ചിത്രത്തെ കുറിച്ചുള്ള തെറ്റായ പ്രചാരണം; വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ

ചിത്രത്തെ കുറിച്ചുള്ള തെറ്റായ പ്രചാരണം;  വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ

തീമിന് വിരുദ്ധമായി ചിത്രം പ്രചരിക്കുന്നതില്‍ പ്രതികരിച്ച് യുവാവ്. രണ്ട് ദിവസമായി ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രം താന്‍ മൂന്ന് വര്‍ഷം മുമ്പെടുത്തതാണെന്ന് ഫോട്ടോഗ്രാഫര്‍ റസാക്ക് അത്താനി പറഞ്ഞു. കൊവിഡ് സാഹചര്യമായോ ഓക്‌സിജന്‍ ക്ഷാമവുമായോ ചിത്രത്തിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘രണ്ടുദിവസമായി ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ടെന്ന തെറ്റിദ്ധാരണയില്‍ എയറില്‍ ആണ് എന്റെ ഈ ഫോട്ടോ. സത്യാവസ്ഥ, 3വര്‍ഷങ്ങള്‍ക്കു മുന്നേ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എന്റെ മനസിലുള്ള ആശയം ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പറ്റുമെന്ന വിശ്വാസത്തില്‍ എടുത്ത പിക് ആണ്. 3 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ഫോട്ടോ നിലവിലെ ഇന്ത്യയുടെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപെട്ടു എടുത്തതാണെന്ന രീതിയില്‍ പ്രചരിക്കുന്നത് കണ്ടു. അത് തികച്ചും വസ്തുതാ വിരുദ്ധമാണ്’, റസാക്ക് തന്‌റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തരിശായ ഒരു ഭൂമിയില്‍, ഓക്‌സിജന്‍ ട്യൂബ് മൂക്കില്‍ വെച്ചുകൊണ്ട് കിടക്കുന്ന ഒരു യുവാവ്. അയാളുടെ മുകളിലായി ഒരു ചെടി വളര്‍ന്ന് വരുന്നുണ്ട്. തെട്ടടുത്തായി മൂന്ന് ചളുങ്ങിയ പ്ലാസ്റ്റിക്ക് കുപ്പികള്‍. ഇതാണ് റസാക്ക് അത്താനി മൂന്ന് വര്‍ഷം മുമ്പ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വരച്ച ചിത്രം. റസാക്കിന്റെ സുഹൃത്തായ ഇര്‍ഷാദാണ് അതില്‍ മോഡലായിരിക്കുന്നത്.

ചിത്രത്തിന്റെ തീം ഓക്‌സിജന്‍ ക്ഷാമം അല്ലെന്ന് വക്തമാക്കിയ റസാക്ക് ഇതിനൊപ്പം പ്രചരിച്ചുകൊണ്ടിരിക്കുന്ന മറ്റ് ചിത്രങ്ങള്‍ താനെടുത്തതെല്ലെന്നും കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ഫോട്ടോഗ്രാഫറാണ് റസാക്ക് അത്താനി.

Related Stories

No stories found.
logo
The Cue
www.thecue.in