'മാപ്പ് മാത്രം പോര, കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണം'; മോദിയോട് പ്രകാശ് രാജ്

'മാപ്പ് മാത്രം പോര, കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണം'; മോദിയോട് പ്രകാശ് രാജ്

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നടന്‍ പ്രകാശ് രാജ്. മാപ്പ് പറയുന്നതിനൊപ്പം നിയമത്തിനെതിരെയുള്ള സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി. തെലങ്കാന മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍- നഗര വികസന വകുപ്പ് മന്ത്രി കെ.ടി. രാമറാവുവിന്റെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രകാശ് രാജ് ഇക്കാര്യം ഉന്നയിച്ചത്.

കര്‍ഷക സമരത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട 750 കര്‍ഷകര്‍ക്ക് തെലങ്കാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു കെ.ടി. രാമറാവുവിന്റെ ട്വീറ്റ്. കൊല്ലപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും അവരുടെമേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും ചന്ദ്രശേഖര റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും ട്വീറ്റില്‍ കെ.ടി. രാമറാവു അറിയിച്ചിരുന്നു.

ഈ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രകാശ് രാജ് പ്രധാനമന്ത്രി മാപ്പ് പറഞ്ഞാല്‍ മാത്രം പോരെന്ന് അഭിപ്രായപ്പെട്ടത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തുടക്കം മുതലെ വിമര്‍ശനം അറിയിച്ച വ്യക്തിയാണ് പ്രകാശ് രാജ്. ഡല്‍ഹിയില്‍ സമരം ആരംഭിച്ചത് മുതല്‍ പ്രകാശ് രാജ് കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതിന് മുമ്പും പ്രകാശ് രാജ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in