പാക്ക് അപ് വിളിച്ച് രാഹുൽ സദാശിവൻ, പ്രണവ് മോഹൻലാലിന്റെ ഹൊറർ ചിത്രം 'NSS2' ഷൂട്ടിം​ഗ് പൂർത്തിയായി

പാക്ക് അപ് വിളിച്ച് രാഹുൽ സദാശിവൻ, പ്രണവ് മോഹൻലാലിന്റെ ഹൊറർ ചിത്രം 'NSS2' ഷൂട്ടിം​ഗ് പൂർത്തിയായി
Published on

ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. NSS2 എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം ഹൊറർ ഴോണറിലാണ് ഒരുങ്ങുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് 40 ദിവസം കൊണ്ട് കൊച്ചിയിലാണ് പൂർത്തിയായത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാമത്തെ നിർമാണ ചിത്രമാണ് NSS2. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ഭ്രമയു​ഗമാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യത്തെ നിർമാണ ചിത്രം.

രാഹുൽ സദാശിവനുമായി വീണ്ടും ഒന്നിക്കുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്നും ഭ്രമയുഗത്തിന്റെ മികച്ച ടീമിനൊപ്പം ചേർന്ന് മറ്റൊരു അമ്പരപ്പിക്കുന്ന കഥക്ക് ജീവൻ പകരാനുള്ള ശ്രമത്തിലാണ് തങ്ങളെന്നുമാണ് നിർമാതാക്കളായ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചിത്രത്തെക്കുറിച്ച് മുൻപ് പറഞ്ഞത്. ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും ഒപ്പം പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ ചിത്രം അവതരിപ്പിക്കുമെന്നും ഇരുവരും കൂട്ടിച്ചേർത്തിരുന്നു. NSS2 എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലേക്ക് മറ്റൊരു അപൂർവ സിനിമാനുഭവം എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് ചിത്രത്തെക്കുറിച്ച് രാഹുൽ സദാശിവൻ മുൻ‌ പറഞ്ഞത്.

ഷെഹ്‌നാദ് ജലാൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഷഫീക് മുഹമ്മദ് അലി ആണ്. ജ്യോതിഷ് ശങ്കർ ആണ് സിനിമയുടെ ആർട്ട് വർക്കുകൾ ഒരുക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളുടെ വിവരങ്ങളോ ലൊക്കേഷനുകളോ ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്, സൗണ്ട് മിക്സിങ്- എം ആർ രാജകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി ജെ, സംഘട്ടനം- കലൈ കിങ്‌സൺ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, വിഎഫ്എക്സ്- ഡിജി ബ്രിക്സ് വിഎഫ്എക്സ്, ഡിഐ- രൻഗ്രേയ്സ് മീഡിയ, പബ്ലിസിറ്റി ഡിസൈനർ- എയിസ്തറ്റിക് കുഞ്ഞമ്മ, പിആർഒ- ശബരി.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം ആണ് പ്രണവ് മോഹൻലാൽ ഒടുവിൽ അഭിനയിച്ച ചിത്രം. ചിത്രത്തിലെ പ്രണവിന്‍റെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. കോടമ്പാക്കത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സിനിമാമോഹിയായ ചെറുപ്പക്കാരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് സിനിമയുടെ നിർമാണം നിർവഹിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in