തിയറ്റര്‍ തുറന്നിട്ടും പടിക്ക് പുറത്താകാത്ത ഒടിടി; 2023-ന് കൈമാറുന്നതെന്ത്?

തിയറ്റര്‍ തുറന്നിട്ടും പടിക്ക് പുറത്താകാത്ത ഒടിടി; 2023-ന് കൈമാറുന്നതെന്ത്?

ആള്‍ക്കൂട്ടങ്ങളെ പേടിക്കാതെ, മാസ്‌ക് അഴിച്ചുവച്ച് സിനിമ കാണാന്‍ പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് മടങ്ങിയ വര്‍ഷമാണ് 2022. കൃത്യം ഒരു വര്‍ഷം പിന്നോട്ടുപോയാല്‍ 2021-ന്റെ അവസാനത്തില്‍ ഏതാണ്ട് ഇതേ സമയത്താണ് നിയന്ത്രണങ്ങളില്ലാത്ത ഒരു തിയറ്റര്‍ റിലീസിനുവേണ്ടി മലയാളം കാത്തിരുന്നത്. ഒടിടിയില്‍ നിന്ന് തിയറ്ററിലേക്കുള്ള ആ ഷിഫ്റ്റിന് 2021 -ന്റെ അവസാനത്തില്‍ തന്നെ തുടക്കമിട്ടെങ്കിലും, എല്ലാവരുടെയും കാത്തിരിപ്പ് 2022 ന് വേണ്ടിയായിരുന്നു. ആദ്യഘട്ടത്തില്‍ - ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ - ദീപിക പദുക്കോണിന്റെ ഗെഹരിയാന്‍ അടക്കമുള്ള ഒടിടി ഹിറ്റുകളുമായാണ് ബോളിവുഡ് മുന്നോട്ട് പോയതെങ്കില്‍, മലയാളത്തില്‍ 'ബാക്ക് ടു തിയേറ്റര്‍' ആയിരുന്നു ട്രെന്‍ഡ്.

സൂപ്പര്‍ ശരണ്യയില്‍ നിന്ന് തുടങ്ങി, ഹൃദയം, നെയ്യിറ്റാന്‍കര ഗോപന്റെ ആറാട്ട്, ഭീഷ്മപര്‍വ്വം, പട എന്നിങ്ങനെ തിയറ്ററുകള്‍ സജീവമായിരുന്ന ആ കാലത്ത്, മലയാളം പതിയെ ഒടിടിയെ സെക്കന്‍ഡറി വാച്ച് കാറ്റഗറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമായ ഭൂതകാലം, പൃഥ്വിരാജ് - മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി, ദുല്‍ഖറിന്റെ സല്യൂട്ട്, മഞ്ജു വാര്യരുടെ ലളിതം സുന്ദരം എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളും സമാന്തരമായി ഡയറക്ട് ഒടിടി റിലീസായി എത്തി. ഇതില്‍ 'ഭൂതകാലം' മികച്ച നിരൂപക ശ്രദ്ധ നേടുകയും 'ബ്രോ ഡാഡി' മോഹന്‍ലാല്‍ പൃഥ്വിരാജ് കോമ്പോയില്‍ പോപ്പുലറാവുകയുമുണ്ടായി. ഫെബ്രുവരിയില്‍ സോണി ലിവില്‍ റിലീസായ ആന്തോളജി ചിത്രം 'ഫ്രീഡം ഫെെറ്റ്' ഇക്കാലയളിവിലുണ്ടായ മറ്റൊരു പ്രധാനപ്പെട്ട ഒടിടി റിലീസാണ്.

അഞ്ച് ജീവിത സമരങ്ങളെ ദൃശ്യവത്കരിക്കുന്ന 'ഗീതു അണ്‍ചെയ്ന്‍ഡ്,' 'അസംഘടിതര്‍,' 'റേഷന്‍,' 'ഓള്‍ഡ് ഏജ് ഹോം,' 'പ്ര.തൂ.മു' തുടങ്ങിയ ചിത്രങ്ങളായിരുന്നു ഫ്രീഡം ഫെെറ്റിലുണ്ടായിരുന്നത്. ജിയോ ബേബിക്ക് പുറമെ, അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മസിലമണി, ഫ്രാന്‍സിസ് ലൂയിസ്, ജിതിന്‍ ഐസക് തോമസ് എന്നീ സംവിധായകര്‍ ഒന്നിച്ച ചിത്രം നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും പ്രശംസ പിടിച്ചുപറ്റിയിരുന്നു. 27-ാമത് അന്താരാഷ്ട്ര ചലചിത്ര മേളയില്‍ 'മലയാളം സിനിമ ടുഡേ' മത്സരവിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

