ജോജു ജോര്‍ജിന്റെ മൊഴിയെടുക്കും, കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കും; അന്വേഷണം കടുപ്പിച്ച് പൊലീസ്

ജോജു ജോര്‍ജിന്റെ മൊഴിയെടുക്കും, കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കും; അന്വേഷണം കടുപ്പിച്ച് പൊലീസ്

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ മൊഴിയെടുക്കും. ഇതിനായി ജോജുവിനെ പൊലീസ് വിളിച്ചുവരുത്തി. സംഭവം നടന്ന സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ആരൊക്കെ താരത്തെ ആക്രമിച്ചുവെന്ന് കണ്ടെത്താനാണിത്.

വഴിയതടയല്‍ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഴിതടഞ്ഞതിനും ജോജുവിന്റെ കാര്‍ തകര്‍ത്തതിനുമാണ് കേസ് എടുത്തിരിക്കുന്നത്. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിയടക്കമുള്ളവരാണ് കണ്ടാലറിയുന്നവരെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്നതിനാണ് ജോജുവിനെ വിളിച്ചുവരുത്തിയിരിക്കുന്നത്.

അതേസമയം വാഹനം തകര്‍ത്തിനെ തുടര്‍ന്ന് ആറ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് ജോജുവിന്റെ ആരോപണം. കാറിന്റെ പുറകിലെ ചില്ല് തല്ലിതകര്‍ത്തയാളെ അറിയാമെന്നും ജോജു പറഞ്ഞു. ജോജു അധിക്ഷേപിച്ചെന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് മരട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പരാതിയില്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

ജോജു മദ്യപിച്ച് അപമര്യാതയായി പെരുമാറിയെന്നാണ് വനിത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചത്. എന്നാല്‍ ഇന്നലെ നടത്തിയ വൈദ്യ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in