​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന പെരുമാനി മെയ് പത്തിന് തിയറ്ററുകളിലെത്തും. പെരുമാനി എഴുതുന്ന സമയത്ത് എങ്ങനെയാണ് ഒരു തിരക്കഥ എഴുതുക എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ എഴുതി വന്നപ്പോൾ നാനൂറ് പേജോളം ഉണ്ടായിരുന്നുവെന്നും മജു പറയുന്നു. എഴുപതോളം കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്. അത്രയും കഥാപാത്രങ്ങളെ ഫോളോ ചെയ്യുക സങ്കീർണമാണ് എന്നും ഇതൊരു സീരീസ് ആണെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു എന്നുമാണ് മജു ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

മജു പറഞ്ഞത്:

ഒരു ഗ്രാമത്തിന്റെ കഥ പറയുമ്പോൾ നമുക്കൊരുപാട് സ്‌പേസ് വേണം. ഇന്റെർവെല്ലിനോട് അടുക്കുമ്പോഴാണ് ഇതിലെ കഥാപാത്രങ്ങൾ എല്ലാവരെയും പരിചയപ്പെടുത്തി കഴിയുന്നത്. ദേശത്തിന്റെ കഥകളോ, ബഷീറിന്റെ കഥകളോ ഒക്കെ ഉള്ളിൽ ഇട്ടിട്ടാണ് ഇതിന് സ്ക്രീൻപ്ലേ എഴുതുന്നത്. അന്നെനിക്ക് തിരക്കഥയെഴുതാൻ അറിയില്ല. എഴുതി വന്നപ്പോൾ നാനൂറ് പേജുണ്ട്. ഞാനത് പിഎഫ് മാത്യൂസിനെ വായിച്ച് കേൾപ്പിച്ചു. മുഴുവൻ കേട്ടിട്ട് അദ്ദേഹം പറഞ്ഞു ഇതൊരു മനോഹരമായ നോവൽ ആണെന്ന്. പക്ഷെ തിരക്കഥയാകുമ്പോൾ അതിൽ മാറ്റങ്ങൾ വേണമെന്ന് പറഞ്ഞു. പിന്നീട് തിരക്കഥയെന്താണെന്ന് മനസ്സിലാക്കി വന്നപ്പോഴാണ് അത് ചെറുതാക്കുന്നത്. അപ്പൻ എളുപ്പമായിരുന്നു. അതിൽ കുറച്ചു കഥാപാത്രങ്ങളെ ഉണ്ടായിരുന്നുള്ളു. പെരുമാനിയിലേക്ക് വരുമ്പോൾ, ഒരുപാട് കഥാപാത്രങ്ങളുണ്ട്. എല്ലാവർക്കും കൃത്യമായ ഗ്രാഫ് ഇല്ലെങ്കിൽ ഇത് നിൽക്കില്ല. ഒരു ഗ്രാമത്തിലെ ഇത്രയും കഥാപാത്രങ്ങളിൽ ഇത് അപ്ലെ ചെയ്യുമ്പോൾ സങ്കീർണ്ണതകൾ ഉണ്ടാകും.

ഡയലോഗ് പറയുന്ന എഴുപതോളം കഥാപാത്രങ്ങളുണ്ട്. ഈ എഴുപത് പേരെ ഫോളോ ചെയ്യുമ്പോൾ ഉണ്ടാകുന്ന സങ്കീർണതകളുണ്ട്. ഇതൊരു സീരീസ് ആണെകിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. കാരണം അവിടെ ഡീറ്റൈലിംഗിനുള്ള സമയമുണ്ട്. സത്യത്തിൽ ഇതൊരു സീരീസ് ആക്കേണ്ടതായിരുന്നു. ഒരുപാട് കഥകളും ഉപകഥകളും കട്ട് ചെയ്ത് നീക്കിയിട്ട്, ക്രിസ്പ് ആക്കിയാണ് പെരുമാനിയിൽ കൊണ്ട് വന്നിരിക്കുന്നത്. നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കിയപ്പോൾ സങ്കടമുണ്ടായിരുന്നു.

പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഒരു കോമഡി ഡ്രാമയായിരിക്കും ചിത്രമെന്ന സൂചനയാണ് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ നൽകുന്നത്. 'അപ്പൻ' എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പെരുമാനിയുടെ തിരക്കഥ രചിച്ചിരിരിക്കുന്നതും മജു തന്നെയാണ്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in