അതേസമയം, വര്‍ഷത്തിന്റെ പകുതിയോടെ തിയറ്റര്‍ ഹിറ്റുകളുണ്ടാക്കുന്നതില്‍ മലയാളം ഒന്ന് പരുങ്ങുന്നതാണ് കണ്ടത്. റിലീസിന് മുന്‍പ് ചര്‍ച്ചയാവുകയും എന്നാല്‍ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്ന ഒരുനിര ചിത്രങ്ങള്‍ തിയേറ്ററില്‍ വന്നുപോയി. 'ജനഗണമ'ന പോലെ ഒന്നോ രണ്ടോ ചിത്രങ്ങളാണ് ഇക്കാലത്ത് ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചത്. ഇതോടെ, തിയറ്റര്‍ റിലീസില്‍ മികച്ച പ്രതികരണമുണ്ടാകാത്ത ചിത്രങ്ങള്‍ ഒടിടിയിലെത്താന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന നില രൂപപ്പെട്ടു. ഇതിനിടെ രണ്ട് പ്രസ്റ്റീജിയസ് പ്രോജക്ടുകള്‍ ഒടിടി ഡയറക്ട് റിലീസുകളായി എത്തിയിട്ടുണ്ട്. മമ്മൂട്ടി - രത്തീന ചിത്രം 'പുഴു', മോഹന്‍ലാല്‍ -ജിത്തു ജോസഫ് ചിത്രം 'ട്വല്‍ത്ത് മാന്‍'.

നെഗറ്റീവ് ഷേഡുള്ള മമ്മൂട്ടി കഥാപാത്രമെന്ന നിലയില്‍ റിലീസിന് മുന്‍പ് തന്നെ ചര്‍ച്ചകളിലിടം പിടിച്ച ചിത്രമായിരുന്നു 'പുഴു'. എന്നാല്‍ നേര്‍ക്കാഴ്ചയ്ക്ക് അപ്പുറം ചിത്രം മുന്നോട്ടുവച്ച രാഷ്ട്രീയമായിരുന്നു റിലീസിനുശേഷം രത്തീന ചിത്രവുമായി ബന്ധപ്പെട്ട സംവാദങ്ങളിലേക്ക് നയിച്ചത്. അതേസമയം, 'ദൃശ്യ'ത്തിന് ശേഷം ജിത്തു ജോസഫും മോഹന്‍ലാലുമൊന്നിക്കുന്നു എന്ന പ്രതീക്ഷയോടെ എത്തിയ 'ട്വില്‍ത്ത് മാന്‍' തീര്‍ത്തും നിരാശപ്പെടുത്തിയെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്.

തിയറ്ററില്‍ തുടര്‍പരാജയങ്ങളേറ്റുവാങ്ങിയ ബോളിവുഡ് ഒടിടിയില്‍ ആശ്രയം കണ്ടെത്തിയ കാലമാണ് ഇത്. തിയേറ്ററില്‍ പരാജയപ്പെട്ട വമ്പന്‍ ചിത്രങ്ങള്‍ക്ക് മറ്റൊരു അവസരം എന്ന നിലയില്‍ ഒടിടി റിലീസ് വിലയിരുത്തപ്പെട്ടു. തിയേറ്റര്‍ റിലീസും ഒടിടി റിലീസും തമ്മിലെ ഇടവേള മാസങ്ങളില്‍ നിന്ന് ആഴ്ചകളിലേക്ക് ചുരുങ്ങി. എന്നാല്‍ മലയാളത്തില്‍ നേരെ തിരിച്ചായിരുന്നു കാര്യങ്ങള്‍. താരതമ്യേനെ മെച്ചപ്പെട്ട പ്രകടനം മുന്നോട്ടുവച്ച മലയാള ചിത്രങ്ങള്‍ ഏകദേശം രണ്ട് മാസങ്ങളുടെ ഇടവേളയിലാണ് ഒടിടിയിലെത്തിയത്.

