അവതാരകയെ അപമാനിച്ച കേസ് ; ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി

അവതാരകയെ അപമാനിച്ച കേസ് ; ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി

അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച കേസില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 509, 354 എ, 294ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് ചോദ്യം ചെയ്യലിന് ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ നടനെ വിട്ടയക്കും.

അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്ത ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷണല്‍ ഇന്റര്‍വ്യൂ എടുക്കുന്നതിനിടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇന്റര്‍വ്യൂ തുടരുന്നതിനിടെ ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് തെറി വിളിക്കുകയും അവതാരകയെയും, ഷൂട്ടിംഗ് ടീമിലുണ്ടായ പ്രൊഡ്യൂസറെയും അധിക്ഷേിപിച്ചെന്നുമാണ് പരാതി. വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിട്ടുണ്ട്.

പ്രകോപനം കൂടാതെ ആക്രോശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. ക്യാമറ ഓഫ് ചെയ്യാനും ആവശ്യപ്പെട്ടു. ഫണ്‍ ഇന്റര്‍വ്യൂ ആണ് സഹകരിക്കണം എന്ന് പ്രൊഡ്യൂസര്‍ പറഞ്ഞപ്പോള്‍ പ്രൊഡ്യൂസറെയും അസഭ്യം പറഞ്ഞതായി പരാതി നല്‍കിയ അവതാരക പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in