
തന്റെ വ്യക്തിജീവിതത്തിലെയും അഭിനയജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെച്ച് നടൻ പ്രമോദ് വെളിയനാട്. കലയിലൂടെയാണ് തനിക്ക് ഒരു ജീവിതം കെട്ടിപ്പടുക്കാൻ സാധിച്ചത് എന്നും താൻ ഒരു പച്ചയായ മനുഷ്യനാണ് എന്നും പ്രമോദ് വെളിയനാട് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രമോദ് വെളിയനാടിന്റെ വാക്കുകൾ:
എന്റെ സംസാരത്തിൽ വൈകാരികതയോ ടെൻഷനോ വന്നിട്ടുണ്ടെങ്കിൽ അത് ഞാൻ കലാകാരൻ ആകുന്നതിനു മുൻപുള്ള ജീവിതത്തിലെ തിക്താനുഭവങ്ങൾ കൊണ്ടാണ്. ഇന്ന് എന്റെ ചിരിക്കോ പെർഫോമൻസിനോ ഭംഗിയുണ്ടെങ്കിൽ അത്രത്തോളം ആഴമുണ്ടായിരുന്നു എന്റെ വേദനകൾക്കും. അവിടെ നിന്നെല്ലാം ഉറുമ്പു ശേഖരിച്ചു വക്കുന്നത് പോലെ ഒന്നിന് പിറകെ ഒന്നായി കരിങ്കല്ലും എല്ലാം കൊണ്ട് ഉണ്ടാക്കി വെച്ചതാണ് ഇതെല്ലാം. എനിക്ക് സ്നേഹം അഭിനയിക്കാൻ അറിയില്ല. ഞാൻ ആക്ഷനും കട്ടിനും ഇടയ്ക്കും കർട്ടൻ ഉയരുമ്പോഴും മാത്രം അഭിനയിക്കുന്ന ആളാണ്. അല്ലാത്ത സമയങ്ങളിൽ പച്ചയായ മനുഷ്യനാണ്.
കുട്ടനാട്ടിൽ ഏറിയ പങ്കും ബാത്ത് റൂമുകൾ തോട്ടിലോട്ടായിരുന്നു. ഞാൻ എസ്എസ്എൽസി പഠിക്കുമ്പോഴും പ്രീഡിഗ്രി പഠിച്ചുകൊണ്ടിരിക്കുമ്പോഴും എല്ലാം അത് തന്നെയായിരുന്നു. അപ്പോൾ ഞാൻ മകനോട് എപ്പോഴും പറയാറുണ്ട് നിനക്ക് ഇപ്പോൾ പെട്ടന്ന് ബാത്ത് റൂമിൽ പോകണമെന്ന് തോന്നുമ്പോൾ വീട്ടിൽ തന്നെ അതിനുള്ള സൗകര്യമുണ്ട് എന്ന്. അച്ഛൻ അപ്പോൾ ഏതു സാഹചര്യത്തിലൂടെയോക്കെയാണ് കടന്നു പോയിട്ടുള്ളതെന്നുള്ള ചിന്ത വേണമെന്ന് ഞാൻ അവനെ ഓർമ്മിപ്പിക്കാറുണ്ട്. കല കൊണ്ടാണ് ഈ വീടും മറ്റെല്ലാ സുഖ സൗകര്യങ്ങളും ഉണ്ടാക്കിയെടുത്തത്. അതുകൊണ്ട് ഈ കല എന്ന് പറയുന്ന കാര്യത്തെ നമ്മൾ ഇപ്പോഴും കരുതണം, സ്നേഹിക്കണം, ഇഷ്ടപ്പെടണം ബഹുമാനിക്കണം. എങ്കിൽ അത് നമുക്ക് എന്തെങ്കിലുമൊക്കെ തിരിച്ചു തരും.
ഞാൻ ഒരുപാട് ജോലികൾ ചെയ്തു വന്നയാളാണ്. മേസ്തിരിപ്പണിയായിരുന്നു അഭിനയ ജീവിതത്തിലേക്ക് വരുന്നതിനു തൊട്ട് മുൻപുള്ള കാലങ്ങളിൽ ചെയ്തിരുന്നത്. അത് കൊണ്ട് എല്ലാത്തരം ആളുകളുമായി സഹകരിക്കുകയും അവരുടെ കൂടെ സന്തോഷത്തിൽ ഏർപ്പെടാറുമുണ്ട്. ശരിക്കും പാവമാണ്, പച്ചയാണ്. ദുഃഖങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ അധികവും അവഗണിക്കാറുണ്ട്. ഇരുപത്തിയെട്ടു വർഷത്തെ നാടകാധ്വാനം കൊണ്ട് ആളുകളെ സന്തോഷിപ്പിക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. എന്റെ ദുഖങ്ങളെ ഞാൻ എന്നിലേക്ക് മാത്രം വക്കാൻ ശ്രമിക്കും.