ജോഷി, ഷാജി കൈലാസ് ചിത്രങ്ങളായ പാപ്പനും, കടുവയും തിയേറ്റര്‍ കാഴ്ചയുടെ ആവേശം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയും, പിന്നാലെ എത്തിയ തല്ലുമാല, ന്നാ താന്‍ കേസ് കൊട് ചിത്രങ്ങള്‍ അതില്‍ വിജയം കണ്ടെത്തുകയും ചെയ്താണ് അടുത്ത ഘട്ടം. ഈ സമയത്തെ ശ്രദ്ധേയമായ ഒരു ഒടിടി റിലീസ് കൃഷാന്ദിന്റെ 'ആവാസവ്യൂഹ'മാണ്. മികച്ച ചിത്രത്തിനുള്ള 2021 -ലെ സംസ്ഥാന പുരസ്‌കാരം നേടിയ ചിത്രം, ഒടിടിയിലേക്ക് പ്രേക്ഷകന് തിരിഞ്ഞുനോക്കാനുള്ള ശക്തമായ ഒരവസരമായിരുന്നു. മജു സംവിധാനം ചെയ്ത 'അപ്പന്‍' എന്ന സിനിമയും ഇതോടൊപ്പം ചേര്‍ത്തുവയ്ക്കാവുന്നതാണ്. ബഹളങ്ങളുണ്ടാക്കാതെ വന്ന് ഇംപാക്ട് ഉണ്ടാക്കി മടങ്ങിയ ഈ രണ്ട് ചിത്രങ്ങളാണ് 2022 ന്റെ ഒടിടി റിലീസുകളിലെ പ്രധാനികള്‍.

ഒടിടി - കൊവിഡാനന്തരം

കൊവിഡ് കാലത്തെ ബൂമിന് ശേഷം ഒടിടിയുടെ വളര്‍ച്ചയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് 2022 -ലാണ്. 'കംഫേര്‍ട്ട് + പ്രൈവസി + സെക്യൂരിറ്റി' വാഗ്ദാനമായിരുന്നു ഒടിടിയുടെ ആദ്യ ഘട്ടമെങ്കില്‍, അതിന്റെ തുടര്‍ച്ചയില്‍ രണ്ട് നിര്‍ണ്ണായക മാറ്റങ്ങളുണ്ടായി. അന്താരാഷ്ട്ര സിനിമാനുഭവങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ സാധാരണക്കാരനായ പ്രേക്ഷകന്റെ ആസ്വാദന നിലവാരമുയര്‍ത്തിയതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് - ബോളിവുഡിന് അപ്പുറമുള്ള ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്ര പ്രേക്ഷകന് പരിചയപ്പെടുത്തി എന്നതാണ്. മലയാളം ഉള്‍പ്പടെയുള്ള പ്രാദേശിക ഭാഷാ സിനിമകള്‍ ഗ്ലോബല്‍ ഓഡിയന്‍സിന് മുന്നിലെത്തിക്കുന്നതില്‍ ഒടിടി വിജയകരമായ പങ്കുവഹിച്ചു. ഈ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍, കണ്ടന്റ് ഡ്രിവനായ ഒരു പ്ലാറ്റ്ഫോമായി ഒടിടി വിലയിരുത്തപ്പെട്ടു. തിയറ്റര്‍ കാഴ്ചയുടെ തിരിച്ചുവരവിനെയും ഈ മാറ്റം ബാധിച്ചിട്ടുണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു 2022-ല്‍ ബോളിവുഡിനുണ്ടായ തകര്‍ച്ച.

മഹാമാരി വരുത്തിവച്ച നഷ്ടങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ വന്ന മാറ്റങ്ങളും ഇതോടൊപ്പം പരാമര്‍ശിക്കേണ്ടതുണ്ട്. ടിക്കറ്റ് വിലയിലുണ്ടായ വര്‍ദ്ധനവ്, ഓണ്‍ലൈന്‍ ബുക്കിംഗുകളുടെ ചൂഷണം എന്നിവയാണ് അതില്‍ പ്രേക്ഷകരെ നേരിട്ട് ബാധിച്ച രണ്ട് ഘടകങ്ങള്‍. ടിക്കറ്റ് ചാര്‍ജും അത് ബുക്ക് ചെയ്യുമ്പോഴുള്ള ബുക്‌മൈഷോ അടക്കമുള്ള സൈറ്റുകളുടെ ചാര്‍ജും നോക്കിയാല്‍ ഇതേ നിരക്കില്‍ ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്നുണ്ട്. സ്വാഭാവികമായും അതിന് ആനുപാതികമായ വളര്‍ച്ച ഒടിടിയിലേക്ക് മാറിയിട്ടുണ്ടെന്ന് കാണാം. 2018-ല്‍ 2,590 കോടിയുടെ വ്യവസായമായിരുന്ന ഒടിടി ഇന്‍ഡസ്ട്രി നാലു വര്‍ഷം കൊണ്ട് ഇരുപത് ശതമാനത്തിലധികം വളര്‍ച്ചയാണുണ്ടാക്കിയെന്നാണ് കണക്ക്. 2024-ലേക്ക് എത്തുമ്പോള്‍ ഏകദേശം 12,000 കോടി രൂപയുടെ വ്യവസായമായി ഒടിടി വളരുമെന്നും ഫോര്‍ബ്സ് അടക്കമുള്ള അന്താരാഷ്ട്ര മാസികകള്‍ വിശകലനം ചെയ്യുന്നു.

