. അതുപോലെ ഇത് ഒരു പെർഫോമൻസ് ഓറിയന്റഡ് സിനിമയാണ്. ഷറഫിന്റെ സ്ട്രോങ്ങ് സോൺ ആണല്ലോ കോമഡി എന്നത്. അത് മാക്സിമം യൂസ് ചെയ്യാൻ കഴിയും വിധമാണ് ഈ സിനിമയെ ഡിസൈൻ ചെയ്തതും.
ഷറഫുദ്ദീൻ എന്ന നടനും നിർമ്മാതാവും ഒരുപോലെ കൂൾ ആയിരുന്നു. ഒരു നടൻ തന്നെ നിർമ്മിക്കുക എന്നത് അത്ര ഈസി പ്രോസസ് അല്ലല്ലോ. എന്നാൽ അതൊന്നും ബാധിക്കും വിധമുള്ള വ്യക്തിയല്ല അദ്ദേഹം. നമുക്ക് ഒരു രംഗത്തിൽ ഇത്രയൊക്കെ സാധനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടാൽ അതിനെ കൂടുതൽ വലുതാക്കാൻ ഉള്ള സജഷൻസാണ് ഷറഫുദ്ദീൻ തന്നിരുന്നത്. അത് നമുക്ക് നൽകുന്ന എനർജി നിസ്സാരമല്ല. ഷറഫുദ്ദീൻ പ്രൊഡക്ഷൻസ് വരെ കൂൾ ആയ പ്രൊഡക്ഷൻ കമ്പനിയാണ്. ഭാവിയിലും അങ്ങനെ തന്നെ തുടരട്ടെ.
വിനയ് ഫോർട്ട് അല്ലാതെ മറ്റൊരു ഓപ്‌ഷനില്ല
വിനയ് ഫോർട്ട് വളരെ രസകരമായി പെർഫോം ചെയ്യുന്ന ആർട്ടിസ്റ്റാണ്. അദ്ദേഹം നമ്മളെ ഏറെ ട്രസ്റ്റ് ചെയ്യും. ഒരു രംഗം ചെയ്യുമ്പോൾ 'ഇത് എന്തിനാണ് ചെയ്യുന്നത്' എന്ന് അദ്ദേഹം ചോദിക്കില്ല. അതേസമയം ഒരു കഥാപാത്രത്തെ ജഡ്ജ് ചെയ്യാനുള്ള അസാമാന്യ കഴിവുമുണ്ട് അദ്ദേഹത്തിന്. ഈ കഥാപാത്രത്തിന് അദ്ദേഹത്തേക്കാൾ അനുയോജ്യനായ മറ്റൊരാളില്ല.
'സിഐഡി മൂസ', 'വെട്ടം' സിനിമകളുമായുള്ള താരതമ്യപ്പെടുത്തൽ
എല്ലാ മലയാളികളും ഏറെ ഇഷ്ടമുള്ള രണ്ടു സിനിമകളാണ് സിഐഡി മൂസയും വെട്ടവും. ആ സിനിമകളുമായി ഈ ചിത്രത്തെ താരതമ്യം ചെയ്യുന്നതിൽ പരം സന്തോഷം മറ്റെന്തുണ്ട്. പ്രിയദർശൻ സാറും ജോണി ആന്റണി ചേട്ടനും ചെയ്തുവെച്ചിരിക്കുന്ന ലെവലിൽ ഒരുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. നമ്മുടെ സിനിമയെ ആ ചിത്രങ്ങളുമായി താരതമ്യം ചെയ്യുക എന്നത് തന്നെ ഒരു ബഹുമതി പോലെയാണ് തോന്നുന്നത്.
ഫൺ ക്ലൈമാക്സ്
കുറച്ച് അധികം ദിവസം എടുത്ത് തന്നെയാണ് ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത്. മഹേഷ് മാത്യു മാസ്റ്ററായിരുന്നു ഈ സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ. അദ്ദേഹം കാന്താരയുടെ വർക്ക് കഴിഞ്ഞിട്ട് നേരെ വന്നു ചെയ്ത സീനനാണ് ഇത്. ആർട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യൻസിനെയും കൂട്ടായ പ്രയത്നം തന്നെയാണ് ക്ലൈമാക്സ് രംഗങ്ങൾക്ക് ചിരി കിട്ടുന്നതിന് കാരണവും.
