'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് പെരുമാനി. കഥാപാത്രങ്ങളുടെ ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത പുലർത്തിയിരിക്കുകയാണ് പെരുമാനി. സിനിമ റിലീസിനോട് അടുക്കുന്ന അവസരത്തിൽ മൈക്ക് അനൗൺസ്മെന്റുമായി സണ്ണി വെയ്നും വിനയ് ഫോർട്ടും ലുക്ക്മാനും ജീപ്പിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലായികൊണ്ടിരിക്കുന്നത്. സംവിധായകൻ മജു നേതൃത്വം വഹിക്കുന്ന ഈ വിളമ്പരയാത്രയിൽ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും കൂടെയുണ്ട്. ചിത്രം മെയ് 10 ന് തിയറ്ററിലെത്തും.

"പെരുമാനി ​ഗ്രാമത്തിന്റെ പെരുമകൾ വിളിച്ചോതുന്ന 'പെരുമാനി' എന്ന ചലച്ചിത്രം മെയ് 10ന് നിങ്ങളുടെ തൊട്ടടുത്ത തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. വേറിട്ട കഥാസന്ദർഭങ്ങളും പുത്തൻ ദൃശ്യാവിഷ്കാരവും സമന്വൊയിപ്പിക്കുന്ന സിനിമ അനുഭവത്തിലേക്ക് എല്ലാവർക്കും സ്വാ​ഗതം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങൾ പോലെ ഒ വി വിജയന്റെ തസ്റാക്കിലെ മനുഷ്യരെ പോലെ പെരുമാനിയിലെ വിചിത്ര സ്വഭാവമുള്ള മനുഷ്യരുടെ ലോകമാണ് സ്ക്രീനുകളിലേക്കെത്തുന്നത്. മലയാള സിനിമയുടെ ആഴമുള്ള കഥാപാരമ്പര്യത്തിലേക്ക് നവ സിനിമയുടെ പുതിയ തലങ്ങളിലേക്കും കടന്ന് ചെല്ലുന്ന പെരുമാനിക്കാർ തീർച്ചയായും നിങ്ങൾക്ക് വ്യത്യസ്തമായ ആസ്വാധനമായിരിക്കും എന്നറിയിച്ചുകൊണ്ട് ഒരിക്കൽകൂടി നിങ്ങളുടെ തിയറ്ററുകളിൽ സീറ്റുറപ്പാക്കുക എന്നോർമ്മപ്പെടുത്തികൊണ്ട് വീണ്ടും ഏവർക്കും സ്വാ​ഗതം." എന്ന് വിളിച്ച് പറഞ്ഞുകൊണ്ടുള്ള വിളമ്പരയാത്രക്ക് സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

പെരുമാനി എന്ന ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുടെയും കഥയാണ് പ്രേക്ഷകർക്ക് മുന്നിൽ ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ഫാന്റസി ഡ്രാമ വിതരണത്തിനെത്തിക്കുന്നത് സെഞ്ച്വറി ഫിലിംസാണ്. അപ്പന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ്. മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in