2023 അവസാനിക്കുമ്പോഴേക്കും ഇന്ത്യയിലെ ചെറു നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഒടിടിയുടെ വളര്‍ച്ച വ്യാപിക്കുമെന്നും കണക്കാക്കപ്പെടുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 30 ശതമാനമാണ് ഒടിടിയുടെ പ്രേക്ഷകര്‍. ഭൂരിഭാഗവും മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ നിന്നുമുള്ളവര്‍. അടുത്ത വര്‍ഷത്തോടെ ഈ നില പൊളിച്ചെഴുതാനാണ് ഒടിടി പ്ലാറ്റ്ഫോമുകള്‍ ലക്ഷ്യം വയ്ക്കുന്നത്. അതിനായി 2023-ല്‍ പ്രാദേശിക കണ്ടന്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന- പ്രയോഗിച്ച് വിജയിച്ച പദ്ധതി വിപുലീകരിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ മീഡിയ ആന്റ്ഡ് എന്റര്‍ടെയ്ന്‍മെന്റ് ഫെഡറേഷന്‍ മുന്നോട്ടുവയ്ക്കുന്ന റിപ്പോര്‍ട്ട് പ്രകാരം, 2024-ലേക്ക് എത്തുമ്പോള്‍ ഇന്ത്യയിലെ ഒടിടി കണ്ടന്റുകളുടെ 54 ശതമാനവും പ്രാദേശിക സിനിമകളോ സീരിസുകളോ ആയിരിക്കും.

ഈ ട്രെന്‍ഡിന് തുടക്കമിട്ട സോണി ലിവും, സീ 5 ഉം 2023 -ല്‍ ഒന്നിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ന്യൂസ്, സ്പോര്‍ട്സ്, എന്റര്‍ടെയ്ന്‍മെന്റ് ഉള്ളടക്കങ്ങള്‍ അടങ്ങുന്ന ഒരു മുഴുവന്‍ പാക്കേജായി വളരലാണ് ഈ മെര്‍ജറിന്റെ ഉദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ 2024 ന്റെ തുടക്കത്തോടെ, സോണി ലിവും സീ5 ഉം ചേര്‍ന്ന് 26.2 ദശലക്ഷം ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് ഫോര്‍ബ്സ് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. കൊവിഡിന്റെ ആദ്യ ഘട്ടത്തിലെ അപ്രമാധിത്വത്തില്‍ നെറ്റ്ഫ്ളിക്സും ആമസോണ്‍ പ്രൈമും പടിയിറങ്ങുന്നതിന് സമാന്തരമായാണ് ഈ വളര്‍ച്ച.

ഒറിജിനല്‍ കണ്ടന്റുകളുണ്ടാക്കുന്നതില്‍ പരാജയപ്പെട്ട രണ്ട് പ്രമുഖ പ്ലാറ്റ്ഫോമുകളും സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണത്തില്‍ വലിയ ഇടിവാണ് 2022-ല്‍ നേരിട്ടത്. നിലവില്‍ 50 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിനെയും 2023-ല്‍ കാത്തിരിക്കുന്നത് തകര്‍ച്ചയാണ്. ലൈവ് സ്പോര്‍ട്സ് സ്ട്രീമിംഗിലൂടെ അതിവേഗ വളര്‍ച്ച കൈവരിച്ച പ്ലാറ്റ്ഫോമിന് ഐപിഎല്‍ പ്രേക്ഷപണത്തിനുള്ള ഡിജിറ്റല്‍ അവകാശങ്ങള്‍ നഷ്ടപ്പെട്ടതാണ് ഇതിന് കാരണം. അടുത്ത വര്‍ഷത്തില്‍ ഇതിന്റെ ഫലമായി 30 മുതല്‍ 40 ശതമാനം വരെ സബ്സ്‌ക്രൈബേഴ്സിന്റെ ഇടിവാണ് ഹോട്ട്സ്റ്റാര്‍ മുന്നില്‍ കാണുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in