ഈ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ മഴ വലിയൊരു പ്രശ്നമായിരുന്നു. ഇതൊരു chaos സീൻ ആണല്ലോ ഈ സീനിന്റെ continuity പിടിച്ച് പോവുക എന്നത് ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ്. അത്തരം ഏറെ പ്രതിസന്ധികൾ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും ചേർന്ന രസകരമായി തന്നെയാണ് ആ രംഗങ്ങൾ ഒരുക്കിയത്.
ക്ലിഷേ ബ്രേക്ക് ചെയ്യാൻ 'വണ്ടർ ലാ'യിൽ
ആദ്യം മുതൽ തന്നെ ക്ലൈമാക്സ് രംഗങ്ങൾ ഒരു അമ്യൂസ്മെന്റ് പാർക്കിൽ ചിത്രീകരിക്കണം എന്ന് പ്ലാൻ ചെയ്തിരുന്നു. ക്ലൈമാക്സ് രംഗങ്ങൾ അധികം സീരിയസ് ആയി പോകരുത്, കുട്ടികൾക്കും ഇഷ്ടപ്പെടും വിധം വേണം എന്ന് തീരുമാനിച്ചിരുന്നു. അതിന് ഏറ്റവും യോജ്യമായ സ്ഥലം എന്നത് വണ്ടർ ലാ തന്നെയായിരുന്നു. സാധാരണ ഗതിയിൽ ഇത്തരം സിനിമകളുടെ ക്ലൈമാക്സ് പോർഷൻസ് ഒരു ഗോഡൗണിലോ അതുപോലുള്ള ഡാർക്ക് ആയുള്ള സ്ഥലങ്ങളിലും ആയിരിക്കും ചിത്രീകരിക്കുക. ആ ക്ലിഷേ ബ്രേക്ക് ചെയ്യണമെന്നുണ്ടായിരുന്നു.
ടെക്‌നീഷ്യൻസാണ് ഈ സിനിമയുടെ ബാക്ക് ബോൺ
ഈ സിനിമയുടെ ടെക്‌നീഷ്യൻസ് എല്ലാവരും നമ്മുടെ ബാക്ക് ബോൺ പോലെയായിരുന്നു. അത്രത്തോളം അവർ ഈ സിനിമയ്ക്കൊപ്പം നിന്നിട്ടുണ്ട്. ഞാൻ മനസ്സിൽ കാണുന്നത് എന്തെന്ന് ആനന്ദ്.സി.ചന്ദ്രന് വ്യക്തമായി അറിയാം. അദ്ദേഹം അതിനനുസരിച്ച് വർക്ക് ചെയ്യും. അതുപോലെ ദൈർഘ്യം കൂടിയാൽ ആളുകളെ ബോർ അടിപ്പിക്കാൻ സാധ്യതയുള്ള സബ്ജെക്ട് ആണിത്. ഈ സിനിമയുടെ പേസ് കറക്ട് ചെയ്യുന്നതിൽ എഡിറ്റർ അഭിനവ് സുന്ദർ നായ്ക്കിന്റെ കോൺട്രിബ്യൂഷൻ ഭീകരമായിരുന്നു. വിഷ്ണു ഗോവിന്ദ്, ഡിനോ ശങ്കർ അങ്ങനെ എല്ലാ ടെക്‌നീഷ്യൻസിനും കൂടി അവകാശപ്പെട്ടതാണ് ഈ വിജയം.
പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്
സീക്വൽ സാദ്ധ്യതകൾ ആലോചനകളിലുണ്ട്. അത് സ്ക്രിപ്റ്റ് എഴുതുന്ന സമയം മുതൽ ആലോചനയിലുള്ള കാര്യമാണ്. രണ്ടു മൂന്ന് ദിവസമായി എല്ലാവരും എക്സൈറ്റഡാണ്. സീക്വൽ ഇപ്പോഴും ശക്തമായി തന്നെയുണ്ട്.